ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 30, 2010

മുസ്‌ലിം രാഷ്ട്രീയ ഗതിമാറ്റം തുടരും

മുസ്‌ലിം രാഷ്ട്രീയ ഗതിമാറ്റം തുടരും
ആറുമാസത്തിനു ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം രാഷ്ട്രീയത്തില്‍ വന്ന മാറ്റം ശ്രദ്ധേയം. സ്വന്തമായ ഒരിടം തേടി രംഗത്തു വന്ന രണ്ട് സംഘടനകളും മത്സരഫലത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കിയില്ലെങ്കിലും പ്രാദേശിക തലത്തില്‍ സംഘടനാ അടിത്തറ ഒരുക്കിക്കഴിഞ്ഞു. ഈ അടിത്തറയില്‍നിന്നു തന്നെയാകും ഇവര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക.
കേരളത്തിലെ പ്രമുഖ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് വന്‍മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പാണിത്. മുസ്‌ലിം വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും അത് യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. ഇതിനു കാരണം മുസ്‌ലിംലീഗ് തന്ത്രങ്ങളായിരുന്നു. പുതിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ വരുമ്പോള്‍ ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കിലാകും ചോര്‍ച്ചയുണ്ടാവുക എന്നറിഞ്ഞാണ് അവര്‍ തന്ത്രം മെനഞ്ഞത്. ഇതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം. സ്വന്തം വോട്ട് ബാങ്ക് ലക്ഷ്യമിട്ടെത്തിയ രണ്ട് പുതിയ സംഘടനകളില്‍ ഒന്നിനെ കൂടെ നിര്‍ത്തിയും മറ്റൊന്നിനെ അകറ്റിയുമുള്ള തന്ത്രമാണ് ലീഗ് പ്രയോഗവത്കരിച്ചത്. അതിലവര്‍ വന്‍ വിജയം നേടി.
ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ വികസന മുന്നണിയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐയുമാണ് ഇക്കുറി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയത്. ഇതില്‍ എസ്.ഡി.പി.ഐ വോട്ടുകള്‍ നഷ്ടപ്പെടാതെയും വികസന മുന്നണിയെ ഒറ്റപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മുസ്‌ലിം ലീഗ്. എസ്.ഡി.പി.ഐ യെ തീവ്രവാദ സംഘടന എന്ന പേരില്‍ പരസ്യമായി ശത്രുപക്ഷത്ത് നിര്‍ത്തുകയും രഹസ്യമായി അടവുനയങ്ങള്‍ തയാറാക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നില്ല. അതിനാല്‍ അവരുടെ വോട്ടുകള്‍ സ്വന്തമാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. മറ്റു പ്രാദേശിക സ്ഥാപനങ്ങളിലേക്ക് 500ല്‍പരം സീറ്റുകളില്‍ മത്സരിച്ചെങ്കിലും തെരഞ്ഞെടുത്ത ചില സീറ്റുകളില്‍ മാത്രമാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ സജീവമായത്.
അതില്‍ വിജയം നേടിയ ഏക സീറ്റാണ് വേങ്ങര പഞ്ചായത്തിലെ അരീക്കുളം വാര്‍ഡ്. യു.ഡി.എഫ് കോണ്‍ഗ്രസിന് അനുവദിച്ച വാര്‍ഡാണിത്. 2005ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 444 വോട്ട് നേടിയിരുന്നു. ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 224 വോട്ടാണ്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് 487 വോട്ട് കിട്ടി. ഈ അടവുനയം മലബാറിനു പുറത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വികസന മുന്നണിയെ അകറ്റി നിര്‍ത്താന്‍ മറ്റ് മുസ്‌ലിം സമുദായ സംഘടനകളെ രംഗത്തിറക്കുകയുമായിരുന്നു മറ്റൊരു തന്ത്രം. ഇതിലും മുസ്‌ലിംലീഗ് വിജയിച്ചു. ജമാഅത്ത് പ്രവര്‍ത്തകര്‍ 2005ല്‍ വിജയിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ഇക്കുറി അവര്‍ക്ക് നഷ്ടമായി. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സുന്നിയിലെ എ.പി വിഭാഗം ഇക്കുറി ഐക്യമുന്നണിക്കൊപ്പം നിന്നു എന്നത് കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചനയാണ്. ഐ.എന്‍.എല്ലിനെ അസംതൃപ്തിയില്‍ നിര്‍ത്തിക്കൊണ്ടു തന്നെ മിക്കയിടത്തും ഒപ്പം നിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. പി.ഡി.പി വോട്ടുകള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കുതന്നെ പോയി. പൊന്നാനി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിന്ന മുജാഹിദ് മടവൂര്‍ വിഭാഗവും ഇക്കുറി യു.ഡി.എഫിനൊപ്പം നിന്നു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുസ്‌ലിം സമുദായ സംഘടനകളും രാഷ്ട്രീയ സംഘടനകളും ഒന്നിച്ച ചിത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.
മൊയ്തു വാണിമേല്‍/Madhyamam/30-10-2010

No comments:

Post a Comment

Thanks