ചേലോറക്കാര്‍ക്ക് കുടിക്കാന്‍
‘ജീവനില്ലാത്ത’ ജലം
വേണുകള്ളാര്‍
കണ്ണൂര്‍: ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയവരോട് കണ്ണൂര്‍ നഗരസഭ പകരംവീട്ടിയത് കുടിവെള്ളം മുട്ടിച്ചുകൊണ്ടാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. നഗരസഭ സ്ഥാപിച്ച പമ്പ്ഹൗസില്‍നിന്നാണ് മാലിന്യനിക്ഷേപ കേന്ദ്രത്തിന്‍െറ പരിധിയിലെ 125 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. മാലിന്യങ്ങളുമായി വരുന്ന ലോറികള്‍ തടയാന്‍ തുടങ്ങിയതോടെ പമ്പിങ് നിലച്ചു. ടാപ്പ് തുറക്കുമ്പോള്‍ പുറത്തുചാടിയിരുന്നത് പുഴുക്കളാണ്. മാസങ്ങളായി ടാങ്ക് വൃത്തിയാക്കാത്തതുകൊണ്ടാണ് വെള്ളം അഴുക്കായി പുഴുക്കള്‍ നിറഞ്ഞത്. ടാങ്ക് വൃത്തിയാക്കാതെ വെള്ളം പമ്പുചെയ്യരുതെന്ന് നാട്ടുകാര്‍ നഗരസഭാ ജീവനക്കാരോട് പറഞ്ഞു. ഇതോടെ നഗരസഭ പമ്പിങ് നിര്‍ത്തലാക്കുകയായിരുന്നു. 107 ദിവസത്തിനുശേഷമാണ് കുടിവെള്ള വിതരണം പുനരാരംഭിച്ചത്. കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ രണ്ടുദിവസത്തിന് ശേഷം കുടിവെള്ള വിതരണം വീണ്ടും നിലച്ചു. ‘ജീവനില്ലാത്ത’ ജലം
വേണുകള്ളാര്‍
ചേലോറ വട്ടപ്പൊയില്‍ പാതിരിക്കുന്നിലാണ് മാലിന്യനിക്ഷേപ കേന്ദ്രം. 58 വര്‍ഷമായി ഇവിടെ കൊണ്ടുവന്ന് തള്ളിക്കൊണ്ടിരിക്കുന്ന നഗരമാലിന്യങ്ങളില്‍നിന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഭൂമിക്കടിയിലൂടെ കിനിഞ്ഞിറങ്ങുന്നത് വിഷദ്രാവകമാണ്. ഡീസല്‍ കലര്‍ത്തിയതുപോലെ വഴുവഴുപ്പാര്‍ന്ന കിണര്‍ വെള്ളത്തിന് തവിട്ടുനിറമാണ്. വായിലൊഴിച്ചാല്‍ പുളിരസം അനുഭവപ്പെടുന്നു. കിണറുകളിലെ ജലപ്പരപ്പിനുമുകളില്‍ എണ്ണപ്പാട തിളങ്ങുന്നതു കാണാം. ഈ വെള്ളമാണ് ഇവിടത്തെ മനുഷ്യര്‍ കുടിക്കാനും കുളിക്കാനും ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നത്. കിണര്‍ വെള്ളത്തില്‍ കുളിച്ചാല്‍ തലമുടി ഒട്ടിപ്പിടിക്കും. മുടി കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തെതുടര്‍ന്ന് 1999ല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ കുടിവെള്ളത്തിന്‍െറ ഗുണനിലവാരം മനസ്സിലാക്കാന്‍ സര്‍വേ നടത്തിയിരുന്നു. വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ സര്‍വേയില്‍ ശേഖരിച്ച കുടിവെള്ള സാമ്പിളുകള്‍ കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. പ്രദേശത്തെ 125 കുടുംബങ്ങളുടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കൊള്ളാത്തവിധം മലിനമാണെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. ‘ജീവനില്ലാത്ത ജലം’ എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കി. ഇത് കണക്കിലെടുത്ത് നാട്ടുകാര്‍ താല്‍ക്കാലികമായി സമരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. 125 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ മൂന്നു കിണറുകള്‍ വേണമെന്ന് വാട്ടര്‍ അതോറിറ്റി നഗരസഭക്കു സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നഗരസഭ ഇത് ഒരു കിണറാക്കി ചുരുക്കി. ഒരു കിണറില്‍നിന്ന് പമ്പ്ചെയ്യുന്ന വെള്ളം 125 കുടുംബങ്ങള്‍ക്ക് മതിയായ തോതില്‍ എത്തിക്കാന്‍ തികഞ്ഞിരുന്നില്ല. രണ്ടു ദിവസത്തിലൊരിക്കല്‍ 20 മിനിറ്റ് നേരം മാത്രമാക്കി ജലവിതരണവും ചുരുക്കേണ്ടിവന്നു. 