മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും
കോഴിക്കോട്: അഴിമതിയും വിവേചനങ്ങളും ക്രിമിനല്‍വത്കരണവും തിളക്കംകുറച്ച ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പ് ഉദ്ഘോഷിച്ച് പിറവിയെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ബുധനാഴ്ച പ്രൗഢ ഗംഭീരമായ വേദിയും സദസ്സും സാക്ഷിയാക്കി കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. രാജ്യം ഉയര്‍ത്തിപ്പിടിച്ച മഹിത മൂല്യങ്ങളെ ജനപക്ഷ രാഷ്ട്രീയത്തിലൂടെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും ക്രിമിനലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്‍െറയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനും വെല്‍ഫെയര്‍ പാര്‍ട്ടിയില്ല. രാജ്യത്തെ ചില വിഭാഗങ്ങളെ മാത്രമേ ദേശീയ പാര്‍ട്ടികള്‍ പോലും പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും സ്വത്ത് ആര്‍ക്കും ഏതുസമയവും പരിശോധിക്കാമെന്ന് എസ്.ക്യു.ആര്‍.ഇല്യാസ് പറഞ്ഞു.
ചൂഷണമുക്തവും എല്ലാവര്‍ക്കും തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നതുമായ പുതിയ ഇന്ത്യയെ നിര്‍മിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. സര്‍ക്കാരിന് മറെറാരു കണക്കുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനവും ദാരിദ്യത്തിലാണ്.ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി രൂപംകൊണ്ടത്. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടാവുന്നതോ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ഉണ്ടാക്കിയതോ അല്ല. 20 ഓ 30 ഓ വര്‍ഷം കൊണ്ട് നേടാവുന്ന ദീര്‍ഘലക്ഷ്യങ്ങളാണിത്.അത് രാജ്യത്തിന്‍െറ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്ന് വന്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിന് സംഭാവനചെയ്യാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോ.കൂട്ടില്‍ മുഹമ്മദലി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായുള്ളതല്ല ഈ പാര്‍ട്ടി. അവരെ തിരുത്താനും അവരെക്കൂടി സഹകരിപ്പിച്ച് മുന്നോട്ടുപോകാനുമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ഇതിനായി മൂല്യങ്ങളില്‍ ഒരുവിട്ടുവീഴ്ചയയും ചെയ്യില്ല. മുന്‍ധാരണ വെച്ച് വെല്‍ഫയര്‍ പാര്‍ട്ടിയെ വിലയിരുത്തരുതെന്ന് അദ്ദേഹം മറ്റു രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു.അവസാനത്തെ വ്യക്തിക്കും ഗുണം ലഭക്കുന്നതായിരിക്കണം എല്ലാ വികസനവുമെന്ന് കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്ക് ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് പാര്‍ട്ടി പതാക കൈമാറി.ഇന്ത്യന്‍ ദേശീയതയില്‍ ചരിത്രം രൂപംകൊടുത്ത സ്നേഹ സമൂഹമാണ് വെല്‍ഫയര്‍ പാര്‍ട്ടിയെന്ന് ഫാ. അബ്രഹാം ജോസഫ് പറഞ്ഞു. ജനാധിപത്യ ബദലാണ് പുതിയ പാര്‍ട്ടിയിലൂടെ നിര്‍വഹിക്കാന്‍ പോകുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.കേരളത്തില്‍ ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം അംഗങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ.അബ്ദുല്‍ഹക്കീം പറഞ്ഞു.ദേശീയ വൈസ് പ്രസിഡന്‍റ് ലളിതാ നായിക്, ജനറല്‍ സെക്രട്ടറി പി.സി.ഹംസ, സെക്രട്ടറി സുബ്രഹ്മണി, ട്രഷറര്‍ അബ്ദുസ്സലാം വാണിയമ്പലം,വനിതാ കണ്‍വീനര്‍ സീമാ മുഹ്സിന്‍, തമിഴ്നാട് ഘടകം പ്രസിഡന്‍റ് എസ്.എന്‍.സിക്കന്തര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കരിപ്പുഴ സുരേന്ദ്രന്‍,പ്രേമ പിഷാരടി, സി.അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, സെക്രട്ടറി ഇ.എ.ജോസഫ്, ട്രഷറര്‍ പ്രഫ.പി.ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തെ കര്‍ണാടക മുന്‍ മന്ത്രികൂടിയായ ലളിതാ നായിക് പതാക ഉയര്‍ത്തി.
No comments:
Post a Comment
Thanks