നാം എങ്ങോട്ട് പോകണം
സ്വര്‍ഗസമാനമായ ഈ ഭൂമി നരകതുല്യമായി മാറി ജീവിതം അസഹനീയമായിക്കൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ, ആസന്ന നാളുകളിലല്ലെങ്കില്‍ വിദൂര ഭാവിയില്‍ ഈ സുന്ദരഗേഹം വിട്ട് മറ്റൊരിടത്തേക്ക് കുടിയേറാന്‍ മാനവകുലം നിര്‍ബന്ധിതമാകും. എന്തുകൊണ്ടെന്നല്ലേ, ആര്‍ത്തിയും ശത്രുതയും പകര്‍ച്ചവ്യാധി കണക്കെ ഒന്നാകെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍, എന്തെങ്കിലും ചെയ്തേ പറ്റൂ. വഴിപാടുപോലെ പറഞ്ഞുപോകുന്ന പാതിരാപ്രസംഗത്തിലെ വീരസ്യങ്ങളോ തെരഞ്ഞെടുപ്പു കാലത്തെ മൈതാന പ്രസംഗത്തിലെ വാചാടോപങ്ങളോ അല്ലിത്. മറിച്ച് വിശ്വവിഖ്യാതനായ ഒരു മഹാപ്രതിഭയുടെ മനനങ്ങള്‍ വാക്കുകളായി രൂപാന്തരം പ്രാപിച്ചത്. ജീവിച്ചിരിക്കുന്ന ഭൌതിക ശാസ്ത്രജ്ഞരില്‍ അതുല്യനും ആ രംഗത്തെ താത്ത്വികാചാര്യനുമായ സ്റ്റീഫന്‍ ഹോക്കിങ`് ലോകം ഇന്ന് അകപ്പെട്ട പ്രതിസന്ധിയുടെ ഒരു പരിച്ഛേദമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നതില്‍ സംശയമില്ല. ഈ നില തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിലല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ ഇവിടം വിട്ടോടിപ്പോകേണ്ടി വന്നില്ലെങ്കില്‍ മഹാഭാഗ്യം എന്നേ പറയാനുള്ളൂ. ഏതായാലും ഒരായിരം കൊല്ലത്തിനിപ്പുറം ഇത് നടന്നിരിക്കും എന്ന് തന്നെയാണ് ന്യായമായും അദ്ദേഹം ആശങ്കിക്കുന്നത്. അത്രമാത്രം അകല്‍ച്ചയും അധിനിവേശമോഹവും കൂടിക്കൂടി വരുന്നു. ഇതിന്റെ ഫലമായി നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും കൈയുംകണക്കുമില്ല. ആയുധപ്പന്തയവും യുദ്ധവെറിയും മാനവകുലത്തിന്റെ തന്നെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി പോലൊരു പ്രശ്നം ആവര്‍ത്തിക്കപ്പെടുകയും അത് ഏറ്റുമുട്ടലായി മാറുകയും ചെയ്താല്‍ അതോടെ തീര്‍ന്നു എല്ലാം എന്ന് അനുമാനിക്കാനാണ് നിലവിലെ സാഹചര്യവും കൈയിലിരിപ്പും അദ്ദേഹത്തെ പോലൊരു ക്രാന്തദര്‍ശിയെ പ്രേരിപ്പിക്കുന്നത്. ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഈ കൊടൂരത്തില്‍നിന്ന് കരകയറാന്‍ വ്യക്തമായ വഴി കാണിച്ചുതരുന്നുമുണ്ട് തികഞ്ഞ ശുഭാപ്തി വിശ്വാസക്കാരനായ ഹോക്കിങ്. കൂട്ടപ്പലായനം, മറ്റൊരു ഗ്രഹത്തിലേക്ക്! ചൊവ്വ തന്നെ അതിന് പറ്റിയ 'ഭൂമി'. എന്തുകൊണ്ടെന്നല്ലേ? വെള്ളം, ഓക്സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്നീ ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന വസ്തുക്കളും പുറമെ ധാരാളം ധാതുക്കളും നമ്മോട് ഏറ്റവും അടുത്തുകിടക്കുന്ന ഈ ഗ്രഹത്തില്‍ സുലഭമാണത്രെ. അതേസമയം, ശുക്രന്‍ തിളച്ചുമറിയുകയാണ്. 