ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, April 8, 2012

തീരാദുരിതമായി മാലിന്യം; ഒപ്പം പൊലീസ് ഭീകരതയും

 
 തീരാദുരിതമായി മാലിന്യം; 
ഒപ്പം പൊലീസ് ഭീകരതയും
ശുദ്ധവായുവിനും ജലത്തിനുംവേണ്ടി പൊരുതുന്ന പെട്ടിപ്പാലത്തെയും ചേലോറയിലെയും ജനങ്ങളെ ഭരണാധികാരികള്‍ നേരിടുന്നത് ലാത്തിയുടെ ശക്തി ഉപയോഗിച്ചാണ്. അര നൂറ്റാണ്ടിലേറെയായി നഗരമാലിന്യങ്ങളുടെ ജീര്‍ണത പേറുന്ന മനുഷ്യരുടെ ദുരിതാനുഭവങ്ങളിലൂടെ ഒരന്വേഷണം.
 വേണു കള്ളാര്‍
കണ്ണൂര്‍: ‘എന്‍െറ കഴ്ത്തിലിട്ട ഷാള് വനിതാ പൊലീസ്കാര് രണ്ട് ഭാഗത്തേക്കും വെലിച്ച് പിടിച്ചു. കഴ്ത്ത് മുറുകി മുറിഞ്ഞ് ചോരവന്നു. നാവ് പൊറത്തേക്ക് തള്ളിയപ്പൊ ഒരു പൊലീസ്കാരന്‍ കാലിന്‍െറ മുട്ട് മടക്കി നട്ടെല്ലിന് കുത്തി’. മൂന്നു തവണ ശസ്ത്രക്രിയക്കു വിധേയയായ ന്യൂമാഹി പെട്ടിപ്പാലത്തെ റെനീഷ എന്ന വീട്ടമ്മക്ക് മാര്‍ച്ച് 20ന്‍െറ പ്രഭാതം ഇങ്ങനെയായിരുന്നു. ‘നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉമ്മാന്‍െറ കൈയ്യിന്ന് വെലിച്ച്മാറ്റി, കൈ രണ്ടും രണ്ടുഭാഗത്തേക്ക് വെലിച്ച്പിടിച്ച് മറ്റൊരാള് ലാത്തികൊണ്ട് വയറ്റില്‍ കുത്തി. കുട്ടി നെലവിളിച്ചപ്പൊ കണ്ട്നിന്ന ഡിവൈ.എസ്.പി പൊട്ടിച്ചിരിച്ചു’. മാലിന്യഭീകരതയെ ഗാന്ധിമാര്‍ഗത്തിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് രാക്ഷസനീതിയുടെ മുഖങ്ങള്‍ നേരില്‍ കാണേണ്ടിവന്നു. പെട്ടിപ്പാലത്തും ചേലോറയിലും നഗരസഭകളുടെ മാലിന്യനിക്ഷേപത്തിനെതിരെ പൊരുതാനിറങ്ങിയവരെ അധികൃതര്‍ നേരിട്ടത് ലാത്തിയുടെ കരുത്തുകൊണ്ടാണ്.
ന്യൂമാഹി പഞ്ചായത്തിലെ പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ നരവേട്ടയുടെ ആഘാതത്തില്‍നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ‘പൊലീസ്... പൊലീസ്’ എന്നു നിലവിളിക്കുന്നു. പൊലീസ് അതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകളും പുരുഷന്മാരും വേദന തിന്നു കഴിയുന്നു. വീടുകള്‍ക്കുമുന്നിലൂടെ സദാ പൊലീസ് വാഹനങ്ങള്‍ റോന്തുചുറ്റുന്നു. പൊലീസുകാര്‍ വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും പേരുകള്‍ ശേഖരിക്കുന്നു.
ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ അവഗണിച്ച് തലശ്ശേരി നഗരസഭ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരായ സമരം 142 ദിവസം പിന്നിട്ടപ്പോഴാണ്  അപ്രതീക്ഷിതമായി അഞ്ഞൂറോളം പൊലീസുകാര്‍ വന്നിറങ്ങി നരനായാട്ടു തുടങ്ങിയത്. പുലര്‍ച്ചെ നാലരയോടെ തലശ്ശേരി ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്. സമരപ്പന്തലില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ആദ്യം