ചേലോറയില്‍ മാലിന്യവണ്ടി
വീണ്ടും തടഞ്ഞു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യമിറക്കാന്‍ പൊലീസ് സന്നാഹത്തോടെ വന്ന കണ്ണൂര്‍ നഗരസഭയുടെ വണ്ടികള്‍ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച മാലിന്യമിറക്കാന്‍ വന്ന ഒരു വണ്ടി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മൂന്ന് വണ്ടികള്‍ സിറ്റി സി.ഐ സുകുമാരന്റെ നേതൃത്വത്തില്‍ എത്തിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോമചന്ദ്രന്‍,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ അഡ്വ. മീറ വത്സന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ വണ്ടി തടഞ്ഞു. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉച്ചയോടെ മാലിന്യമിറക്കാന്‍ കഴിയാതെ തിരിച്ചുപോയി. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അല്‍പനേരത്തെ വാക്കേറ്റമുണ്ടായെങ്കിലും വണ്ടികള്‍ തടഞ്ഞ സ്ത്രീകള്‍ ഒഴിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് മാലിന്യമിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. അര നുറ്റാണ്ടുകാലത്തെ പഴക്കമുള്ളതും പരിഹാരം കാണാത്തതുമായ നിരവധി പ്രശ്നങ്ങളാണ് ചേലോറയിലെ ജനങ്ങളെ സമരത്തിലേക്ക് നയിച്ചത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കാത്തതാണ് ഇപ്പോഴത്തെപ്രശ്നത്തിന് കാരണമെന്നറിയുന്നു. നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ട്രഞ്ചിങ് ഗ്രൌണ്ട് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന് നഗരസഭ നടപ്പാക്കിയ പദ്ധതി കാര്യക്ഷമമല്ലാത്തതിനാല്‍ ഇരുനൂറ്റമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഏച്ചൂര്‍ ബസാറില്‍ നിര്‍മിച്ച കിണറില്‍ വെള്ളംകുറവായതുകാരണം ആവശ്യത്തിന് ജലം പമ്പുചെയ്യാന്‍ പറ്റാത്തതും പ്രശ്നംരൂക്ഷമാക്കിയിരിക്കുകയാണ്. ചേലോറയിലെ കുടുംബങ്ങളുടെകുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ മാലിന്യമിറക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചേലോറയിലെ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണാതെ ഓരോ തവണയും ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍ നല്‍കി നാട്ടുകാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മധു ചേലോറ, രാജീവന്‍ ചാലോടന്‍, പിഷാരടി ഏച്ചുര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിസരപ്രദേശത്തുള്ള വീട്ടുകാരും നാട്ടുകാരുമാണ് ഇന്നലെ മാലിന്യവണ്ടി തടഞ്ഞത്.
No comments:
Post a Comment
Thanks