460 ഡിഗ്രി സെല്‍ഷ്യസാണ് ഊഷ്മാവ്. വെള്ളം തിളക്കാന്‍ ആവശ്യമായതിന്റെ നാലര ഇരിട്ടിയിലുമധികം. വ്യാഴത്തിനാകട്ടെ ഉറച്ചതും കട്ടിയുള്ളതുമായ ഉപരിതലമില്ല. ഒരു തരം ചതുപ്പുനിലമാണത്. ഇനി ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ കാര്യമെടുത്താലോ മരുഭൂസമാനവും വളരെ ചെറുതും. സൌരയൂഥത്തിനുമപ്പുറം വല്ല സ്ഥലത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഇപ്പോള്‍ അപ്രസക്തം. ഈ നിര്‍ദേശത്തെ വളരെ നല്ല ഒരു ആശയമായി ഭൌതിക ശാസ്ത്രലോകം വിലയിരുത്തവെ തന്നെ ഇതിന്റെ പ്രായോഗികതയില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കാണാം. ഭൂമിയിലെ ജീവിതം പ്രപഞ്ചത്തില്‍ മറ്റൊരിടത്ത് പറിച്ചുനടാനുള്ള അഭിനിവേശം യാഥാര്‍ഥ്യമാകുന്നത് കാണാന്‍ ഇന്നത്തെ അവസ്ഥയില്‍ ഈ തലമുറക്കോ അടുത്ത തലമുറക്കോ പറ്റില്ലെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്നാണ് ടൊറന്റോ സര്‍വകലാശാലയിലെ ഗോളശാസ്ത്ര വിഭാഗം മേധാവി പ്രഫസര്‍ റേ ജയവര്‍ധനെ പറയുന്നത്. കാരണം, പ്രകാശ വേഗത്തില്‍ സഞ്ചരിക്കാനായാല്‍ പോലും നമ്മോട് ഏറ്റവും അടുത്തുകിടക്കുന്ന ഗ്രഹത്തില്‍ എത്തണമെങ്കില്‍ തന്നെ സഹസ്രാബ്ദങ്ങളെടുക്കും. നാല് പ്രകാശ വര്‍ഷമാണ് ഭൂമിയും ആ ഗ്രഹവുമായുള്ള അകലം. സാങ്കേതിക വിദ്യ മാറുന്നതുവരെ കാത്തിരിക്കുക തന്നെ. എന്നാല്‍, ഇതിനേക്കാള്‍ പ്രായോഗികം ശൂന്യാകാശത്തിലേക്ക് ചേക്കേറുകയാണെന്ന് മറ്റു ചിലര്‍ ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കുന്നതും ശ്രദ്ധേയമാണ്. ഭാരം അനുഭവപ്പെടാത്ത അവിടെ 'ഒഴുകി നടക്കുന്ന' ജീവിതത്തെക്കുറിച്ചാണ് അവര്‍ വാചാലമാവുന്നത്. കെട്ടിടങ്ങള്‍ വേണ്ട റോഡുകള്‍ ആവശ്യമില്ല. ഇടക്ക് 'നേരെ നില്‍ക്കാനും' വിശ്രമിക്കാനുമുള്ള താവളങ്ങള്‍ ഒരുക്കിയാല്‍ മതിയത്രെ. ഇതിന്റെ സാധ്യതയെക്കുറിച്ച ഒരു 'ഡ്രസ് റിഹേഴ്സല്‍' നാസ മുന്‍കൈ എടുത്ത് നടത്തുകയുമുണ്ടായി. പക്ഷേ, ഇവിടെയും അവശേഷിക്കുന്നു മറുപടി കണ്ടെത്തേണ്ടിയിരിക്കുന്ന ഒരു ചോദ്യം. വെളിച്ചത്തിനും ഊര്‍ജത്തിനും സൂര്യനുചുറ്റും കറങ്ങിനടക്കാമെന്നുവെച്ചാല്‍ തന്നെ പശിയടക്കാനുള്ള അപ്പവും പാലും എവിടെ നിന്ന് കിട്ടുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ലെന്നാണ് ജയവര്‍ധനെ പറയുന്നത്.
