ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 11, 2012


കോടിയേരിയുടെ നാട്ടിലെ
'ഭീകരവാദികള്‍'

സി. ദാവൂദ്
ആഭ്യന്തര വകുപ്പിന്റെ ചുമതല വി.എസ്. അച്യുതാനന്ദന് നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന് നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭാ രൂപവത്കരണ സമയത്ത് കേരളത്തില്‍ വലിയൊരു വിവാദം നടന്നിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് എഴുത്തുകാരനായ സക്കറിയ അന്ന് വ്യത്യസ്തമായൊരു അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. 'ആഭ്യന്തര വകുപ്പാണ് വകുപ്പുകളില്‍ കേമന്‍; നാടിന് ഏറ്റവും പ്രധാനമായിട്ടുള്ളത് എന്ന സങ്കല്‍പത്തില്‍നിന്നാണ് ഈ വിവാദങ്ങളുണ്ടാവുന്നത്. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും നിര്‍ണായകമായ വകുപ്പ് ശുചീകരണ വകുപ്പാണ്' എന്നതായിരുന്നു സക്കറിയയുടെ നിലപാട്. അതിനാല്‍, ഏറ്റവും കഴിവുള്ള മന്ത്രിയെ ആ വകുപ്പ് ഏല്‍പിക്കുക; നാടിനെ രക്ഷിക്കുക ^അദ്ദേഹം പറഞ്ഞു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേരളത്തില്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സക്കറിയയുടെ നിരീക്ഷണം കൂടുതല്‍ പ്രസക്തമാവുകയാണ്. തിരുവനന്തപുരത്തെ വിളപ്പില്‍ ശാല, എറണാകുളത്തെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, ഗുരുവായൂരിലെ ചക്കുംകണ്ടം, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്, കണ്ണൂരിലെ ചേലോറ, തലശേãരിയിലെ പെട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന സമരങ്ങളും വിവാദങ്ങളും മാത്രം പരിശോധിച്ചാല്‍ മനസ്സിലാവും എത്രമാത്രം തീക്ഷ്ണമാണ് ഈ വിഷയമെന്ന്. വളരെ ലളിതമായ, എന്നാല്‍ വളരെ നിര്‍ണായകമായ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം എത്രമാത്രം പരാജയമായിരുന്നുവെന്നാണ് ദീര്‍ഘമായി തുടരുന്ന ഈ സമരങ്ങള്‍ കാണിക്കുന്നത്.
കേരളത്തില്‍ ഇന്ന് നടക്കുന്ന 'മാലിന്യ'സമരങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായത് കണ്ണൂര്‍ ജില്ലയിലെ പുന്നോല്‍, പെട്ടിപ്പാലത്ത് 'പൊതുജനാരോഗ്യ സമിതി'യുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമാണ്. കഴിഞ്ഞ ഒക്ടോബര്‍ 31 മുതല്‍ പ്രദേശത്തെ സ്ത്രീകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ റോഡരികില്‍ കെട്ടിയുയര്‍ത്തിയ സമരപ്പന്തലിലാണ് കഴിഞ്ഞുകൂടുന്നത്. അവരുടെ തീറ്റയും കുടിയുമെല്ലാം അവിടെത്തന്നെ. തലശേãരി മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍, ന്യൂമാഹി പഞ്ചായത്തില്‍പെടുന്ന സ്ഥലമാണ് പെട്ടിപ്പാലം. മുനിസിപ്പാലിറ്റി മാലിന്യങ്ങള്‍ വര്‍ഷങ്ങളായി ഇവിടെയാണ് തള്ളുന്നത്. ദീര്‍ഘകാലം സമരം ചെയ്തിട്ടും നിരവധി കോടതി ഉത്തരവുകളുണ്ടായിട്ടും മാലിന്യം തള്ളുന്നത് നിര്‍ത്താന്‍ മുനിസിപ്പാലിറ്റി സന്നദ്ധമായില്ല. അതേത്തുടര്‍ന്ന് അന്തിമസമരം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പെട്ടിപ്പാലത്തുകാര്‍ ഇപ്പോള്‍ ജീവിതം സമരപ്പന്തലിലേക്ക് മാറ്റിയിരിക്കുന്നത്. 'അന്തിമ സമരം' ഔദ്യോഗികമായി ആരംഭിച്ച ഒക്ടോബര്‍ 31 മുതല്‍ അവിടേക്ക് മാലിന്യവണ്ടികള്‍ വരുന്നില്ല. സി.പി.എമ്മാണ് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഭരിക്കുന്നത്. മുനിസിപ്പാലിറ്റി പരിസരത്തെ പല ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ക്കും മാലിന്യം പേറാനുള്ള ചുമതല നല്‍കിയും തമിഴ്നാട്ടിലേക്കയച്ചും കടലില്‍ തള്ളിയുമൊക്കെയാണത്രെ ഇപ്പോള്‍ മുനിസിപ്പാലിറ്റി മാലിന്യം സംസ്കരിക്കുന്നത്.
