ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 30, 2011

പെട്ടിപ്പാലം മാലിന്യം: മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു

പെട്ടിപ്പാലം മാലിന്യം:
മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും അവധിപറഞ്ഞ് മുഖ്യമന്ത്രിയെ മധ്യസ്ഥനാക്കാനുള്ള നഗരസഭയുടെ ശ്രമത്തിന് തടയിടാന്‍ പ്രശ്നസംബന്ധമായ എല്ലാ രേഖകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജനാരോഗ്യ സംരക്ഷണ സമിതി അയച്ചുകൊടുത്തു. ദേശീയ മനുഷ്യാവകാശ കമീഷന്‍ സമരസമിതിക്ക് നല്‍കിയ മറുപടി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട്, മുമ്പ് വിവിധതലങ്ങളില്‍ നല്‍കിയ നിവേദനങ്ങള്‍, നിയമസഭയില്‍ നല്‍കിയ മറുപടി, നഗരസഭ വിവിധ കാലങ്ങളില്‍ പാസാക്കിയ മാലിന്യ സംസ്കരണ പ്രോജക്ടുകള്‍, മാലിന്യം തള്ളല്‍ നിര്‍ത്തുമെന്ന കൌണ്‍സില്‍ തീരുമാനം, നഗരസഭാ മാലിന്യം കടലില്‍തള്ളാന്‍ വേണ്ടി കടല്‍ഭിത്തി തകര്‍ത്തതിന്റെ ചിത്രങ്ങള്‍ തുടങ്ങിയ വിവിധ രേഖകളുടെ പകര്‍പ്പുകളാണ് മുഖ്യമന്ത്രിക്ക് അയച്ചത്.
നിയമങ്ങളും കോടതിവിധികളും ലംഘിച്ച് തലശേãരി നഗരസഭ പെട്ടിപ്പാലത്ത് നടത്തുന്ന മാലിന്യംതള്ളല്‍ അവസാനിപ്പിക്കണമെന്നും പെട്ടിപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയില്‍നിന്നും നഗരസഭയെ പിന്തിരിപ്പിക്കണമെന്നും സമിതി അഭ്യര്‍ഥിച്ചു.
പഠനക്ലാസ്
ന്യൂമാഹി: ഭരണാധികാരികളുടെയും മനുഷ്യരുടെയും പ്രവര്‍ത്തനഫലമായാണ് ഇന്ന് പ്രകൃതിക്ക് വിനാശവും കോട്ട നഷ്ടങ്ങളും സംഭവിക്കുന്നതെന്ന് മദ്യവര്‍ജന സമിതി ശാന്തിസേന കൌണ്‍സില്‍ ജില്ലാ സെക്രട്ടറി സി.വി. രാജന്‍ മാസ്റ്റര്‍. 'മലിനീകരിക്കപ്പെടുന്ന മണ്ണും വിണ്ണും' എന്ന വിഷയത്തില്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ പഠനക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതരീതികളും ഭക്ഷണരീതികളും പ്രകൃതിക്ക് ഇണങ്ങുന്നതാക്കിക്കൊണ്ടും പ്ലാസ്റ്റിക് ഉപയോഗം പരമാവധി വര്‍ജിച്ചുകൊണ്ടും സമൂഹത്തില്‍ മാറ്റത്തിന് മുന്‍കൈയെടുക്കാന്‍ പെട്ടിപ്പാലം സമര വളന്റിയര്‍മാര്‍ തയാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks