ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്
കേരളത്തിലെ 268 ഓളം പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് കുറ്റാവാളികളുടെ വിനിമയങ്ങള്‍ നിരീക്ഷിക്കുന്ന നിയമത്തിന്റെ മറവില്‍ 268 ഓളം സാധാരണ പൗരന്മാരുടെ സകല സ്വകാര്യതയിലേക്കും സര്‍ക്കാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ് ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.കേവലം വ്യക്തികളെ തിരിച്ചറിയുന്നതിനാണ് സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കിയെന്ന വാദം 8 ജി.ബിയുള്ള സി.ഡിയാണ് കൈമാറിയതെന്ന വെളിപ്പെടുത്തലിലൂടെ തര്‍ന്നിരിക്കുകയാണ്. ഇതിനര്‍ത്ഥം ഈ 268 ആളുകള്‍ മെയില്‍ ഐ.ഡി തുടങ്ങിയതുമുതല്‍ നടത്തിയ എല്ലാ വിനിമയങ്ങളും അധികാരികള്‍ കൈക്കലാക്കിക്കഴിഞ്ഞു എന്നാണ്. പത്രപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍, വിവിധ കമ്പനികള്‍ തുടങ്ങിയവരുടെയൊക്കെ കത്തിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തായിരിക്കെ, ഈ മുഴുവന്‍ മനുഷ്യരുടെയും ജീവിതം ആശങ്കകളിലും ഭീതിയിലുമകപ്പെട്ടിരിക്കുന്നു. അവരെ തിരിച്ചറിഞ്ഞ് അവരോട് നേരിട്ടന്വേഷിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം നിറവേറ്റാതെ രഹസ്യമായി അവരുടെ മെയില്‍ ചോര്‍ത്താന്‍ നല്‍കിയ ഉത്തരവ് കൂടുതല്‍ ദുരൂഹമായിരിക്കുകയാണ്.
വളരെയധികം ചോദ്യങ്ങള്‍ക്ക് അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്. തിരിച്ചറിയുക പോലും ചെയ്യാത്ത ആളുകളെ ഒരു പ്രത്യേക സംഘടനയുമായി ബന്ധമുള്ളവര്‍ എന്ന് സര്‍ക്കാര്‍ മുദ്രകുത്തിയതെന്തിന്? ഇനി അവരെ തിരിച്ചറിയണമെങ്കില്‍ അവരോട് നേരിട്ടന്വേഷിക്കാതെ രഹസ്യമായി മെയില്‍ ചോര്‍ത്തിയതെന്തിന്? ഒരു പ്രതിയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെങ്കില്‍ അയാളില്‍ നിന്നുതന്നെ അയാള്‍ ബന്ധപ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ ലഭിക്കുമായിരുന്നില്ലേ? മെയില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇനി എക്കാലത്തും പോലീസ് നിരീക്ഷണത്തിലായിരിക്കുമോ? അവരുടെ ഭാവി എന്ത്? തുടങ്ങി പോലീസ് അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് മുഖ്യമന്ത്രി പറയുന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും സര്‍ക്കാര്‍ വിശദമാക്കേണ്ടതാണ്. വര്‍ഗീയ താല്‍പര്യങ്ങളുള്ള നിയമ പാലകര്‍ക്കും അധികാരികള്‍ക്കും ഈ വിവരങ്ങള്‍ വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കും. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുമോ? സാധാരണ പൗരന്മാരായ ഞങ്ങളുടെ സമാധാനമായി ജീവീക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ് അപകടത്തിലായിരിക്കുന്നത്. ഇതില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും സ്വഭാവത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുകതന്നെ വേണം. സര്‍ക്കാര്‍ നടപടികള്‍ തൃപ്‌തികരമല്ലെങ്കില്‍ നീതിലഭിക്കാനായി നിയമപരമായ വഴികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.
കേരളാ പോലീസ് നിരീക്ഷിക്കുന്ന ഇ-മെയില്‍ ഐഡി ഉപയോക്താക്കളുടെ തുറന്ന കത്ത്
കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി കെ.കെ ജയമോഹന്‍ 2011 നവംബര്‍ 3ന് കേരള പോലീസ് എ.ഡിജിപിക്ക് വേണ്ടി ഹൈടെക് ക്രൈം അന്വേഷമ വിഭാഗത്തിന്റെ കമാണ്ടര്‍ക്ക് (No.p3, 2444/2011 SB) എന്ന നമ്പരായി അയച്ച കത്തില്‍ ഞങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടെന്ന വിവരം പത്രദ്വാരാ അറിഞ്ഞത് ഇന്ത്യന്‍ പൗരന്‍മാരായ ഞങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ആ കത്തില്‍ പറയുന്നത് `Please find enclosed a copy of the e-mail IDs of individuals who have connection with SIMI activities. You are directed to identify the individuals behind the e-mail IDs contained in the list by verifying the registration and log in details with concerned email Service providers and forward the names and addresses of the individuals who own the email IDs, and furnish the report to this office urgently.' എന്നാണ്. പല പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ഞങ്ങള്‍ അറിഞ്ഞത് ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഡി കളുടെ ലോഗിന്‍ വിവരങ്ങള്‍ ഇമെയില്‍ ദാദാക്കളോട് പോലീസ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. സ്റ്റേറ്റിന്റെ പോലീസ് നിരീക്ഷണത്തിലാണ് ഞങ്ങളെന്നത്‌് ഞങ്ങളെ ഭയചകിരാക്കുന്നുണ്ട്.ഞങ്ങളുള്‍പ്പെടെയുള്ള ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഈ സര്‍ക്കാരിന് ഇവിടത്തെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പക്ഷേ ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വകാര്യതക്ക് മേല്‍ കടന്നുകയറുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനമാണെന്നു ഞങ്ങള്‍ കരുതുന്നു. ഭരണഘടനയുടെ പാര്‍ട്ട് 3 ലുള്ള ആര്‍ട്ടിക്കിള്‍ 14,15,17,19,21 തൂടങ്ങിയവ ഉറപ്പ് വരുത്തുന്ന സമത്വാവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത ഉറപ്പ് വരുത്താനുള്ള അവകാശം, വിവേചനം നേരിടാതിരിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
മേല്‍ സൂചിപ്പിച്ച കത്തില്‍ പറഞ്ഞിരിക്കുന്ന സിമി ബന്ധം എന്നത് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് വന്ന പിഴവാണെന്ന് മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. അതിനാല്‍ പോലീസ് ഉദ്യോഗസ്ഥനതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങളില്‍ പലരുടേയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. പോലീസിന്റെ സംശയദൃഷ്ടിയാര്‍ന്ന നിരീക്ഷണ വലയത്തിലൂടെ ഞങ്ങളുടെ ജീവിത്തെ സാധാരണ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഇങ്ങനെയൊരു നോട്ടപ്പുള്ളി പട്ടികയിലുള്‍പ്പെട്ടത് ഞങ്ങളുടെ ജീവിതത്തിന്റെ സാമൂഹ്യവും സാംസ്‌കാരിവും സാമ്പത്തകവുമായ മേഖലകളെ ബാധിക്കും. അതുകൊണ്ട് മുഖ്യമന്ത്രി ഈ തെറ്റിനെ തിരുത്തുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ഞങ്ങളുടെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://thefishpond.in/anivar/2012/open-letter-by-the-victims-of-police-surveillance/
No comments:
Post a Comment
Thanks