ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, December 22, 2011

എ.ഐ.സി.എല്‍ കണ്ണൂര്‍ ഓഫിസ് തുറന്നു

 
 
 എ.ഐ.സി.എല്‍ കണ്ണൂര്‍ ഓഫിസ് തുറന്നു.
ഇസ്ലാമിക സാമ്പത്തികവ്യവസ്ഥ സമ്പദ്ഘടനയെ
ശക്തിപ്പെടുത്തും -ടി. ആരിഫലി
കണ്ണൂര്‍: സമ്പദ്ഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ ഇസ്ലാമിക സാമ്പത്തികവ്യവസ്ഥക്ക് കഴിയുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക വ്യവസ്ഥയില്‍ പലിശയില്ല. പകരം ലാഭവും നഷ്ടവും പരസ്പരം പങ്കുവെക്കുകയാണ് ചെയ്യുക. അതിനാല്‍ സംരംഭകന് നഷ്ടം സംഭവിക്കാതിരിക്കാനുള്ള നിരീക്ഷണം മുതല്‍മുടക്കുന്നവന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ലാഭമായാലും നഷ്ടമായാലും മുതല്‍മുടക്കിയയാള്‍ക്ക് പലിശ നല്‍കണമെന്നതാണ് നിലവിലെ ബാങ്കിങ് രീതിയുടെ വലിയ പ്രശ്നം.
ഇതില്‍നിന്ന് മാറി ലാഭവും നഷ്ടവും സംരംഭകനും ഇടപാടുകാരനും പരസ്പരം അറിയുന്ന സുതാര്യതയാണ് ഇസ്ലാമിക സാമ്പത്തിക തത്ത്വത്തിന്റെ സവിശേഷത. ഊഹക്കച്ചവടത്തെ അത് നിരാകരിക്കുന്നു. ഇന്ന് സാമ്പത്തിക മേഖലയിലെ അപകടങ്ങള്‍ക്ക് കാരണം ഓഹരിക്കമ്പോളത്തിലെയും മറ്റും ഊഹക്കച്ചവടമാണ്. മുതലാളിത്ത ബാങ്കുകള്‍ തകര്‍ന്നത് അങ്ങനെയാണ്. ഇതേതുടര്‍ന്ന് രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിലായി. കെട്ടിക്കിടക്കുന്ന പണം രാജ്യത്തിന്റെ പൊതു സാമ്പത്തികപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഇസ്ലാമിക് ബാങ്കിങ്ങിനായി വാദിക്കുന്നതെന്നും ആരിഫലി പറഞ്ഞു.
ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഐ.സി.എല്‍ ഓഫിസിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുറഖീബ് നിര്‍വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് മഹേഷ്ചന്ദ്ര ബാലിഗ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഡോ. പി.സി. അന്‍വര്‍ സ്വാഗതം പറഞ്ഞു.
 
 
 