പെട്ടിപ്പാലം സമരത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് പറയാനല്ല ഈ കുറിപ്പ്. മറിച്ച്, ആ സമരം ഉന്നയിക്കുന്ന രണ്ടു സുപ്രധാന വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ്. അതിലൊന്ന്, വെയ്സ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ നമ്മുടെ സംസ്ഥാനം ഇന്നും അതിന്റെ പ്രാഥമിക ചുവടുപോലും പിന്നിട്ടില്ല എന്നതാണ്. ആളുകള്‍ കൂടിയതും നഗരവത്കരണം ശക്തിപ്പെട്ടതുമാണ് മാലിന്യപ്രശ്നം നിയന്ത്രണാതീതമാകാന്‍ കാരണമെന്ന് ചിലരെങ്കിലും പറയും. പക്ഷേ, പെട്ടിപ്പാലം സമരസമിതിയുടെ ഒരു നോട്ടീസ് ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്. ഇതേ സ്ഥലത്ത് മുനിസിപ്പാലിറ്റി മാലിന്യം തള്ളി പ്രശ്നം സൃഷ്ടിക്കുന്നതിനെതിരെ പ്രദേശവാസികള്‍ രൂപവത്കരിച്ച 'ശുചീകരണ കമ്മിറ്റി' 1958 ജൂണ്‍ 27ന് 'തലശേãരി മുനിസിപ്പാലിറ്റിയുടെ അടിയന്തര ശ്രദ്ധക്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച നോട്ടീസ് ഇപ്പോള്‍ പൊതുജനാരോഗ്യ സമിതി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ശ്രദ്ധേയനായ ആരോഗ്യമന്ത്രിയായി പരിഗണിക്കപ്പെട്ടുപോരുന്ന എ.ആര്‍. മേനോനെപോലും ശുചീകരണ കമ്മിറ്റി ഈ പ്രശ്നത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പല രാജ്യങ്ങളും, ഇന്ത്യയിലെതന്നെ പല നഗരസഭകളും മാലിന്യത്തെ മികച്ച മൂല്യവര്‍ധിത വിഭവമാക്കി, മാലിന്യം എന്ന പ്രശ്നത്തെ വലിയൊരു സാധ്യതയാക്കി മാറ്റി വന്‍ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, അരനൂറ്റാണ്ട് പിന്നിട്ടിട്ടും പുരോഗമന കേരളത്തിന് ഈ വിഷയത്തില്‍ ഒരു ചുവടുപോലും മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. മാലിന്യത്തെ മികച്ച 'വിഭവ'മാക്കി കീശവീര്‍പ്പിക്കുന്ന ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാരാണ് ഇതിന്റെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി. കോടികളുടെ വൌച്ചറുകള്‍ എളുപ്പത്തില്‍ ഒപ്പിട്ടെടുക്കാനുള്ള വെള്ളാനത്തൊഴുത്താണ് സത്യത്തില്‍ മാലിന്യനിര്‍മാര്‍ജന മേഖല. മാലിന്യനിര്‍മാര്‍ജനം 'പഠിക്കാനെ'ന്ന പേരില്‍ കേരളത്തിലെ മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ മേധാവികള്‍ നടത്തിയ വിദേശയാത്രകളുടെ കണക്കെടുത്താല്‍ മാലിന്യം രാഷ്ട്രീയക്കാര്‍ക്ക് തുറന്നുകൊടുക്കുന്ന ഞെട്ടിക്കുന്ന 'സാധ്യതകള്‍' പുറത്തുവരും!
