ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 1, 2012

PRABODHANAM WEEKLY

ദുരിതം വിതച്ച് മാലിന്യ നിക്ഷേപം

 ദുരിതം വിതച്ച് മാലിന്യ നിക്ഷേപം
കണ്ണൂര്‍: റോഡരികില്‍ വിദ്യാഭ്യാസ സമുച്ചയത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. കാഞ്ഞിരോട് മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കെ.എം.ജെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ മുന്നിലാണ് മാലിന്യ നിക്ഷേപം പതിവായിരിക്കുന്നത്.
മദ്റസയിലേക്കും തൊട്ടടുത്ത മുണ്ടേരി ഗവ. ഹൈസ്കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും മൂക്കുപൊത്തി പോകേണ്ട സാഹചര്യമാണുള്ളത്. അവധിദിവസങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായി ദൂരെനിന്നുള്ളവര്‍ പോലും മാലിന്യം ഇവിടെ കൊണ്ടിടുകയാണ്. ഇതുസംബന്ധിച്ച് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി.സി. ഹംസ പറഞ്ഞു.

ചേലോറ, പെട്ടിപ്പാലം മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ആറുമാസം വേണം -മുഖ്യമന്ത്രി

ചേലോറ, പെട്ടിപ്പാലം മാലിന്യ പ്രശ്നം
പരിഹരിക്കാന്‍ ആറുമാസം വേണം  -മുഖ്യമന്ത്രി
തിരുവനന്തപുരം: ചേലോറ, പെട്ടിപ്പാലം പ്രദേശങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന് ആറു മാസത്തെ സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നപരിഹാരത്തിന് സര്‍ക്കാറിന് ആവശ്യപ്പെട്ട സാവകാശം നല്‍കാനും സമരം നിര്‍ത്തിവെക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, തലശേãരി മുനിസിപ്പാലിറ്റികളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു മാസക്കാലയളവിനുള്ളില്‍ ഇരു മുനിസിപ്പാലിറ്റികളിലെയും മാലിന്യത്തിന്റെ അളവ് കുറക്കാന്‍ നടപടി സ്വീകരിക്കും.   അതുവരെ കുറഞ്ഞ അളവിലെങ്കിലും ഇരു മുനിസിപ്പാലിറ്റികളിലും മാലിന്യം സംസ്കരിക്കുന്നതിനായി അതത് നിക്ഷേപ യൂനിറ്റുകളിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലോറ, പെട്ടിപ്പാലം പ്രദേശങ്ങളില്‍ മാലിന്യവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉറപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ മാലിന്യ പ്രശ്നമെന്നത് ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണം. മാലിന്യപ്രശ്ന പരിഹാരത്തിന് സാങ്കേതികവിദ്യക്കൊപ്പം ജനപങ്കാളിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ബാക്കി വരുന്ന മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ച് അത് സംസ്കരിക്കുന്നതിന് നിശ്ചയിക്കുന്നിടത്തേക്ക് അയക്കും. തുടര്‍ന്നും ബാക്കി ആയവ മാത്രമേ പൊതുസ്ഥലത്തേക്ക് വരുന്നുള്ളൂ.  ഇത് പ്ലാന്റുകള്‍ നിര്‍മിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ണമായും സംസ്കരിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യപ്രശ്നം സംസ്ഥാനത്താകമാനമുള്ള പ്രശ്നമാണ്. വിജയകരമായ ഒരു മാതൃകയില്ലാത്തതായിരുന്നു സംസ്ഥാനത്തിന്റെ പരാജയം. മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്ത് പലയിടത്തും വിവിധ പദ്ധതികള്‍ നടപ്പാക്കി. ഏറെ സ്ഥലങ്ങള്‍ വാങ്ങി പ്ലാന്റുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പദ്ധതികള്‍ ഓരോന്നും പരാജയമാവുകയായിരുന്നു. അടുത്ത കാലത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 25 ഓളം സാങ്കേതിക വിദ്യാമാതൃകകള്‍ സര്‍ക്കാറിന് മുന്നിലെത്തിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചയും നടത്തി. തുടര്‍ന്ന് മാതൃകകളും അതിന്റെ പ്രവര്‍ത്തനവും നേരില്‍ കണ്ടശേഷം 11 എണ്ണത്തിന്റെ അന്തിമ പട്ടിക തയാറാക്കുകയും അവസാനഘട്ടത്തിലേക്ക് നാലെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ള പദ്ധതികളാണിവ. ജനപങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ അതിനുള്ള സ്ഥലം പ്രാദേശികമായി കണ്ടെത്തിയേ മതിയാകൂ.  സ്ഥലം ലഭ്യമായാല്‍ പദ്ധതി നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാന്റിനുള്ള നിര്‍ദേശം തയാറാണെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നത്തിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കാന്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ.