ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 6, 2012

AL FALAH


ഗ്യാസ് പൈപ്പ്ലൈന്‍ അനുവദിക്കില്ല -വിക്ടിംസ് ഫോറം

ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍
അനുവദിക്കില്ല -വിക്ടിംസ് ഫോറം
കണ്ണൂര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചാല ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ വാതക പൈപ്പ്ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ  കൊണ്ടുപോകുന്നത് എന്ത് വിലകൊടുത്തും തടയും.
ചാല ദുരന്തത്തില്‍ 18 ടണ്‍ എല്‍.പി.ജിയാണ് കത്തിയത്. കിലോമീറ്ററുകള്‍ ദൂരത്തില്‍ നിരവധി വീടുകളും ജനങ്ങളുമാണ് ദുരന്തത്തിന് ഇരയായത്. 6000 ടണ്‍ വഹിക്കുന്ന ഗെയിലിന്‍െറ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചാല്‍ ഊഹിക്കാന്‍ പറ്റാത്ത ദുരന്തമാണുണ്ടാകുക.
കടന്നപ്പള്ളിയിലൂടെ പോകുന്ന വാതക പൈപ്പ്ലൈന്‍ പൊട്ടിയാല്‍ പരിയാരം മെഡിക്കല്‍ കോളജ് അടക്കം കത്തിനശിക്കും. മറ്റു സ്ഥലങ്ങളിലും വന്‍ ദുരന്തമാണ് ഉണ്ടാകുക. ഈസ്റ്റ് ഗോദാവരി, ഗോവ എന്നിവിടങ്ങളില്‍ ഗ്യാസ്പൈപ്പ്ലൈനില്‍ വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന അമേരിക്കയിലും ഗ്യാസ്പൈപ്പ്ലൈനുകളില്‍ 2010ല്‍ 583ഉം 2011ല്‍ 680ഉം വന്‍ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായി വന്‍ നാശമാണ് വിതച്ചത്. അമേരിക്കയില്‍ സാന്‍റിയാഗോയില്‍ മാത്രം 5000 കോടി ഡോളറാണ് നഷ്ടം.
അവിടെ സുരക്ഷാ ദൂരം 1200 മീറ്ററായിട്ടുപോലും വലിയ ദുരന്തമാണ് ഉണ്ടായത്. സുരക്ഷാ ദൂരം ഇവിടെ 650 മീറ്ററാണ്. 16 സംസ്ഥാനങ്ങളില്‍ എല്‍.എന്‍.ജി എത്തിച്ചു.
കേരളത്തിലെ  പ്രവര്‍ത്തനങ്ങള്‍ കുമ്പളയില്‍ തുടങ്ങിക്കഴിഞ്ഞു. 95 ശതമാനം വാണിജ്യ ആവശ്യത്തിനാണ് എല്‍.എന്‍.ജി കൊണ്ടുപോകുന്നത്. സ്ഥലം വിട്ടുകൊടുക്കുന്ന സ്ഥലമുടമകള്‍ക്ക് 10 ശതമാനം തുക മാത്രമാണ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. 10,000 കി.മീറ്ററില്‍ അഞ്ച് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഗെയില്‍ തന്നെ പറയുന്നു. അത് എവിടെയുമാകാം. 6000ത്തോളം ഏക്കര്‍ ഭൂമി പ്രത്യക്ഷത്തിലും പതിനായിരക്കണക്കിന് ഏക്കര്‍ പരോക്ഷമായും നഷ്ടപ്പെടും. ഇതോടെ കേരളത്തില്‍ പാടശേഖരങ്ങളുടെ ആയുസ്സ് ഒടുങ്ങും.
പാലക്കാട് ഫാന്‍റസി പാര്‍ക്കുമായി നടക്കുന്ന കേസുകളില്‍ ഗെയില്‍ കോടതിയില്‍ പറഞ്ഞത് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ളെന്നാണ്.
അനുമതി ലഭിക്കാതെയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ ജനമുന്നേറ്റം രൂപപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ എ. ഗോപാലന്‍, കണ്‍വീനര്‍ യു.കെ. സെയ്ദ്, പ്രേമന്‍ പാതിരിയാട്, രാമര്‍കുട്ടി, കെ.കെ. ജലേഷ് എന്നിവര്‍ പങ്കെടുത്തു.