ജനകീയ വിഷയങ്ങളുയര്‍ത്തി നടത്തുന്ന ഇത്തരം സമരങ്ങളോട് ഇടതുപക്ഷം പൊതുവെയും സി.പി.എം വിശേഷിച്ചും സ്വീകരിക്കുന്ന സമീപനമാണ് രണ്ടാമത്തെ വിഷയം. മതമൌലികവാദികള്‍, ഭീകരവാദികള്‍, വര്‍ഗീയവാദികള്‍, അരാജകവാദികള്‍, വികസന വിരോധികള്‍, ഭൂമാഫിയകള്‍^ എല്ലാവരും ചേര്‍ന്ന് വിദേശഫണ്ട് പറ്റി മുനിസിപ്പാലിറ്റിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തകര്‍ക്കാന്‍ നടത്തുന്ന സമരമെന്നാണ് പെട്ടിപ്പാലം സമരത്തെക്കുറിച്ച് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നത്. (ഭാഗ്യം, അമേരിക്കന്‍ സി.ഐ.എ ഗൂഢാലോചന ഇതുവരെയും ആരോപിച്ചിട്ടില്ല!) കഴിഞ്ഞ ഡിസംബര്‍ 27ന് എല്‍.ഡി.എഫിന്റെ ബാനറില്‍ സമരത്തിനെതിരെ തലശേãരി നഗരത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ നടത്തിയ പ്രസംഗം ജനകീയസമരങ്ങളെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും സി.പി.എം എന്തുമാത്രം പരാജയമാണ് എന്നതിന്റെ നിദര്‍ശനമായിരുന്നു. കേട്ടുതഴമ്പിച്ച അരാജകവാദം, മതമൌലികവാദം, വിദേശ ഫണ്ട് തുടങ്ങിയ ആരോപണങ്ങള്‍ കൂടുതല്‍ ബോറന്‍ രൂപത്തില്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു ജയരാജന്‍. പെട്ടിപ്പാലം മാലിന്യനിക്ഷേപകേന്ദ്രത്തിന്റെ പരിസരവാദികള്‍ കൂടുതലും മുസ്ലിംകളാകയാല്‍, സ്വാഭാവികമായും പര്‍ദയിട്ട സ്ത്രീകളാണ് സമരത്തിന്റെ മുന്നണിയില്‍. 'പര്‍ദയിട്ട മതമൌലികവാദി സ്ത്രീകള്‍' നടത്തുന്ന സമരം എന്ന് പ്രചരിപ്പിച്ച് സമരത്തെ വര്‍ഗീയവത്കരിക്കാനുള്ള അളിഞ്ഞ നീക്കവും സമരക്കാര്‍ക്കുനേരെ മുനിസിപ്പാലിറ്റി നിവാസികളെ തിരിച്ചുവിടാനുള്ള നീക്കവും സി.പി.എം ആസൂത്രിതമായി നടത്തുന്നുണ്ട്. മാലിന്യത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ സമീപനമാണ് ജനകീയസമരത്തോട് ഒരു പുരോഗമന ഇടതുപക്ഷ പ്രസ്ഥാനം സ്വീകരിക്കുന്നത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി കോടിയേരി ബാലകൃഷ്ണനാണ് തലശേãരിയുടെ എം.എല്‍.എ. രസകരമായ കാര്യം, 1987ല്‍ മാലിന്യ നിക്ഷേപത്തിനെതിരെ പെട്ടിപ്പാലത്ത് നടന്ന സമരം ഉദ്ഘാടനം ചെയ്തത് ഇതേ കോടിയേരി തന്നെയായിരുന്നുവെന്നതാണ്! അന്ന് യു.ഡി.എഫിന്റെ കൈയിലായിരുന്നു മുനിസിപ്പാലിറ്റി ഭരണമെന്നുമാത്രം. കോടിയേരി ഉദ്ഘാടനം ചെയ്ത സമരം വിജയിപ്പിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ സാധിക്കാതെ വന്നപ്പോഴാണ് ജനങ്ങള്‍ക്ക് രാഷ്ട്രീയതീതമായി രംഗത്തിറങ്ങേണ്ടി വന്നത്. ഇന്ന് വര്‍ഗീയതയും ഭീകരവാദവും ആരോപിച്ച് സമരത്തെ തകര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്, അതേ കോടിയേരി തന്നെയും. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നാട്ടില്‍ മതഭീകരവാദികള്‍ക്ക് പകല്‍വെളിച്ചത്തില്‍ രണ്ടുമാസത്തിലേറെയായി പ്രത്യക്ഷ സമരം നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് വിശദീകരിക്കേണ്ട ചുമതലയും സി.പി.എമ്മിനുണ്ട്.
