മുല്ലപ്പൂ വിപ്ലവം നുണക്കോട്ടകള്‍ തകര്‍ക്കുന്നത്
-മുജീബുറഹ്മാന്‍
കണ്ണൂര്‍: ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുമെതിരെ പ്രചരിപ്പിക്കപ്പെട്ട നുണക്കോട്ടകള്‍ തകര്‍ക്കുന്നതാണ് അറബ് രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവമെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ പറഞ്ഞു. 'അറബ് വസന്തം നവയുഗപ്പിറവി' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെ സ്ഫോടനങ്ങള്‍ നടന്നാലും അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം മൌദൂദിയും ബ്രദര്‍ഹുഡുമാണെന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ വഴിയുള്ള മാറ്റത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായാണ് മൌദൂദിയും ബ്രദര്‍ഹുഡും വിലയിരുത്തപ്പെടുന്നത്.
ഇസ്ലാം ഭീതിയുടെ കാലം മാറുകയാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഭീകരന്മാരായി കണ്ടിരുന്ന അമേരിക്ക പോലും നിലപാട് മാറ്റി ഇസ്ലാമിസ്റ്റുകളുമായി ചര്‍ച്ചക്ക് തയാറായിരിക്കുന്നു. ഇസ്ലാമിസ്റ്റുകള്‍ ബഹുസ്വരതയുമായി യോജിച്ചുപോകില്ലെന്ന ആക്ഷേപവും പൊളിഞ്ഞിരിക്കുന്നു. ഈജിപ്തിലും ടുനീഷ്യയിലുമൊക്കെ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം ക്രൈസ്തവരും കമ്യൂണിസ്റ്റുകളും കൈകോര്‍ത്താണ് വിപ്ലവം വിജയത്തിലെത്തിച്ചത്.
തഹ്രീറി സ്ക്വയറില്‍ സ്ത്രീകളുമുണ്ടായിരുന്നു. ടുനീഷ്യയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇസ്ലാമിസ്റ്റുകളില്‍ പകുതിപേര്‍ സ്ത്രീകളാണ്. ഇസ്ലാമിസ്റ്റുകള്‍ സ്ത്രീ വിരുദ്ധരാണെന്ന ആക്ഷേപവും അറബ് വസന്തം പൊളിച്ചെറിഞ്ഞിരിക്കുകയാണ്. വിശപ്പും അടിച്ചമര്‍ത്തലും അസഹനീയമായപ്പോള്‍ അറബ് യുവത സാതന്ത്യ്രത്തിന്റെ ശുദ്ധവായു കണ്ടെത്തിയത് ഇസ്ലാമിക പ്രസ്ഥാനത്തിലാണ് എന്നതാണ് ഈ വിപ്ലവത്തിന്റെ കൊടിയടയാളം. എന്നാല്‍, ഇതൊന്നും തിരിച്ചറിയാന്‍ നമ്മുടെ നാട്ടിലെ മതസംഘടനകള്‍ക്കും അള്‍ട്രാ സെക്യുലറിസ്റ്റുകള്‍ക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അറബ് വസന്തത്തിന്റെ ഇന്ത്യന്‍ രൂപം ഉണ്ടാകണമെന്ന് എഴുത്തുകാരന്‍ കെ.സി. വര്‍ഗീസ് പറഞ്ഞു. മന്ത്രിയുടെ കരണത്തടിക്കാന്‍ ആളുണ്ടായെന്നത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ആത്മീയതയെ നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രീയം സാധ്യമല്ല. അറബ് വസന്തം നല്‍കുന്ന പാഠമിതാണ്. പൊതുമണ്ഡലത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തേണ്ടതില്ല. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതാണ് അറബ് നാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവം. എന്നാല്‍, നമ്മുടെ നാട്ടിലെ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വര്‍ഗീസ് ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖലാ നാസിം അബ്ദുറഹിമാന്‍ വളാഞ്ചേരി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹീം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അബ്ബാസ് മാട്ടൂല്‍ ഖിറാഅത്ത് നടത്തി.
No comments:
Post a Comment
Thanks