കൂടങ്കുളം: സോളിഡാരിറ്റി വിഭവശേഖരണം നടത്തും

കൂടങ്കുളം: സോളിഡാരിറ്റി
വിഭവശേഖരണം നടത്തും

കോഴിക്കോട്: കൂടങ്കുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്കുവേണ്ടി സോളിഡാരിറ്റി വിഭവശേഖരണം നടത്തും. പൊലീസ് അതിക്രമങ്ങളെയും ഉപരോധത്തെയും തുടര്‍ന്ന് ഗ്രാമംവിട്ട കൂടങ്കുളത്തെ ജനങ്ങള്‍ ഇടിന്തകരൈയിലെയും കുത്തംകുളിയിലെയും സമരപ്പന്തലുകളിലാണ് കഴിയുന്നത്. കൂടങ്കുളത്തേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ പുന$സ്ഥാപിച്ചിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇടിന്തകരൈയിലെ സമരപ്പന്തലില്‍ മാത്രം 12,000ത്തോളം ആളുകള്‍ കഴിയുന്നുണ്ട്.
ഇവര്‍ക്കുള്ള ഭക്ഷണസാധനങ്ങളാണ്  സോളിഡാരിറ്റി എത്തിക്കുക. കൂടങ്കുളം സമരപ്പന്തല്‍ സന്ദര്‍ശിച്ച സോളിഡാരിറ്റി നേതാക്കളും കേരളത്തിലെ ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി നേതാക്കളും കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനേതാക്കളായ എസ്.പി. ഉദയകുമാര്‍, എന്‍. പുഷ്പരായന്‍, മുകിലന്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ 20ന് സംസ്ഥാന വ്യാപകമായി നടക്കുന്ന വിഭവ ശേഖരണത്തിന്‍െറ ഭാഗമായി ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.

പരസ്യസംവാദത്തിന് തയാറാവണം -സോളിഡാരിറ്റി

ബസ് ചാര്‍ജ് വര്‍ധന:
പരസ്യസംവാദത്തിന്
തയാറാവണം -സോളിഡാ
രിറ്റി
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ സംവാദത്തിന് തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. പെരുപ്പിച്ചുകാണിച്ച നഷ്ടക്കണക്ക് പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധനക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. മിനിമം ചാര്‍ജ് നിശ്ചയിച്ചതിലെയും ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെയും അപാകതകള്‍ മൂലം നിലവില്‍ അമിത ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ ബസ് ഉടമകളുമായും സര്‍ക്കാറുമായും സംവാദത്തിന് സോളിഡാരിറ്റി തയാറാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

കള്ള് നിരോധം: കാപട്യം അവസാനിപ്പിക്കണം

കള്ള് നിരോധം: കാപട്യം അവസാനിപ്പിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കള്ള് നിരോധിക്കുന്നതിലും പകല്‍സമയത്ത് മദ്യപാനം നിയന്ത്രിക്കുന്നതിലും സര്‍ക്കാറിന്‍െറ അഭിപ്രായം ആരാഞ്ഞ ഹൈകോടതി നിര്‍ദേശത്തിനെതിരെ, ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മന്ത്രിമാരും സമുദായ നേതാക്കളും സ്വീകരിക്കുന്ന സമീപനം കാപട്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു.
മദ്യത്തിനെതിരെ വലിയ വായില്‍ സംസാരിക്കുന്നവര്‍ കോടതി നിര്‍ദേശം അനുകൂലിക്കുകയാണ് വേണ്ടിയിരുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള നേതാക്കന്മാര്‍ കള്ളിനുവേണ്ടി നിലകൊള്ളുന്നത് ലജ്ജാകരമാണ്. ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്നത് നിരോധിക്കുകതന്നെ വേണം.
നിരോധത്തിന്‍െറ പ്രായോഗികതയെക്കുറിച്ച് മന്ത്രിമാര്‍ സംസാരിക്കുന്നത് അപഹാസ്യമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.