കക്ഷിരാഷ്ട്രീയത്തിന്റെ കൌശലങ്ങള്‍ക്കതീതമായി ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി രൂപപ്പെടുന്ന സമരങ്ങളാണ് പുതിയ കാലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയം. നവസാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന പദംതന്നെ രൂപപ്പെട്ടത് ഇത്തരം സമരങ്ങളിലൂടെയാണ്. ഈ നവജനാധിപത്യ, നവസാമൂഹിക മുന്നേറ്റങ്ങളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജനകീയ സമരങ്ങളുടെയും എതിര്‍പക്ഷത്ത് നിലയുറപ്പിക്കുന്ന അവസ്ഥ സി.പി.എമ്മിന് വന്നുപെട്ടത്. ചെങ്ങറ, മൂലമ്പിള്ളി, കിനാലൂര്‍, ഞെളിയന്‍പറമ്പ്, കാതിക്കുടം, വിളപ്പില്‍ശാല... എന്നുതുടങ്ങി കേരളത്തിലെ ശ്രദ്ധേയമായ ഏതാണ്ടെല്ലാ ജനകീയ/നവസാമൂഹിക സമരങ്ങളുടെയും നേര്‍ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച് ദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയാണ് സി.പി.എം. ഈ സമരങ്ങള്‍ക്കെല്ലാമെതിരെ സി.പി.എം ഉപയോഗിച്ച ആയുധങ്ങളാവട്ടെ മതഭീകരവാദം മുതല്‍ വിദേശഫണ്ട് വരെയുള്ള കാലാവധി കഴിഞ്ഞ ആരോപണങ്ങളും.
യഥാര്‍ഥത്തില്‍, ആശയപരമായും നൈതികമായും നവസാമൂഹിക സമരങ്ങളോടും പ്രസ്ഥാനങ്ങളോടും ഏറ്റവും ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുക ഇടതുപക്ഷത്തിനായിരുന്നു. എന്നാല്‍, കലശലായ ബുദ്ധിശൂന്യതയും കടുത്ത അസഹിഷ്ണുതയും നിമിത്തം ഈ സമരങ്ങളുമായി ആരോഗ്യകരമായ സംവാദം വികസിപ്പിക്കാന്‍പോലും അവര്‍ക്ക് കഴിയാതെപോയി. ഇത്തരം നവജനാധിപത്യ സമരങ്ങളോട് ആശയപരമായി ഒത്തുപോകാന്‍ കഴിയാതെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരാണ് കോണ്‍ഗ്രസും യു.ഡി.എഫും. കോണ്‍ഗ്രസ് കൊണ്ടുനടക്കുന്ന മുതലാളിത്ത വികസനമാതൃകയുടെ ഇരകളാണ് ഈ സമരങ്ങളെല്ലാം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്നാല്‍, സമരക്കാരുമായി മാന്യമായി ഇടപഴകാനും സംസാരിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് മൂലമ്പിള്ളിയിലും ചെങ്ങറയിലുമെല്ലാം ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും സ്കോറടിച്ചത്. കേരളത്തിലാകട്ടെ, പാര്‍ട്ടിയുടെ പിന്തുണയില്ലാഞ്ഞിട്ടും അച്യുതാനന്ദന്‍ എന്ന ജനകീയ നേതാവിനെ സാധ്യമാക്കിയത് ഇത്തരം സമരങ്ങളോട് പാര്‍ട്ടിക്കതീതമായിനിന്ന് അനുഭാവം പുലര്‍ത്തുന്നതായി നടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചതാണ്. പ്രാദേശികതലങ്ങളിലും സൂക്ഷ്മാര്‍ഥങ്ങളിലും രൂപപ്പെടുന്ന സമരങ്ങളാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയം. അത് മനസ്സിലാക്കുന്നത് പോകട്ടെ, അതിനെ അഭിസംബോധന ചെയ്യാന്‍പോലും കഴിയാതെ നേര്‍ എതിര്‍പക്ഷത്ത് നിലയുറപ്പിക്കേണ്ട അവസ്ഥ ഇടതുപക്ഷ പ്രസ്ഥാനത്തിന് വന്നുചേരുന്നത് വല്ലാത്തൊരു രാഷ്ട്രീയ ദുരന്തം തന്നെയാണ്.
