ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 28, 2011

HAJJ 2011

ഹജ്ജ്: 
അപേക്ഷ സ്വീകരിക്കല്‍ 
മാര്‍ച്ച് 16 മുതല്‍
ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ മാര്‍ച്ച് ൧൬ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഏപ്രില്‍ 30വരെ അപേക്ഷ സ്വീകരിക്കും. പതിവുപോലെ മൂന്ന് കാറ്റഗറികളില്‍ തന്നെയാകും ഇത്തവണയും അനുമതി. എന്നാല്‍, ആദ്യത്തെ രണ്ടു കാറ്റഗറികളില്‍ ലഭിക്കുന്ന താമസ സൌകര്യം മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി ഹറമില്‍നിന്ന് അല്‍പം കൂടി അകലെയായിരിക്കും.  ചെയര്‍പേഴ്സന്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി യോഗത്തിലാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഗ്രീന്‍ കാറ്റഗറിക്കു കീഴിലെ താമസം ഹറമില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഉള്ളിലായിരിക്കും. ഇതുവരെ ഒരു കിലോമീറ്ററായിരുന്നു ദൂരപരിധി. വൈറ്റ് കാറ്റഗറിയില്‍ 1.6 കിലോമീറ്റര്‍ എന്ന നിലവിലുള്ള ദൂരപരിധി രണ്ടായും ഉയര്‍ത്തി. മൂന്നാം കാറ്റഗറിയായ അസീസിയയിലെ താമസത്തില്‍ മാറ്റമില്ല. ഇവിടെനിന്ന് ഹറമിലേക്കും തിരികെയും സൌജന്യ ഗതാഗതം അനുവദിക്കും.
മൂന്ന് വിഭാഗങ്ങള്‍ക്കായി യഥാക്രമം 4000 റിയാല്‍, 3200 റിയാല്‍, 2620 റിയാല്‍ എന്ന കണക്കിലുള്ള വിനിമയ തുകയാകും തീര്‍ഥാടകരില്‍നിന്ന് ഈടാക്കുക. ഹറമില്‍നിന്ന് അധികം അകലെയല്ലാതെ  താമസ സൌകര്യം ഒരുക്കുമെന്നതു മാത്രമായിരിക്കും ആദ്യ രണ്ട് കാറ്റഗറികളിലുള്ളവര്‍ക്കുള്ള പരിഗണനയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
മദീന, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലൊക്കെ എല്ലാ കാറ്റഗറികളിലും  ഒരേ സൌകര്യമാകും അനുവദിക്കുക.
മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷ ഡൌണ്‍ലോഡ ്ചെയ്യാം. ഇത്തവണ ഒറ്റ അപേക്ഷാ ഫോമായിരിക്കും.
അപേക്ഷക്കൊപ്പം 200 രൂപയുടെ ബാങ്ക് സ്ലിപ് സമര്‍പ്പിച്ചിരിക്കണം.നറുക്കെപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടിനൊപ്പം ആദ്യ ഗഡുവായ 31,000 രൂപയും ജൂണ്‍ 15ന് മുമ്പ് ബാങ്കില്‍ അടച്ചിരിക്കണം. ഏപ്രില്‍ 30 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മേയ് രണ്ടാംവാരം.
റദ്ദായ അപേക്ഷകളിലെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് നടക്കും. വെയ്റ്റ് ലിസ്റ്റിലുള്ളവര്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്. അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തിമ അപേക്ഷാ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിനു കൈമാറുന്ന അവസാന തീയതി ജൂലൈ 29. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 29വരെ സാവകാശം ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ 27ന് പുറപ്പെടും. തീര്‍ഥാടക യാത്രയുടെ ആദ്യഘട്ടം ഒക്ടോബര്‍ 30 ഓടെ അവസാനിക്കും. നവംബര്‍ നാലിന് വെള്ളിയാഴ്ചയായിരിക്കും അറഫാ സംഗമമെന്നാണ് കരുതുന്നത്. തീര്‍ഥാടകരുടെ ബാഗേജുകള്‍ക്ക് ഏകീകൃത രീതി നല്‍കണമെന്ന ആവശ്യം  യോഗത്തില്‍ ഉയര്‍ന്നു. 20,25 കിലോഗ്രാമിന്റെ രണ്ട് സ്യൂട്ട്കേസുകള്‍ തീര്‍ഥാടകര്‍ക്ക് കൂടെ കരുതാം. പത്തു കിലോഗ്രം ഹാന്‍ഡ് ബാഗേജ് ഇതിനുപുറമെയാണ്.  കാര്‍ബോഡ് ബോക്സ്, പ്ലാസ്റ്റിക് ബാഗ് എന്നിവയില്‍ ബാഗേജുകള്‍ അനുവദിക്കില്ല. പുണ്യഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ പത്തു കിലോ തൂക്കത്തില്‍ സംസം വെള്ളം അനുവദിക്കും.
അഞ്ചുമുതല്‍ 16വരെ പ്രായമുള്ള ആണ്‍കുട്ടികളെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം കേരളം എതിര്‍ത്തു. കുട്ടികള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ല എന്നിരിക്കെ, അര്‍ഹതയുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു കേരളം വാദിച്ചത്.
ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ഥാടകരെ ഈ വര്‍ഷം മുതല്‍ എസ്.എം.എസ് മുഖേന അറിയിക്കും.
ഹാജിമാരുടെ താമസത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്ന സംഘത്തില്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക, ഇത്തവണ സ്വീകരിക്കുന്ന അപേക്ഷകളില്‍ അനുമതി കിട്ടാത്ത മുഴുവന്‍ പേരെയും അടുത്തവര്‍ഷം പരിഗണിക്കുമാറ് നറുക്കെടുപ്പ് ഒറ്റ തവണ മാത്രമാക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു. ഉത്തര കേരളത്തിലുള്ളവര്‍ക്ക് മംഗലാപുരം വിമാനത്താവളം ഉപയോഗപ്പെടുത്താനും ഇക്കുറി അനുവദിച്ചേക്കും.
Courtesy: Madhyamam/27-02-2011

No comments:

Post a Comment

Thanks