കൂടങ്കുളം സന്ദര്‍ശിച്ച ജമാഅത്ത് അമീര്‍ അടക്കം
മലയാളി സംഘത്തെ പൊലീസ് തടഞ്ഞു
കൂടങ്കുളം: കൂടങ്കുളം ആണവവിരുദ്ധ സമരം നടക്കുന്ന ഇടിന്തകരൈ സന്ദര്‍ശിച്ച് മടങ്ങിയ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയടക്കമുള്ള മലയാളിസംഘത്തെ തമിഴ്നാട് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകളടക്കം കേരളത്തിലെ 26 ആണവവിരുദ്ധ സമര പ്രവര്‍ത്തകരടങ്ങിയ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. നാലുമണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും വിരലടയാളവും വ്യക്തി വിവരവും ശേഖരിക്കുകയും ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. ഭരണകൂട ഉപരോധത്താല്‍ ജീവിതം ദുസ്സഹമായ കൂടങ്കുളം സമരക്കാര്‍ക്ക് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരളത്തില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങള്‍ കൈമാറാനത്തെിയതായിരുന്നു ഇവര്‍.
പരിപാടി കഴിഞ്ഞ് മടങ്ങിയ ഇവരെ രാത്രി ഏഴോടെ അഞ്ചുഗ്രാമത്തിന് സമീപമായിരുന്നു പൊലീസ് തടഞ്ഞത്. സംഘത്തോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. ടി.ആരിഫലിക്ക് പുറമേ സൗത്ത് സോണ്‍ സെക്രട്ടറി എം. മെഹബൂബ്, ജില്ലാ പ്രസിഡന്‍റ് എന്‍.എം അന്‍സാരി, സോളിഡാരിറ്റി നേതാക്കളായ പി.ഐ നൗഷാദ്, ടി. മുഹമ്മദ്, കെ. സജീദ്, സാദിഖ് ഉളിയില്‍, സി.എം. ശരീഫ്, കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാര്‍ഢ്യസമിതി നേതാക്കളായ എന്‍. സുബ്രഹ്മണ്യന്‍, മാഗ്ളിന്‍ പീറ്റര്‍, റസാഖ് പാലേരി, രാജന്‍, പ്രമോദ്, സാമൂഹിക പ്രവര്‍ത്തക ജെ. ദേവിക തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വാഹനങ്ങള്‍ തടഞ്ഞ് കനത്ത പൊലീസ് ബന്തവസ്സില്‍ പലവൂര്‍ സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്. നിരോധാജ്ഞ ലംഘിച്ചതിനാണ് കസ്റ്റയിലെടുത്തതെന്നായിരുന്നു പൊലീസിന്‍െറ ആദ്യ വിശദീകരണം. എന്നാല്‍ സമരം നടക്കുന്ന ഇടിന്തകരൈയില്‍ നിരോധാജ്ഞ ഇല്ളെന്നും കസ്റ്റഡിയിലെടുത്തത് പീഡിപ്പിക്കാനാണെന്നും ആരോപിച്ച് സമരസമതി ചെന്നൈയില്‍ രംഗത്തുവന്നതോടെ പൊലീസ് നിലപാട് മാറ്റി. വിഭവങ്ങള്‍ കൈമാറിയത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയെന്നാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്ന വിശദീകരണം. സമരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം കൈമാറിയതിനാലാണ് ഇവരെ ചോദ്യം ചെയ്തതെന്നും അറസ്റ്റു ചെയ്യുന്നില്ളെന്നും ഡിവൈ.എസ്.പി സ്റ്റാന്‍ലി ജോണ്‍ മാധ്യമത്തോട്പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകപ്രതിഷേധം ഉയര്‍ന്നു. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ആണവവിരുദ്ധ സമിതി പ്രവര്‍ത്തകരും സോളിഡാരിറ്റി പ്രവര്‍ത്തകരും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
സമരക്കാര്‍ക്കായി ശേഖരിച്ച വിഭവങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി.ആരിഫലി, സമരസമിതി നേതാവ് എസ്.പി ഉദയകുമാറിന് കൈമാറി. ആണവനിലയത്തിനെതിരെ സമരംചെയ്യുന്നവരെ ഉപരോധം സൃഷ്ടിച്ചും രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ കള്ളക്കേസുകള്‍ ചമച്ചും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. അതിനെ ചെറുക്കാന്‍ സമാനമനസ്കരായ മുഴുവന്‍ ആളുകളും ഒന്നിക്കണം. ജലസത്യഗ്രഹത്തിനിടെ കോസ്റ്റ് ഗാര്‍ഡ് വിമാനം താഴ്ത്തിപ്പറപ്പിച്ചതിനെതുടര്‍ന്ന് അപകടത്തില്‍പ്പെട്ട് രക്തസാക്ഷിയായ സഹായത്തിന്‍െറ വീടും സമരപ്രദേശങ്ങളായ കുത്താംകുളി, കാസകോളനി, കൂടങ്കുളം കോളനി എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു. സഹായത്തിന്‍െറ കുടുംബത്തിനുള്ള ധനസഹായം വിധവക്ക് കൈമാറി.