സാഹോദര്യത്തിന്‍െറ
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും സമന്വയ വേദിയായി. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലൊരുക്കിയ പരിപാടി സമൂഹത്തിന്‍െറ നാനാതുറകളിലുള്ള വിശിഷ്ടവ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായി. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു. ലോകം മുഴുവന്‍ വിഷമം പിടിച്ച കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഖുര്‍ആനിലെ മഹത്തായ ഉപദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിശുദ്ധ മാസത്തിലെങ്കിലും നാം സ്കൂള്‍ കച്ചവടത്തിലും ഭൂമി കച്ചവടത്തിലും വ്യാപൃതരാകാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലതാണെന്ന് പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ എം.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കി. ഖുര്‍ആന്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍െറ സന്തോഷത്തിനും സമാധാനജീവിതത്തിനും ഊന്നല്‍നല്‍കുമ്പോള്‍ തന്നെ സമാധാനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരായ സമരത്തിനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുവെന്ന് എം.കെ. മുഹമ്മദലി വിശദമാക്കി.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മനുഷ്യസഞ്ചയത്തിന്‍െറ കണ്ണിമുറിയാത്ത ബന്ധത്തിന്‍െറ സൂചനകൂടിയാണ് റമദാനെന്നും സാഹോദര്യത്തിന്‍െറയും സമവായത്തിന്‍െറയും വലിയ സന്ദേശം അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ എന്നിവര്‍ സംസാരിച്ചു.
മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി, കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍, പ്രഫ. എ.ഡി. മുസ്തഫ, ഡോ. എം.പി. അഷ്റഫ്, ഫാ. ദേവസ്യ ഈരത്തറ, കല്ളേന്‍ പൊക്കുടന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് കെ.ബാലചന്ദ്രന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, ഇസ്മാഈല്‍ ഹാജി, അഡ്വ. രത്നാകരന്‍, ഡോ. ജയചന്ദ്രന്‍, ഡോ. പൊതുവാള്‍, രാധാകൃഷ്ണന്‍ കൂടാളി, വി.കെ. ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks