തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് എസ്.എസ്.എയില്‍ നിയമനം നടത്തുന്നുവെന്നാരോപിച്ച് പ്രോജക്ട് ഓഫിസറെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.
പെരുമാറ്റച്ചട്ടലംഘനം: എസ്.എസ്.എ
പ്രോജക്ട് ഓഫിസറെ
ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് നിയമനം നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ലീഗ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ എസ്.എസ്.എ പ്രോജക്ട് ഓഫിസറെ ഉപരോധിച്ചു. ഐ.ഇ.ഡി.സി റിസോഴ്സ് ടീച്ചര്‍ നിയമന എഗ്രിമെന്റ് സ്വീകരിക്കാനുള്ള നീക്കമാണ് തടഞ്ഞത്. ഉദ്യോഗാര്‍ഥികളും ഉപരോധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായില്ല. തുടര്‍ന്ന്, സ്ഥലത്തെത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും സമരക്കാരും ഉദ്യോഗാര്‍ഥികളും പ്രോജക്ട് ഓഫിസറുമായി സംസാരിച്ചു. നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും തികച്ചും പെരുമാറ്റച്ചട്ട വിരുദ്ധമാണെന്നും സമരക്കാര്‍ വാദിച്ചു. നിയമനം നടത്തില്ലെന്ന് ഓഫിസര്‍ എഴുതി നല്‍കിയ ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി. ജില്ലയില്‍ എസ്.എസ്.എക്കു കീഴില്‍ 51 പേരെയാണ് റിസോഴ്സ് ടീച്ചര്‍മാരായി നിയമിക്കാന്‍ ഉത്തരവിറക്കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ് നിയമനത്തിനായി എത്തിയത്. കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം.പി. മുഹമ്മദലി, യൂത്ത്ലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. ഷംസുദ്ദീന്‍, കളത്തില്‍ സലീം, റംസി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Courtresy: Madhyamam