ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 15, 2011

HAJJ 2011

ഹജ്ജ് അപേക്ഷാഫോം
വിതരണം നാളെ മുതല്‍
ഹജ്ജ് 2011നുള്ള അപേക്ഷാഫോം വിതരണം ബുധനാഴ്ച ആരംഭിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൌസ്, സംസ്ഥാനത്തെ 14 ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം പാളയത്തുള്ള ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ ഫോം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളിലും ഫോം ലഭ്യമാണ്.
അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ തപാലില്‍ സ്വീകരിക്കും. അപേക്ഷാഫോം രണ്ട് കോപ്പി പൂര്‍ണമായും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയപോലെ പൂരിപ്പിച്ച് നല്‍കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. മുഴുവന്‍ അപേക്ഷകരുടെയും പണമിടപാടിന്റെ ചുമതല കവര്‍ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷന്മാരോടൊപ്പമാണ് (മെഹ്റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവര്‍, സാംക്രമിക രോഗങ്ങളുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍പാടില്ല. പൂര്‍ണ ഗര്‍ഭിണികളായവര്‍ ഹജ്ജ് യാത്ര ഒഴിവാക്കണം. രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം അപേക്ഷിക്കാം. രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ നല്‍കരുത്. അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5 സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തിലുള്ള കളര്‍ഫോട്ടോ പതിക്കണം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹജ്ജിന് തുടര്‍ച്ചയായി അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ ഇത്തവണ അപേക്ഷിക്കുകയാണെങ്കില്‍ അവരെ റിസര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി നല്‍കും. പക്ഷേ ഒരു കവറിലുള്ള മുഴുവന്‍ പേരും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും തെരഞ്ഞെടുക്കപ്പെടാത്തവരുമായിരിക്കണം. ഓരോ അപേക്ഷകന്റെയും അപേക്ഷയുടെ നിശ്ചിതകോളത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. കവര്‍ നമ്പര്‍ തെറ്റായി എഴുതുകയോ മൂന്ന് വര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരറിയിപ്പും കൂടാതെ അവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണത്താല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യം ലഭ്യമല്ല. സംസ്ഥാനത്ത് അനുവദിച്ച ക്വോട്ടയേക്കാള്‍ കൂടുതല്‍ റിസര്‍വ്ഡ് കാറ്റഗറി വിഭാഗത്തില്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. ജനറല്‍ കാറ്റഗറി അപേക്ഷകരെ പരിഗണിക്കില്ല.
ഗ്രീന്‍, വൈറ്റ്, അസീസിയ കാറ്റഗറികളിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഒരു കോളവും അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തതായി കണക്കാക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31634038682 എന്ന അക്കൌണ്ടില്‍ 200 രൂപ വീതം പ്രോസസിങ് ചാര്‍ജ് അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചത് ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ചുനല്‍കില്ല. ഡിമാന്‍ഡ് ഡ്രാഫ്റ്റോ പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്.
അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് ഹൌസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 എന്ന വിലാസത്തില്‍ തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അയക്കണം. കവറിന് പുറത്ത് ഹജ്ജ് അപേക്ഷ 2011 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും എഴുതണം. അപേക്ഷകളുടെ ഫോട്ടോകോപ്പിയെടുത്ത് സൂക്ഷിക്കണം. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് മുഖ്യ അപേക്ഷകന് അയച്ചുകൊടുക്കും. മേയ് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോകോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി മേയ് 14ന് മുമ്പ് ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ 15ന് മുമ്പ് ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ട്, വിദേശ വിനിമയ സംഖ്യ, അപേക്ഷകന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് പ്രതലത്തിലുള്ള കളര്‍ഫോട്ടോ പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ പതിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. ഒരു കവറില്‍പെട്ട എല്ലാ അപേക്ഷകരുടെയും പാസ്പോര്‍ട്ടുകള്‍ ഒന്നിച്ച് സമര്‍പ്പിക്കണം. പാസ്പോര്‍ട്ടുകള്‍ ഭാഗികമായി സ്വീകരിക്കില്ല.
അപേക്ഷാഫോം ലഭിക്കാന്‍ 
തിരിച്ചറിയല്‍ കാര്‍ഡ്വേണം
ഹജ്ജ് 2011 അപേക്ഷഫോം ലഭിക്കാന്‍ ഒരു കവറില്‍ അപേക്ഷിക്കുന്നവരുടെ മുഴുവന്‍പേരുടെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. ഒരാള്‍ക്ക് പരമാവധി അഞ്ച് അപേക്ഷകളേ നല്‍കൂ. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ രേഖകളായി കണക്കാക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടാം.
Courtesy:Madhyamam

No comments:

Post a Comment

Thanks