ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, April 4, 2012

പെട്ടിപ്പാലം: DySP 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ പൗരാവകാശ ‘കോടതി വിധി’

 പെട്ടിപ്പാലം: ഡിവൈ.എസ്.പി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ 
പൗരാവകാശ ‘കോടതി വിധി’
തലശ്ശേരി: പെട്ടിപ്പാലത്ത് നടന്ന പൊലീസ്  അതിക്രമത്തിന് നേതൃത്വം നല്‍കിയ തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിക്കെതിരെ  ജില്ലാ പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ‘പ്രതീകാത്മക കോടതി’ വിധി. ഡിവൈ.എസ്.പി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ‘വിധി’യെന്ന്  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 29ന് പുന്നോലില്‍ സമിതി നടത്തിയ പൗരാവകാശ കോടതിയില്‍ ജനങ്ങള്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ‘വിധി’യെന്ന് പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. പൗരന്‍ പറഞ്ഞു. ഗുരുതരമായ ‘നിയമലംഘനം’ നടത്തിയ നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ പഞ്ചായത്ത്രാജ് ആക്ടനുസരിച്ച് പരമാവധി നഷ്ടപരിഹാരമായ 250 രൂപ നഷ്ടപരിഹാരം നല്‍കണം.
കേരളം സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഭീകരമായിരുന്നു പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും പൊലീസ് വെറുതെവിട്ടില്ല. സമരപന്തല്‍ പൊലീസ് കത്തിക്കുന്ന ബഹളം കേട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ സമരക്കാരായ സ്ത്രീകളോട് അസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ പെടുത്താവുന്ന വകുപ്പ് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഭീഷണി. വീട്ടമ്മമാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പൊലീസ് ഇടപെടല്‍. നെയിംപ്ളേറ്റ് ഇല്ലാത്ത യൂനിഫോം ധരിച്ചാണ് ജനക്കൂട്ടത്തെ പൊലീസുകാരില്‍ പലരും വേട്ടയാടിയത്.  
അഡ്വ.പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരി ദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവര്‍ ‘ജഡ്ജി’മാരായ പൗരാവകാശ ‘കോടതി’യില്‍ 28 പേര്‍ ഹാജരായി തെളിവു നല്‍കി.
മാലിന്യവണ്ടി കത്തിച്ചത് പൊലീസും നഗരസഭ അധികാരികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ‘കോടതി’ കണ്ടത്തെി.  സമരക്കാര്‍ മുഴുവന്‍ അറസ്റ്റിലായിരിക്കെ, പൊലീസ് ബന്തവസ്സുള്ള സ്ഥലത്ത് വണ്ടി കത്തിച്ചത് സമരക്കാരാണെന്ന് പറയുന്നത് ഗൂഢാലോചനയാണ്. ബസിന്‍െറ ചില്ല് തകര്‍ത്തെന്ന കുറ്റം ചാര്‍ത്തി അറസ്റ്റു ചെയ്തത് നിരപരാധികളായ ചെറുപ്പക്കാരെയാണെന്നും ‘കോടതി’ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ്, എം. സുല്‍ഫത്ത്, പ്രേമന്‍ പാതിരിയാട്, സി. ശശി എന്നിവര്‍ പങ്കെടുത്തു.
‘കേരളം പെട്ടിപ്പാലത്തേക്ക്’
പരിപാടി ഇന്ന്
തലശ്ശേരി: സംസ്ഥാനത്തെ സാമൂഹിക-പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളേയും  പങ്കെടുപ്പിച്ചുള്ള ‘കേരളം പെട്ടിപ്പാലത്തേക്ക്’ എന്ന പരിപാടി ഇന്ന് രാവിലെ 9.30ന് നടക്കും. കെ. വേണു, വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, കെ. അജിത, സി.ആര്‍. നീലകണ്ഠന്‍, അഡ്വ.പി.എ പൗരന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സി.കെ. ജാനു, പി. മുജീബ്റഹ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

No comments:

Post a Comment

Thanks