ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു നേട്ടം
കാഞ്ഞിരോട്: ചെന്നൈ വേല്‍സ് യൂനിവേഴ്സിറ്റിയില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷോണിമ നെല്യാട്ട് അവതരിപ്പിച്ച ഗവേഷണ പ്രോജക്ട് എ പ്ലസ് ഗ്രേഡോടെ തെരഞ്ഞെടുക്കപ്പെട്ടു. 600ഓളം പ്രോജക്ട് അവതരിപ്പിച്ചതില്‍ ദേശീയതലത്തില്‍ 30 പ്രോജക്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് ഷോണിമയുടേതടക്കം മൂന്നു പ്രോജക്ടുകളാണുള്ളത്.'കെട്ടിടവത്കരണവും ആധുനിക കൃഷിരീതിയും ജൈവവൈവിധ്യത്തിലും മണ്ണിലും വരുത്തുന്ന മാറ്റം' എന്നതായിരുന്നു പഠനവിഷയം. പ്രോജക്ടിലെ മറ്റൊരംഗമായ എന്‍. ശ്രേയ ചെന്നൈയിലെ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രോജക്ട് അവതരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള സയന്‍സ് കോണ്‍ഗ്രസിലും ഷോണിമ നെല്യാട്ട് പ്രോജക്ട് അവതരിപ്പിക്കും. എന്‍.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ പുണെയില്‍ നടക്കുന്ന പ്രോജക്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
2003 മുതല്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും പ്രോജക്ട് അവതരിപ്പിച്ച് നിരവധി നേട്ടം കൈവരിച്ച വിദ്യാലയമാണ് മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. തുടര്‍ച്ചയായി രണ്ടുവര്‍ഷം സബ്ജില്ലാതലത്തില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ് ലഭിച്ചത്. ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ മികച്ച സയന്‍സ് ക്ലബ് മുണ്ടേരി സ്കൂളിലേതായിരുന്നു. ശാസ്ത്രാധ്യാപകനായ കെ.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ കെ.എം. ലത, ഒ.എം. ഗോപാലന്‍, കെ. ഷാബു എന്നിവരാണ് കുട്ടികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നത്. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ എല്ലാറ്റിനും പിന്തുണയേകുന്നു.
Courtesy:Madhyamam/05-01-01
No comments:
Post a Comment
Thanks