ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 21, 2012

മാലിന്യ പ്രശ്നം: സമരസമിതിയുമായി 27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മാലിന്യ പ്രശ്നം: സമരസമിതിയുമായി
27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കണ്ണൂര്‍: കണ്ണൂര്‍, തലശേãരി നഗരസഭകളിലെ മാലിന്യ പ്രശ്നത്തില്‍ ജനുവരി 27ന് സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന്  ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. അതുവരെ സമര പരിപാടികളില്‍ നിന്ന് പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ഇരു നഗരസഭകളിലും ആഴ്ചകളായി മാലിന്യം നീക്കാനാവാത്തതുമൂലം ഉണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മന്ത്രിയും എം.പിയും എം.എല്‍.എയും മാത്രമായി എടുത്ത തീരുമാനമല്ല ഇത്.  ജനുവരി 17ന് നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് മാലിന്യം നീക്കാന്‍ പൊലീസ് സഹായം അവശ്യപ്പെടാന്‍ തീരുമാനിച്ചത്.  ഈ യോഗത്തില്‍ ചില മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ എം.എല്‍.എമാരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചില എം.എല്‍.എമാര്‍ അസൌകര്യം അറിയിക്കുകയും ചെയ്തു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
സമരസമിതിയുമായി പലവട്ടം ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  സര്‍ക്കാര്‍ ആരുമായും സംസാരിക്കാന്‍ തയാറായിരുന്നു.  പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്.  പ്രശ്ന പരിഹാരത്തിന് യാഥാര്‍ഥ്യബോധമുള്ള സമീപനം സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
 
ചേലോറയില്‍ വീണ്ടും  സംഘര്‍ഷം
 നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ സമാധാനപൂര്‍വം സമരം ചെയ്യുന്ന ചേലോറ നിവാസികള്‍ക്കെതിരെ ഇന്നലെയും നഗരസഭയും പൊലീസും നടത്തിയ ബലപ്രയോഗം ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. മാലിന്യം തള്ളാനെത്തിയ നഗരസഭാ ലോറികള്‍ പ്രദേശവാസികളായ അറുപതോളം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുടലെടുത്തത്. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന സമരക്കാരെ പ്രദേശത്തുണ്ടായിരുന്ന നൂറോളം പൊലീസുകാര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കുകയും അറസ്റ്റിനിടെ പൊലീസിന്റെ ചവിട്ടേറ്റ് മൂന്ന് വീട്ടമ്മമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാത്രിയോടെ ഇവരെ തലശേãരി കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചേലോറയിലെത്തിയ സമര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ട്രഞ്ചിങ് ഗ്രൌണ്ട് ഗേറ്റിനുമുന്നില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടുകയും സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വന്‍പൊലീസ്സംഘമെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കിയശേഷം നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുകയായിരുന്നു.
ചേലോറയില്‍ കുടിവെള്ളത്തിന് ശാശ്വത ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ മാലിന്യമിറക്കുന്നത് അനുവദിക്കില്ലെന്നുമറിയിച്ചാണ് ഡിസംബര്‍ 26ന് പ്രദേശവാസികള്‍ സമരമാരംഭിച്ചത്. പ്രാണികളെ കൊല്ലുന്നുവെന്നാരോപിച്ച് കണ്ടല്‍ പാര്‍ക്ക് പൂട്ടിച്ച അധികാരികള്‍ കുടിവെള്ളത്തിനായി സമരംചെയ്യുന്ന ജനങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് കാട്ടുനീതിയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചേലോറ രാജീവന്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ ആരോപിച്ചു. ഇന്നലെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം നേതാക്കളായ കെ.കെ. രാഗേഷ്, പി.കെ. ശബരീഷ്കുമാര്‍, സി.കെ. പ്രഭാകരന്‍, സോളിഡാരിറ്റി നേതാക്കളായ കെ.കെ. ഫൈസല്‍, ഷമീം കാഞ്ഞിരോട് തുടങ്ങിയവരും എത്തിയിരുന്നു. മാലിന്യം തള്ളല്‍ നിര്‍ത്തുംവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Courtesy:Madhyamam

No comments:

Post a Comment

Thanks