Courtesy: Madhyamam-07-01-2011

സമരത്തെ പിന്തുണക്കുന്നത് നിറം നോക്കിയല്ല -ജമാഅത്തെ ഇസ്ലാമി

സമരത്തെ പിന്തുണക്കുന്നത്
നിറം നോക്കിയല്ല
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍:  സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകൊണ്ട് തലശേãരി നഗരസഭയുടെ ജനവിരുദ്ധ അതിക്രമങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ സാധ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയ നിറത്തെ നോക്കിയല്ല ബഹുജന സമരങ്ങളെ പിന്തുണക്കുന്നത്. പെട്ടിപ്പാലത്തും ചേലോറയിലും നടക്കുന്ന അതിജീവന സമരങ്ങളെ പ്രാകൃതമായി നേരിടുന്നവരെ  തുറന്നുകാണിക്കാനുള്ള ആശയശേഷി ജമാഅത്തെ ഇസ്ലാമിക്കുണ്ട്. കേരളീയ സമൂഹം അഗണ്യകോടിയിലേക്ക് തള്ളിയ പഴകിപ്പുളിച്ച ആരോപണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സി.പി.എമ്മിനെ ബാധിച്ച ആശയദാരിദ്യ്രത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.
ചര്‍ച്ചക്കു ക്ഷണിച്ച് പുന്നോലിലെ ജനങ്ങളെ നിരന്തരം വഞ്ചിച്ചവര്‍ക്കുമുന്നില്‍ പൊതുജനാരോഗ്യ സംരക്ഷണസമിതി വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതിനു പകരം ജമാഅത്തെ ഇസ്ലാമിയെ വേട്ടയാടി ശ്രദ്ധതിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍, സി. അബ്ദുന്നാസര്‍, കെ.പി. അബ്ദുല്‍ അസീസ്, സി.കെ. ജബ്ബാര്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

ചേലോറ സംഭവം; വ്യാപക പ്രതിഷേധം

 
 
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്
ചെയര്‍പേഴ്സനെതിരെ നരഹത്യക്ക് കേസെടുക്കണം-സോളിഡാരിറ്റി
കണ്ണൂര്‍:ചേലോറ സമരനേതാവ് കെ.കെ. മധുവിനെ മാലിന്യവാഹനം കയറ്റി കൊല്ലാനും സമരപ്പന്തല്‍ തകര്‍ക്കാനും ശ്രമിച്ചതില്‍ ചെയര്‍പേഴ്സനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ഓഫിസിലേക്ക് സോളിഡാരിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനകീയസമരത്തെ അടിച്ചൊതുക്കാനാണ് തീരുമാനമെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫൈസല്‍ വാരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ആഷിഖ് കാഞ്ഞിരോട്, ടി. അസീര്‍, എം.ബി. ഫൈസല്‍, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണം 
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ചേലോറയില്‍ നടന്നത് നീതീകരിക്കാന്‍ പറ്റാത്ത സംഭവമാണെന്നും ഇത്തരം പ്രവൃത്തി ജനാധിപത്യ സംവിധാനത്തിനുതകുന്നതല്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം അഭിപ്രായപ്പെട്ടു. സമരസ്ഥലത്ത് സമരക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലവും പങ്കെടുത്തു.