പിടികൂടി ഇടിവണ്ടിയിലിട്ടു. വിവരമറിഞ്ഞത്തെിയ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിറിനെയും സുഹൃത്ത് മഹമൂദിനെയും അഞ്ചോളം പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലി  സ്റ്റേഷനിലേക്കു കൊണ്ടുപോയി. അതിനുശേഷം സമരപ്പന്തലിനു തീയിട്ടു. പന്തലിനകത്തുണ്ടായിരുന്ന ഗാന്ധിജിയുടെ ഫോട്ടോയും കസേരകളും കത്തിനശിച്ചു. സമരപ്പന്തല്‍ കത്തുന്നതുകണ്ട് കൂട്ടത്തോടെ ഓടിയത്തെിയ സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമുള്‍പ്പെടുന്ന നാട്ടുകാരൊക്കെയും  അതിക്രമത്തിനിരകളായി. കൂട്ടത്തോടെ എത്തിയ നാട്ടുകാര്‍ ഡിവൈ.എസ്.പിയുടെ ആജ്ഞകേട്ട് റോഡരികില്‍ ഇരുന്നപ്പോള്‍ പൊലീസ് സംഘം ഇവര്‍ക്കുനേരെ ഓടിവന്ന് അടി തുടങ്ങുകയായിരുന്നു. ഷോക്കേല്‍പിക്കുന്ന ഇലക്ട്രിക് ബാറ്റണാണ് ഡിവൈ.എസ്.പി മര്‍ദനത്തിനുപയോഗിച്ചത്. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പലരുടെയും വസ്ത്രങ്ങള്‍ കീറി, കൈകാലുകള്‍ മുറിഞ്ഞ് ചോരയൊലിച്ചു. ഇതിനിടയിലാണ് സമരത്തിന്‍െറ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മുല്ലയുടെ മകള്‍ നാലു വയസ്സുകാരി ഇസ്സയെ ഉമ്മയുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങി ലാത്തികൊണ്ട് വയറ്റില്‍ കുത്തിയതും തടയാന്‍ ശ്രമിച്ച യുവതിയെ കഴുത്തിലെ ഷാള്‍ വലിച്ചുമുറുക്കി ശ്വാസം മുട്ടിച്ചതും. കുട്ടിയെ ലാത്തികൊണ്ട് കുത്തുന്ന ദൃശ്യം പത്രങ്ങളില്‍ വന്നപ്പോള്‍ അത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പറഞ്ഞ് പൊലീസിന്‍െറ ക്രൂരതയെ ന്യായീകരിക്കാനും ആളുണ്ടായി. നേരം പുലര്‍ന്നപ്പോഴേക്കും പുന്നോല്‍, പെട്ടിപ്പാലം പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസിന്‍െറ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. നിലവിളിയും ബഹളവും കേട്ട് ഓടിയത്തെിയ വീട്ടമ്മമാരെപോലും പിടികൂടി മര്‍ദിച്ച് പൊലീസ് വണ്ടിയില്‍ കയറ്റി. ബസിറങ്ങി വീട്ടിലേക്കു പോകുന്നവരും ജോലിസ്ഥലത്തേക്കു പോകാന്‍ ബസ്സ്റ്റോപ്പിലത്തെിയവരും പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ഥികളും ലാത്തിക്കിരകളായി. സ്ത്രീകളടക്കം നൂറോളം പേരെയാണ് പിടികൂടിയത്. ആരുടെയോ ആജ്ഞ നടപ്പാക്കാനത്തെിയ പൊലീസിന് എന്തിനാണ് ഇവരെ പിടികൂടിയതെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുറേപേരെ ഉച്ചയോടെ വിട്ടയച്ചു. ഓരോരുത്തരുടെയും ഫോട്ടോയെടുത്തശേഷമാണ് വിട്ടത്. 25 പുരുഷന്മാരും എട്ടു സ്ത്രീകളും ശേഷിച്ചു. ഇവരെ പിന്നീട് ന്യൂമാഹി, ധര്‍മടം പൊലീസ് സ്റ്റേഷനുകളിലേക്കു മാറ്റി. പൊലീസ് സ്റ്റേഷനിലും ഇവര്‍ക്ക് മര്‍ദനവും പീഡനവും അനുഭവിക്കേണ്ടിവന്നു. സമരനേതാവ് പി.