സി. ജോസഫും പറഞ്ഞു. സംസ്കരണം ഉറവിടത്തില്‍ തന്നെ ആരംഭിക്കണമെന്ന് മന്ത്രി എം.കെ. മുനീറും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.എല്‍.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, കെ. എം. ഷാജി, കെ.കെ.നാരായണന്‍, ഡി.ജി.പി ജേക്കബ് പുന്നൂസ്, മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍മൌലവി, കണ്ണൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ, തലശേãരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആമിന മാളിയേക്കല്‍, ഉപാധ്യക്ഷന്‍ സി.കെ. രമേശന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, സി.പി. ഷൈജന്‍ (സി.പി.ഐ), പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, നൌഷാദ് മാടോള്‍, സി.പി. അബൂബക്കര്‍ (പൊതുജനാരോഗ്യ സംരക്ഷണ മുന്നണി), എന്‍.വി. അജയകുമാര്‍, റസാഖ് (വിശാല സമരസമിതി), സിദ്ദീഖ് സന, സജ്ജാദ് (മാലിന്യവിരുദ്ധ സമിതി), സി.കെ. പ്രകാശന്‍ (പരിസര മലിനീകരണ വിരുദ്ധ സമിതി), ഫാറൂഖ് ഉസ്മാന്‍, കെ. നിയാസ്, കെ. സാദിഖ് (സോളിഡാരിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യപ്രശ്നം: സര്‍ക്കാര്‍ നിര്‍ദേശം സമരസമിതികള്‍ തള്ളി
തലശേãരി/ചക്കരക്കല്ല്: പെട്ടിപ്പാലം, ചേലോറ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ സമരസമിതികള്‍ തള്ളി. ആറ് മാസം കൂടി തലശേãരി നഗരസഭക്ക് പെട്ടിപ്പാലത്ത് ചുരുങ്ങിയ അളവില്‍ മാലിന്യം നിക്ഷേപിക്കാന്‍ സൌകര്യമൊരുക്കണമെന്ന ആവശ്യം സമരക്കാരും ന്യൂമാഹി ഗ്രാമപഞ്ചായത്തും തള്ളിയതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. 
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ സമരക്കാര്‍ക്ക് സമ്മതമല്ലെങ്കില്‍ നഗരസഭ ബദല്‍ സംവിധാനം കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നു. തലശേãരി നഗരസഭ നടപ്പാക്കുന്ന വിവിധ വികേന്ദ്രീകൃത സംസ്കരണ നടപടികള്‍ക്കുശേഷവും പ്രതിദിനം അഞ്ച് ടണ്‍ മാലിന്യം ബാക്കിവരുന്നുണ്ടെന്നും ഇത് ആറ് മാസത്തേക്ക് പെട്ടിപ്പാലത്ത് തള്ളാന്‍ അനുവദിക്കണമെന്നും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫാണ് ആവശ്യപ്പെട്ടത്. എന്നാല്‍, നിര്‍ദേശം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജയും നാല് സമര മുന്നണികളും ഐകകണ്ഠ്യേന തള്ളി. നഗരസഭയുടെ പ്രവര്‍ത്തനരഹിതമായ പ്ലാന്റുകള്‍ വീണ്ടുംപ്രവര്‍ത്തിച്ചാല്‍ ബാക്കി മാലിന്യവും സംസ്ക്കരിക്കാമെന്നായിരുന്നു സമരക്കാരുടെ അഭിപ്രായം. പെട്ടിപ്പാലം സമരത്തിന് വന്‍ തോതില്‍ വിദേശ ഫണ്ട് വരുന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും തലശേãരിയിലെ ഒരു ഇടതു നേതാവ് ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. എങ്കില്‍ മുഖ്യമന്ത്രി തന്നെ വിദേശഫണ്ട് അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് സമരക്കാര്‍ തിരിച്ചടിച്ചു.
ചക്കരക്കല്ല്: മുഖ്യമന്ത്രി പ്രശ്നപരിഹാരത്തിന് ആവശ്യപ്പെട്ട ആറു മാസം സമയം അംഗീകരിക്കാനാവില്ലെന്ന് ചേലോറ കര്‍മസമിതി നേതാക്കള്‍ അറിയിച്ചു.  മാലിന്യം തള്ളുന്നതിനെതിരെ ചേലോറയിലെ ജനങ്ങള്‍ അന്തിമ സമരത്തിലാണെന്നും കണ്ണൂര്‍നഗരസഭയുടെ മാലിന്യം ഇനി ചേലോറക്കാര്‍ക്ക് വേണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍മ സമിതി നേതാക്കളായ കെ.കെ. മധു, ചാലോടന്‍ രാജീവന്‍,വി. പുരുഷോത്തമന്‍, കെ. പ്രദീപന്‍, മജീദ് വട്ടപ്പൊയില്‍, സലാം ഹാജി വട്ടപ്പൊയില്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കണ്ണൂര്‍: കണ്ണൂര്‍: ജില്ലയിലെ പെട്ടിപ്പാലം, ചേലോറ പ്രദേശങ്ങളിലെ മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ ജനവിരുദ്ധമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സോളിഡാരിറ്റി നേതാക്കളായ ഫാറൂഖ് ഉസ്മാന്‍, കെ. സാദിഖ്, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘനാളത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായി ഒന്നും സമര്‍പ്പിക്കാനില്ലാതെ വീണ്ടും സമയം ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ജനങ്ങളുടെ  പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കാനുള്ള ശ്രമമാണെന്നും ജനപക്ഷത്തുനിന്നുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു.
Courtesy:Madhyamam