 ജമാഅത്തെ ഇസ്ലാമി അപലപിച്ചു
കണ്ണൂര്‍: സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സെക്രട്ടറി കളത്തില്‍ ബഷീര്‍ എന്നിവര്‍ അപലപിച്ചു. അക്രമത്തില്‍ പരിക്കേറ്റ് എ.കെ.ജി ആശുപത്രിയില്‍ കിടക്കുന്ന സമരസമിതി സെക്രട്ടറി മധുവിനെ ഇരുവരും സന്ദര്‍ശിച്ചു. ചേലോറ മാലിന്യവിരുദ്ധ സമരത്തിന് നേതാക്കള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിഷേധപ്രകടനം നടത്തി
 സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ പ്രതിഷേധപ്രകടനം നടത്തി. ഏച്ചുര്‍ ടൌണില്‍ നടന്ന പ്രകടനത്തിന് കെ.കെ. ഫൈസല്‍, സി.ടി. ശഫീഖ്, ബഷീര്‍ മുണ്ടേരി, സജീം കാഞ്ഞിരോട്, സി.ടി. അഷ്കര്‍, കെ.വി. അഷ്റഫ്, ഗഫൂര്‍ ചെമ്പിലോട് എന്നിവര്‍ നേതൃത്വം നല്‍കി.

ഇടിച്ച മാലിന്യവണ്ടി കസ്റ്റഡിയിലെടുക്കും വരെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

 
 
 ചേലോറയില്‍ സമരസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു
ഇടിച്ച മാലിന്യവണ്ടി കസ്റ്റഡിയിലെടുക്കും വരെ
നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച ലോറി കസ്റ്റഡിയിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉപരോധസമരം തുടങ്ങിയത്. ഉപരോധം കാരണം മേലേചൊവ്വ^മട്ടന്നൂര്‍^ഏച്ചൂര്‍^ചക്കരക്കല്ല് ഭാഗങ്ങളിലേക്ക് ഗതാഗതം നിലച്ചു.
യാത്രക്കാര്‍ വലഞ്ഞു. ഒടുവില്‍ വൈകീട്ട് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. കണ്ണൂര്‍ നഗരസഭാധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് നടപടി വൈകിയതിനാല്‍ ഉപരോധ സമരം 4.30 വരെ നീണ്ടു. നാട്ടുകാര്‍ ചെയര്‍പേഴ്സനെതിരെയും നഗരസഭയുടെ കൊള്ളരുതായ്മക്കെതിരെയും മുദ്രാവാക്യം മുഴക്കി.
ഉപരോധ സമരത്തില്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ നേതാക്കള്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. പുരുഷോത്തമന്‍, സമരനായിക പന്ന്യോട് ശ്യാമള, വെല്‍ഫെയര്‍ പാര്‍ട്ടിഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.എല്‍. അബ്ദുസ്സലാം, ചാലോടന്‍ രാജീവന്‍, ടി.എന്‍. രമ്യന്‍, കെ. ബുഷ്റ, രമേശന്‍ മാമ്പ, വാര്‍ഡ് മെംബര്‍ ബിന്ദു ജയരാജ്, കെ. പ്രദീപന്‍, വട്ടപ്പൊയില്‍ ജുമുഅത്ത് പള്ളി സെക്രട്ടറി അബൂബക്കര്‍, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് 4.30 ഓടെ സിറ്റി സി.ഐ സദാനന്ദന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരപ്പന്തലില്‍ ഇടിച്ചുകയറിയ വണ്ടി കസ്റ്റഡിയിലെടുത്തശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
നഗരസഭയുടെ നിരുത്തരവാദ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് മേലില്‍ ഒരുവിധ ചര്‍ച്ചക്കും സമരസമിതി തയാറല്ലെന്നും ഇത് ജനങ്ങളുടെ കുടിവെള്ളത്തിനുവേണ്ടിയുള്ള അന്തിമ സമരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ചേലോറ സമരപ്പന്തലിലേക്ക് കണ്ണൂര്‍ നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റി; സമരനേതാവിന് പരിക്ക്

 
ചേലോറ സമരപ്പന്തലിലേക്ക് ലോറി ഇടിച്ചുകയറ്റിയ നിലയില്‍. 