2012 ജനുവരി 12 മുതല്‍ കിണറില്‍ ആവശ്യത്തിന് വെള്ളമില്ളെന്ന കാരണത്താല്‍ നഗരസഭ പമ്പിങ് പൂര്‍ണമായി നിര്‍ത്തിവെക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ ഒന്നടങ്കം മാലിന്യലോറികള്‍ തടഞ്ഞ് സമരം തുടങ്ങിയത്. 2010ല്‍ നടത്തിയ സര്‍വേയില്‍ ചേലോറ വട്ടപ്പൊയില്‍ പ്രദേശത്തെ 200 കുടുംബങ്ങളുടെ കിണറുകളില്‍ മലിനജലമാണെന്നു കണ്ടത്തെിയിരുന്നു. ഇതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭക്ക് നോട്ടീസ് അയച്ചെങ്കിലും നടപടി ഉണ്ടായില്ല.
1954ലാണ് ചേലോറ പാതിരിക്കുന്നില്‍ കണ്ണൂര്‍ നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. മലബാര്‍ മേഖല ഉള്‍പ്പെട്ട മദ്രാസ് സംസ്ഥാനത്തിന്‍െറ കീഴിലെ നഗരസഭാ കമീഷണര്‍ ബ്രിട്ടീഷ് പാതിരിയില്‍നിന്ന് വിലക്കുവാങ്ങിയ 23.24 ഏക്കര്‍ ഭൂമിയാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയത്. പാതിരിക്കുന്ന് എന്ന പേരുവന്നത് അങ്ങനെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നൈസ് ഓയില്‍ ഫാക്ടറി സ്ഥാപിക്കാനെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ മാലിന്യ നിക്ഷേപത്തിന് നാട്ടുകാരുടെ സമ്മതം വാങ്ങിയത്. ആദ്യകാലത്ത് നഗരത്തിലെ കക്കൂസുകളില്‍നിന്ന് ശേഖരിക്കുന്ന മനുഷ്യമലമാണ് ഇവിടേക്ക് മനുഷ്യര്‍ ചുമന്നുകൊണ്ടുവന്ന് തള്ളിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തോട്ടിപ്പണി നിര്‍ത്തലാക്കിയപ്പോള്‍ ആശുപത്രി, അറവുശാല മാലിന്യങ്ങളുടെയും പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും വരവ് തുടങ്ങി. ഇതോടെയാണ് പാതിരിക്കുന്ന് കൂറ്റന്‍ മാലിന്യമലയായി മാറിയത്.
1954ലാണ് ചേലോറ പാതിരിക്കുന്നില്‍ കണ്ണൂര്‍ നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. മലബാര്‍ മേഖല ഉള്‍പ്പെട്ട മദ്രാസ് സംസ്ഥാനത്തിന്‍െറ കീഴിലെ നഗരസഭാ കമീഷണര്‍ ബ്രിട്ടീഷ് പാതിരിയില്‍നിന്ന് വിലക്കുവാങ്ങിയ 23.24 ഏക്കര്‍ ഭൂമിയാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയത്. പാതിരിക്കുന്ന് എന്ന പേരുവന്നത് അങ്ങനെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നൈസ് ഓയില്‍ ഫാക്ടറി സ്ഥാപിക്കാനെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ മാലിന്യ നിക്ഷേപത്തിന് നാട്ടുകാരുടെ സമ്മതം വാങ്ങിയത്. ആദ്യകാലത്ത് നഗരത്തിലെ കക്കൂസുകളില്‍നിന്ന് ശേഖരിക്കുന്ന മനുഷ്യമലമാണ് ഇവിടേക്ക് മനുഷ്യര്‍ ചുമന്നുകൊണ്ടുവന്ന് തള്ളിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തോട്ടിപ്പണി നിര്‍ത്തലാക്കിയപ്പോള്‍ ആശുപത്രി, അറവുശാല മാലിന്യങ്ങളുടെയും പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും വരവ് തുടങ്ങി. ഇതോടെയാണ് പാതിരിക്കുന്ന് കൂറ്റന്‍ മാലിന്യമലയായി മാറിയത്.
