പാടശേഖര സമിതികള്‍ നിര്‍ജീവം;
കാര്‍ഷിക യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു
കാഞ്ഞിരോട്: കാര്‍ഷിക മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് രൂപവത്കരിച്ച പാടശേഖര സമിതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് നിലമൊരുക്കുന്നതിന് വന്നുചേരുന്ന കാലതാമസം ഒഴിവാക്കുന്നതിന് സഹായകരമാവേണ്ട നിരവധി യന്ത്രങ്ങളും സാമഗ്രികളും തുരുമ്പെടുത്ത് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളും തീര്‍ത്തും ഉപയോഗശൂന്യമായി.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരോട്, പടന്നോട്ട്, ഏച്ചൂര്‍ പ്രദേശങ്ങളിലാണ് പാടശേഖര സമിതികള്‍ രൂപവത്കരിച്ചത്. വിവിധ പദ്ധതികളില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വന്‍തുകയാണ് പഞ്ചായത്ത് നീക്കിവെക്കുന്നത്. പദ്ധതികളുടെ ഗുണഫലം കര്‍ഷകരിലെത്താതെ പാഴ്ചെലവായി മാറിയിരിക്കുകയാണ്. പമ്പുസെറ്റുകള്‍, വിതയന്ത്രം, മെതിയന്ത്രങ്ങള്‍, പാറ്റ് യന്ത്രങ്ങള്‍ എന്നിവക്കു പുറമെ പവര്‍ടില്ലറുകളും തുരുമ്പെടുത്തിരിക്കുകയാണ്. പഞ്ചായത്ത് രൂപവത്കരിച്ച നേട്ടങ്ങളുടെ പട്ടികകളില്‍ ഇത്തരം കര്‍ഷക കൂട്ടായ്മകള്‍ എടുത്തുപറയുന്നുണ്ടെങ്കിലും യഥാര്‍ഥ ഫലം കര്‍ഷകന് ലഭിക്കുന്നില്ല.
സ്വകാര്യ മേഖലകളിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടകയേക്കാള്‍ കൂടുതല്‍ തുക പാടശേഖര സമിതികള്‍ ഈടാക്കുന്നതും ബന്ധപ്പെട്ടവരുടെ അനാസ്ഥയുമാണ് പദ്ധതിയുടെ പരാജയ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
06-10-2010