ചേലോറ സമരപ്പന്തലിലേക്ക് കണ്ണൂര്‍ നഗരസഭയുടെ
മാലിന്യവണ്ടി ഇടിച്ചുകയറ്റി; 
സമരനേതാവിന് പരിക്ക്

ചേലോറ ട്രഞ്ചിങ് മാലിന്യ വിരുദ്ധ സമരസമിതിയുടെ പന്തലിലേക്ക് പുലര്‍ച്ചെ കണ്ണൂര്‍ നഗരസഭയുടെ മാലിന്യലോറി ഇടിച്ചുകയറ്റി. പന്തലില്‍ ഉറങ്ങുകയായിരുന്ന സമര നേതാവിന് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാവും ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.കെ. മധു (51) വിനെ തോളെല്ല് പൊട്ടി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. പന്തലിലുണ്ടായിരുന്ന വി.വി. ബാബു, പി.വി. പ്രദീപന്‍ എന്നിവര്‍ പ്രാഥമിക  കര്‍മത്തിനായി പുറത്തുപോയതായിരുന്നു. നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുന്നതിനെതിരെ രണ്ടാഴ്ചയായി ഉപരോധസമരം നടന്നുവരുകയായിരുന്നു.
രണ്ടാഴ്ചയിലധികമായി നഗരസഭാ വളപ്പില്‍ കെട്ടിക്കിടക്കുന്ന മാലിന്യ വണ്ടികള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ഇരുട്ടിന്റെ മറവില്‍ ചേലോറയില്‍ തള്ളാന്‍  നഗരസഭ ശ്രമിക്കുന്നതായി സമരനേതാക്കള്‍ പറഞ്ഞു. ട്രഞ്ചിങ് ഗ്രൌണ്ടിന്റെ പ്രവേശ കവാടത്തിലായിരുന്നു സമരപ്പന്തല്‍.  വട്ടപ്പൊയില്‍ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി കണക്ഷന്‍ ഓഫാക്കി, മാലിന്യ വണ്ടിയുടെ ഹെഡ്ലൈറ്റണച്ചാണ് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭയുടെ പേരുള്ള കെ.എല്‍ 13/ഡബ്ല്യു 481 നമ്പര്‍ ലോറിയിലാണ് മാലിന്യമെത്തിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ മധുവിന് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച ഡ്രൈവറും മറ്റും പിന്നാലെ വന്ന ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നുവത്രെ.  സാധാരണ പുലര്‍ച്ചെ നാലര മണിക്ക് മാലിന്യം തള്ളാന്‍ വണ്ടി വരാറില്ല. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയാണ് മാലിന്യവണ്ടിചേലോറയില്‍ എത്താറ്. സമരകാലത്താകട്ടെ പൊലീസിന്റെ അകമ്പടിയോടുകൂടിയേ മാലിന്യവണ്ടി എത്താറുള്ളൂ. പന്തലിലേക്ക് വണ്ടിയിടിച്ച് കയറ്റിയതറിഞ്ഞ് ഏതാനും പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്തെത്തിയത്. സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച വണ്ടി റോഡ് ഉപരോധ സമരത്തെത്തുടര്‍ന്ന് വൈകീട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.   പതിറ്റാണ്ടുകളായി നടക്കുന്ന സമരത്തിനെതിരായ അതിക്രമം അവകാശ സമരങ്ങള്‍ നടത്തുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്കും സെക്രട്ടറിക്കുമെതിരെ കൊലപാതക  ശ്രമത്തിന് കേസെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പരിക്കേറ്റ കെ.കെ. മധു