ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, April 20, 2012

സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി

 
 സാധാരണക്കാര്‍ക്കും നിലവാരമുള്ള
വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
ഇരിക്കൂര്‍: സമ്പന്ന വിഭാഗത്തിനു മാത്രമല്ല സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. കൊളപ്പയില്‍ ഇന്‍സാഫ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത് നോക്കിയല്ല പഠനം നിശ്ചയിക്കേണ്ടത്. പണം വാരിയെറിയുന്നവന് മികച്ച വിദ്യാഭ്യാസം ലഭിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ പാവപ്പെട്ടവന് അത് നിഷേധിക്കലാണ്.
മികച്ച പഠനത്തിനായി ദരിദ്ര വിഭാഗത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം. ഏത് ജാതി-മതവിഭാഗത്തില്‍പെട്ടവരായാലും ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വളര്‍ത്തണം. ധാര്‍മികത പഠിപ്പിക്കുകയും സാമുദായിക ധ്രുവീകരണം ഇല്ലാതാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുകയും ചെയ്യണം. ഉത്തരവാദിത്തമുള്ള മനുഷ്യനാകാന്‍ കുട്ടികളെ പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ള ലോകത്തോട് കടപ്പാടുള്ളവരായി കുട്ടികള്‍ വളരണം.
കുടുംബം ഭദ്രമായാലേ സമൂഹം ഭദ്രമാവുകയുള്ളൂവെന്ന കാര്യം രക്ഷിതാക്കള്‍ ഓര്‍ക്കണം. പാശ്ചാത്യ ലോകത്ത് കുടുംബഘടന തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇംഗ്ളീഷ് സംസ്കാരം നമ്മള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഇംഗ്ളീഷ് ഭാഷ നിര്‍ബന്ധമായും പഠിക്കണം. ലോകോത്തര വ്യക്തിത്വങ്ങളായി മാറാന്‍ ഇംഗ്ളീഷ് ഭാഷ നമ്മെ സഹായിക്കുന്നുണ്ട്. മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് ഇന്ന് ഏറെ മുന്നിലെന്നും വിദ്യാഭ്യാസ ആക്ടിവിസം മറ്റെല്ലാ ആക്ടിവിസത്തേക്കാളും വലുതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എം.സുകുമാരന്‍, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീന പ്രദീപ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം കെ.പി. ഷാജിറ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഷൈമ, കെ. ഗീത, കെ.എ. നാജിയ, എ.ഇ.ഒ കെ.വി. ജോസ്, പ്രഫ. എ.ആര്‍. മുഹമ്മദ് കോയമ്മ, കെ.കെ. കുഞ്ഞിക്കണ്ണന്‍, ടി.വി.വേണു മാസ്റ്റര്‍,ഇ.പി. ഷംസുദ്ദീന്‍, മേജര്‍ മോഹന്‍ നമ്പ്യാര്‍, ടി.കെ. മുഹമ്മദലി, കെ.എല്‍.ഖാലിദ്, എന്‍.വി. താഹിര്‍, എന്‍.പി. നസീര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.എ. സിദ്ദീഖ് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

No comments:

Post a Comment

Thanks