ഭൂമിയല്ലാതൊരു ഗേഹം എന്ന ശാസ്ത്ര ലോകത്തിന്റെ സ്വപ്നത്തിന് നിറച്ചാര്‍ത്ത് പകരുന്ന നിര്‍ദേശങ്ങളാണിതൊക്കെയെങ്കിലും 'വഞ്ചി തിരുനക്കരെ വിടാന്‍' സമയമെടുക്കുമെന്നുതന്നെയാണ് മനസ്സിലാവുന്നത്.
എന്നുവെച്ച്, ആ വഴിക്കുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയുകയല്ല, മറിച്ച് അന്വേഷണങ്ങളും തീര്‍ഥയാത്രകളും അഭംഗുരം തുടരുക തന്നെയാണ് വേണ്ടത്. 'ഇച്ഛാശക്തിയുള്ളവന്റെ മുന്നില്‍ വഴി തുറന്നുകിടക്കുന്നു' എന്നാണല്ലോ ചൊല്ല്. പക്ഷേ, അതുവരെ എന്തു ചെയ്യും? കൊന്നും കൊലവിളിച്ചും കടിച്ചുകീറിയും കഴിയണമെന്നോ? നിഷ്കളങ്ക മനസ്സുകളില്‍ അസ്വസ്ഥതയുടെ തീക്കനല്‍ കോരിയിട്ട് ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനല്ല, മറിച്ച് സാമൂഹിക ജീവി എന്ന വിശേഷണം അന്വര്‍ഥമാക്കി ജീവിതം ആയാസരഹിതമാക്കാനാണ് സ്റ്റീഫന്‍ ഹോക്കിങ് തട്ടിയുണര്‍ത്തുന്നത്. അല്ലെങ്കിലും ഗുരുതരമായ രോഗം ശരീരത്തെ ഒന്നാകെ തളര്‍ത്തിയിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാത്ത മനസ്സും അനിതരസാധാരണ നിശ്ചയദാര്‍ഢ്യവുമായി ചിന്തയും പഠനവും ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുന്ന ആ വിശ്വപൌരനില്‍നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കാവതല്ലല്ലോ. ജീവിതത്തെക്കുറിച്ച ഒരു പുനര്‍വായനക്ക് വ്യക്തികളും സമൂഹവും സര്‍വോപരി അധീശത്വ ശക്തികളും തയാറാവാത്തിടത്തോളം ദിനോസറുകളുടെ പരിണാമഗുപ്തി മനുഷ്യരാശിക്കും വന്നുപെടും എന്നാണ് അവരീ പറഞ്ഞതിന്റെ പൊരുള്‍.
ശ്വസിക്കാനാവശ്യമായ ശുദ്ധവായു കിട്ടാതാവുന്നു, തണ്ണീര്‍ത്തടങ്ങള്‍ വറ്റി വരുന്നു, കൃഷിഭൂമി കുറഞ്ഞുവരുന്നു, വിളകള്‍ ആവശ്യത്തിന് കതിരണിയുന്നില്ല. ഇത്യാദി ഭൌതിക സാഹചര്യങ്ങളല്ല അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നത് എന്ന കാര്യം അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. മറിച്ച് പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ മാറാദീനമായി മാറിക്കഴിഞ്ഞു എന്നത് മനുഷ്യന്‍ എന്ന വിശേഷണത്തെ തന്നെ ചോദ്യംചെയ്യുന്നു. 'തന്നിലിളയത് തനിക്കിര' എന്ന വേട്ടമനഃസ്ഥിതിയില്‍നിന്ന് മോചിതനായി അന്യോന്യം തുണയും താങ്ങുമായി മാറുന്ന സാമൂഹികക്രമം പുലരുമ്പോഴേ ഹോക്കിങ് വിലപിക്കുന്ന നഷ്ടസ്വര്‍ഗം വീണ്ടെടുക്കാനാവൂ. ആയുധങ്ങളും അധിനിവേശ മോഹവും അത് സാധിതമാക്കുകയില്ല തന്നെ. ഇടുങ്ങിവരുന്നത് ഭൂമിയല്ല, മനസ്സാണ്്.
ഈ മനസ്സുമായി എങ്ങോട്ട് പോയാലും അവിടെല്ലാം നരകമായി മാറും. പങ്കുവെക്കാനും പൊറുക്കാനും കഴിയുന്ന മനസ്സ് തേടിയാവട്ടെ ആദ്യയാത്ര.
madhyamam 12-08-2010