 
 ഇസ്ലാമിക് ബാങ്കിങ്:റിസര്‍വ് ബാങ്ക് നിലപാട് പുനഃപരിശോധിക്കണം -അബ്ദുറഖീബ്
കണ്ണൂര്‍: ഇസ്ലാമിക് ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ കേന്ദ്ര ധനകാര്യ വകുപ്പും റിസര്‍വ് ബാങ്കും നിലപാട് പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് (ന്യൂദല്‍ഹി) ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുറഖീബ്. ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഇസ്ലാമിക് ഫിനാന്‍സ്' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം രാജ്യങ്ങളില്‍ മാത്രമല്ല ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇസ്ലാമിക് ബാങ്കുകള്‍ അതിവേഗം പ്രചാരം നേടുകയാണ്. 15 ശതമാനത്തിന് മുകളിലാണ് ലോകതലത്തില്‍ ഇസ്ലാമിക് ബാങ്കിങ് സ്ഥാപനങ്ങളുടെ വളര്‍ച്ചനിരക്ക്. ഇസ്ലാമിക് ഫിനാന്‍സ് രീതി ലോകബാങ്കിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്.
ഇന്ത്യ ആഗ്രഹിക്കുന്ന 9.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ അടിസ്ഥാനസൌകര്യ വികസനത്തിന് ഒരു ട്രില്യന്‍ ഡോളര്‍ സമാഹരിക്കണം. ഈ തുക പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് നിക്ഷേപമായി സമാഹരിക്കാന്‍ സാധിക്കും. പശ്ചിമേഷ്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഇസ്ലാമിക് ബാങ്കിങ് രീതി മുന്നോട്ടുവെക്കാന്‍ നമുക്ക് കഴിയണം. ബ്രിട്ടനും ജര്‍മനിയും ഇന്തോനേഷ്യയും മലേഷ്യയും ഇത്തരത്തില്‍ പശ്ചിമേഷ്യന്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ട്.
ഇന്ത്യയില്‍ ബാങ്ക് ദേശസാത്കരണം നടന്നിട്ട് 40 വര്‍ഷം കഴിഞ്ഞിട്ടും സാധാരണക്കാരായ 60 ശതമാനവും ബാങ്കിങ് സേവനമേഖലക്ക് പുറത്താണ്. 5.2 ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് ബാങ്കുകള്‍ക്ക് ബ്രാഞ്ചുകളുള്ളത്. ഇതിന് മാറ്റം വരണം. സാധാരണക്കാരുടെ ജീവിതോപാധിയായ കൃഷി, ഉല്‍പാദന മേഖലകളിലാണ് ഇസ്ലാമിക് ഫിനാന്‍സ് ഊന്നല്‍ നല്‍കുന്നത്. ലാഭവും നഷ്ടവും പങ്കുവെക്കുന്ന ഇസ്ലാമിക് ബാങ്കിങ് കര്‍ഷക ആത്മഹത്യക്ക് പരിഹാരമാണെന്ന് എം.എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടിരുന്നു.
അല്‍ബറഖ എന്ന പേരില്‍ ഇസ്ലാമിക് ബാങ്കിങ് സ്ഥാപനം രൂപവത്കരിച്ച് അടിസ്ഥാനസൌകര്യ വികസനത്തിന് പണം കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം ശരിയായ ദിശയിലുള്ളതാണ്. ചെറിയ തോതിലുള്ള പലിശരഹിത വായ്പാ സംവിധാനത്തിന് ആന്ധ്ര സര്‍ക്കാറും തുടക്കംകുറിച്ചിട്ടുണ്ട്.
ഇസ്ലാമിക് ബാങ്കിങ് മുസ്ലിംകള്‍ക്ക് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണയുണ്ട്. സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജി കേരള ഹൈകോടതി തള്ളിയത് ഇതിനാലാണ്. പലിശരഹിത ബാങ്കിങ് എല്ലാ ആളുകള്‍ക്കും ഗുണം ചെയ്യുന്ന ചൂഷണരഹിതമായ സാമ്പത്തിക വ്യവസ്ഥയാണെന്നും അബ്ദുറഖീബ് പറഞ്ഞു.
ഇസ്ലാമിക് ഫിനാന്‍സിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍ പറഞ്ഞു. സാമ്പ്രദായിക ബാങ്കിങ് രീതിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഏറ്റവും ഫലപ്രദമായ ബദല്‍ ആയാണ് ഇസ്ലാമിക് ബാങ്കിങ് പരിഗണിക്കപ്പെടുന്നത്. ഇസ്ലാമിന്റെ ആഴമേറിയ ജീവിതവീക്ഷണങ്ങളാണ് അത് പ്രതിനിധാനം ചെയ്യുന്നത്. എല്ലാവര്‍ക്കും ഗുണം ചെയ്യുന്നത് എന്നതാണ് ഇസ്ലാമിക് ഫിനാന്‍സിന്റെ പ്രസക്തി. ആധുനിക ബാങ്കിങ് മേഖലയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക് ബാങ്കിങ് ബദല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് മൈക്കിള്‍ തരകന്‍ ചൂണ്ടിക്കാട്ടി.
എ.ഐ.സി.എല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.കെ. അലി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ എ.ഐ.സി.എല്‍ ഡയറക്ടര്‍ കെ.ടി. മുഹമ്മദ് അബ്ദുല്‍ സലാം, എം.വി. മുഹമ്മദ് സലീം മൌലവി, കെ.എം. തഖ്യുദ്ദീന്‍, അഹ്മദ് പാറക്കല്‍, തന്‍വീര്‍ മൊഹ്യുദ്ദീന്‍, എ.വി. കബീര്‍, എ.ഐ.സി.എല്‍ ഡയറക്ടര്‍ സി.എ. അബ്ദുല്‍ ഹമീദ്, മുഹമ്മദ് പാലത്ത് എന്നിവര്‍ ക്ലാസെടുത്തു. ഫൈസല്‍ ബാവ നന്ദി പറഞ്ഞു. സുമയ്യ ഖിറാഅത്ത് നടത്തി.

No comments:

Post a Comment

Thanks