മാലിന്യ നിക്ഷേപകേന്ദ്രം പൂര്‍ണമായി ഇവിടെനിന്നു മാറ്റണമെന്നും കുടിവെള്ളം മലിനമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കണമെന്നുമാണ് സമരപാതയിലുള്ള നാട്ടുകാരുടെ ആവശ്യം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയപ്രഖ്യാപനത്തില്‍ മാലിന്യങ്ങള്‍ ഉദ്ഭവസ്ഥാനത്തുതന്നെ സംസ്കരിക്കുമെന്ന് പറയുന്നുണ്ട്. ഇത് നടപ്പാക്കണമെന്നാണ് സമരസമിതി പറയുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും വേര്‍തിരിച്ച് കൊണ്ടുവരുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയും നടപ്പാക്കുന്നില്ല. മാലിന്യം വേര്‍തിരിക്കാന്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഷെഡ് ഉണ്ടാക്കിയെങ്കിലും ഇപ്പോഴും വേര്‍തിരിവില്ലാതെ മാലിന്യം തള്ളല്‍ തുടരുന്നു.
അതേസമയം, സമരത്തിലേര്‍പ്പെട്ടവര്‍ക്കുണ്ടായത് തിക്താനുഭവങ്ങളാണ്. സമരപ്പന്തലിലേക്ക് മാലിന്യലോറി ഇടിച്ചുകയറ്റി, സമരനേതാവായ കെ.കെ. മധുവിനെ കാറിലത്തെിയ സംഘം മര്‍ദിച്ച് പല്ലുകൊഴിച്ചു. മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ തള്ളിയ പ്ളാസ്റ്റിക് മാലിന്യങ്ങളുമായി നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറിലത്തെി പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലടച്ചു. പൊലീസ് പലതവണ സമരപ്പന്തല്‍ പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസവും പൊലീസ് അകമ്പടിയോടെ മാലിന്യലോറികളത്തെി. പൊലീസുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇനി മാലിന്യലോറികള്‍ തടയേണ്ടതില്ല എന്ന നിലപാടിലാണ് സമരസമിതി.
മാലിന്യമേഖലയില്‍ ഗുരുതര രോഗങ്ങളും
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ കേന്ദ്രത്തിനു സമീപത്തെ വീടുകളില്‍ നിരവധിപേര്‍ പക്ഷാഘാതം ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ ബാധിച്ച് കഴിയുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുപേര്‍ ഇവിടെ പക്ഷാഘാതം ബാധിച്ച് മരിച്ചു.
മാലിന്യകേന്ദ്രത്തിനു തൊട്ടുതാഴെയുള്ള അടുത്തടുത്ത വീടുകളില്‍ മൂന്നുപേര്‍ ഇപ്പോള്‍ പക്ഷാഘാതം ബാധിച്ച് ശരീരം പൂര്‍ണമായി തളര്‍ന്നു കിടപ്പിലാണ്. സമരസമിതി നേതാവായിരുന്ന ഏനാട്ട് നാരായണന്‍ മാസ്റ്റര്‍, അനാഥ മന്ദിരം ജീവനക്കാരനായിരുന്ന കുന്നത്ത് ജലീല്‍, ബസുടമയായിരുന്ന എന്‍.കെ. കുഞ്ഞിരാമന്‍ എന്നിവരാണ് തൊട്ടടുത്ത വീടുകളില്‍ സമാനമായ രോഗം ബാധിച്ച് തളര്‍ന്നുകിടക്കുന്നത്. ജീവനില്ലാത്ത കുടിവെള്ളത്തി ലൂടെ ശരീരത്തിലത്തെിയ മാലിന്യകേന്ദ്രത്തിലെ രാസവിഷങ്ങള്‍ കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ചത് പക്ഷാഘാതത്തിനു കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സറും ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമായുണ്ട്.
ചെറുപ്രായത്തില്‍ തന്നെ വാര്‍ധക്യലക്ഷണങ്ങള്‍ ബാധിച്ചവരെയും കാണാം. ഇതുസംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ പ്രദേശവാസികളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ. ആരോഗ്യവകുപ്പ് അധികൃതരോ ആരോഗ്യ-പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോ ഇക്കാര്യം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല.(തുടരും)
Courtesy: Madhyamam.12.04.2012
No comments:
Post a Comment
Thanks