എം. അബ്ദുന്നാസിറിനെ നാട്ടുകാരുടെ മുന്നില്‍വെച്ചാണ് ഡിവൈ.എസ്.പി കരണത്തടിച്ചത്. കസ്റ്റഡിയില്‍ സ്ത്രീകളുടെ മുന്നിലിട്ട് വിദ്യാര്‍ഥിയെ അടിച്ചവശനാക്കി. കോടതി സമയത്തിനുശേഷം രാത്രി വൈകി, കസ്റ്റഡിയിലായവരെ മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കുകയായിരുന്നു. അപ്പോഴേക്കും അറസ്റ്റിന് കാരണമുണ്ടാക്കാന്‍ രണ്ടു സംഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
മാലിന്യ നിക്ഷേപ കേന്ദ്രത്തിലത്തെിയ നഗരസഭയുടെ ലോറിക്ക് ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചു. പെട്ടിപ്പാലത്തുനിന്ന് അല്‍പമകലെ കെ.എസ്.ആര്‍.ടി.സി ബസിനു കല്ളേറുണ്ടായി. നൂറോളം പൊലീസുകാര്‍ ട്രഞ്ചിങ് ഗ്രൗണ്ടും പരിസരവും വളഞ്ഞുനില്‍ക്കുമ്പോഴാണ് ലോറി കത്തിയത്. തീവെച്ചയാളെന്നു സംശയിക്കുന്ന യുവാവ് കടലിലൂടെ നീന്തി ബോട്ടില്‍ കയറി രക്ഷപ്പെടുന്നത് പൊലീസ് നോക്കിനിന്നു. കത്തിയ ലോറിക്കു സമീപം കാണപ്പെട്ട ബൈക്ക് കസ്റ്റഡിയിലെടുക്കാനോ അത് ആരുടേതാണെന്ന് കണ്ടത്തൊനോ ശ്രമമുണ്ടായില്ല. പകരം സമരസമിതി പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള നീക്കമാണുണ്ടായത്. ഉച്ചക്ക് 12ഓടെയാണ് ലോറി കത്തിയത്.
നഗരസഭ തയാറാക്കി നല്‍കിയ പ്രതിപട്ടികയില്‍പെട്ടവര്‍ അന്നു രാവിലെമുതല്‍ രാത്രിവരെ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നതിനാല്‍ ആ നാടകം പൊളിഞ്ഞു. ബസിനു കല്ളെറിഞ്ഞ കേസില്‍ പ്രതികളാക്കിയവരിലും സംഭവസമയത്ത് കസ്റ്റഡിയില്‍ കഴിയുകയായിരുന്നവരുണ്ട്. അതിരാവിലെ വീട്ടുമുറ്റത്ത്നിന്നും പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളും ഇതില്‍പെടും. ബസിനു കല്ളെറിഞ്ഞശേഷം ഓടിപ്പോയയാളെ പൊലീസ് കണ്ടിട്ടും പിന്തുടര്‍ന്ന് പിടികൂടാന്‍ തയാറായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കത്തിയ ലോറി തൊട്ടടുത്ത ദിവസംതന്നെ കൂത്തുപറമ്പ് റോഡിലെ വര്‍ക്ഷോപ്പിലത്തെി. നെയിംപ്ളേറ്റ് ധരിക്കാത്ത പൊലീസുകാരെയാണ് പെട്ടിപ്പാലത്ത് മര്‍ദനം നടത്താന്‍ നിയോഗിച്ചത്. ദുര്‍ഗന്ധത്തില്‍ മുങ്ങി, മാരക രോഗങ്ങള്‍ പേറി ജീവിതം വഴിമുട്ടിയപ്പോള്‍ മറ്റൊരു വഴിയും കാണാതെയാണ് വീട്ടമ്മമാരടക്കം സമരപാതയിലേക്കിറങ്ങിയത്. അഞ്ചു മാസത്തോളം പിന്നിട്ട പെട്ടിപ്പാലത്തെ സമരത്തിന്‍െറ ശക്തി എന്തും നേരിടാന്‍ തയാറായി സമരപ്പന്തലിലത്തെുന്ന സ്ത്രീകളാണ്. അവരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  പിന്തിരിപ്പിക്കാന്‍ പ്രയോഗിച്ച തന്ത്രമായിരുന്നു കണ്ണില്‍ചോരയില്ലാത്ത പൊലീസ് വേട്ട. (തുടരും)
Courtesy: Madhyamam.08.04.2012

No comments:

Post a Comment

Thanks