ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 15, 2011

Pain and Palliative Chakkarakal

ഇന്ന് ചക്കരക്കല്ലില്‍ ഉദ്ഘാടനം ചെയ്യുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍.
ചക്കരക്കല്ലില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍
ഉദ്ഘാടനം ഇന്ന്
ചക്കരക്കല്ല്: ദീര്‍ഘകാലം മാറാരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ചക്കരക്കല്ലില്‍ സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ ശനിയാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രോഗംമൂലം ജീവിതം നരകതുല്യമായവര്‍ക്കും വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകറ്റപ്പെട്ടവര്‍ക്കും പുനരധിവാസവും സംരക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.
ട്രസ്റ്റിന്റെ കീഴില്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ പരിചരണത്തിന് മൂന്നുവര്‍ഷമായി നടന്നുവരുന്ന സാന്ത്വന പരിചരണത്തിന് ആസ്ഥാനമായാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലയില്‍ 21 പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയ്നിങ് ലഭിച്ച 31 ഡോക്ടര്‍മാരും 200ലധികം വളണ്ടിയര്‍മാരും ഈ രംഗത്ത് നിസ്വാര്‍ഥസേവനമനുഷ്ഠിക്കുന്നു. ഇതിന്റെ ഭാഗമായി സന്ദേശപ്രചാരണം, ബാനര്‍, സ്റ്റിക്കര്‍ പ്രദര്‍ശനം, കുടുംബസംഗമങ്ങള്‍ എന്നിവയും നടക്കുന്നു. അവശരായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കലാണ് ഈ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത്. ജില്ലയില്‍ 22ാമത്തെ സെന്ററാണ് ചക്കരക്കല്ലില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. പാലിയേറ്റിവ് പരിചരണം ട്രെയ്നിങ് ലഭിച്ച ഡോ. കെ.പി. അബ്ദുല്‍ ഗഫൂറിനാണ് പ്രധാന ചുമതല. ആഴ്ചയിലൊരിക്കല്‍ സൌജന്യ പരിശോധന, ആവശ്യമെങ്കില്‍ കിടത്തിച്ചികിത്സ, സൌജന്യ മരുന്നുവിതരണം, മറ്റു പരിചരണങ്ങള്‍ എന്നിവ സെന്ററില്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സൌജന്യ മരുന്നു വിതരണം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ബോധവത്കരണ സെമിനാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് നിര്‍വഹിക്കും. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍ അധ്യക്ഷത വഹിക്കും. പാലിയേറ്റിവ് കെയര്‍ ജില്ലാ സെക്രട്ടറി പി. നാരായണന്‍ സംബന്ധിക്കും.
സാന്ത്വന പരിചരണത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികളായ ഇ. അബ്ദുല്‍ സലാം, എം.കെ. നസീര്‍, കെ.കെ. ഫിറോസ്, നെസ്റ്റ് രവീന്ദ്രന്‍, എന്‍.സി. ജാഫര്‍ എന്നിവര്‍ പറഞ്ഞു.
Courtesy:Madhyamam/15-01-2011

SIO KANNUR AREA