ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 7, 2012

വാതക പൈപ്പ്ലൈന്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും -സി.ആര്‍. നീലകണ്ഠന്‍

 
 ദക്ഷിണേന്ത്യയിലെ ഇരകള്‍ 28ന് ‘ഗെയില്‍’ ഓഫിസ് മാര്‍ച്ച് നടത്തും
വാതക പൈപ്പ്ലൈന്‍ പദ്ധതി വന്‍ പ്രത്യാഘാതം
സൃഷ്ടിക്കും -സി.ആര്‍. നീലകണ്ഠന്‍
കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ വാതക പൈപ്പ്ലൈന്‍ പദ്ധതി ഇരകള്‍ മേയ് 28ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കൊച്ചി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കണ്ണൂരില്‍ കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇരകളുടെ പ്രതിനിധിസംഗമത്തിലാണ് സമര പ്രഖ്യാപനം.
സാമൂഹിക സാമ്പത്തിക മേഖലകളില്‍ പദ്ധതി വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. 
വന്‍കിട വ്യവസായികള്‍ക്ക് ചുരുങ്ങിയ വിലയില്‍ പ്രകൃതിവാതകം വിതരണം ചെയ്യാന്‍ ജനങ്ങളുടെ പാര്‍പ്പിട-കൃഷിഭൂമികള്‍ നഷ്ടപരിഹാരം നല്‍കാതെ മരവിപ്പിക്കാനുള്ള തീരുമാനം ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ പൈപ്പ്ലൈനാണ് ഭരണകൂടങ്ങള്‍ ചേര്‍ന്ന് സ്ഥാപിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച തമഴ്നാട് കര്‍ഷകസംഘം ജനറല്‍ സെക്രട്ടറി പി. കന്ദസ്വാമി അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ പദ്ധതി നിമിത്തമാവുന്നത് പ്രതീക്ഷ നല്‍കുന്നു. മംഗലാപുരം റിഫൈനറീസിന്‍െറ പൈപ്പ്ലൈന്‍ ഉയര്‍ത്തിയ ഭീഷണിക്ക് പിറകെ വാതകലൈന്‍ കര്‍ണാടകയില്‍ ആശങ്ക പരത്തുകയാണെന്ന് കൃഷ്ണപ്രസാദ് (മംഗലാപുരം) പറഞ്ഞു.
മേല്‍മണ്ണ് നഷ്ടമായി കൃഷി മുടങ്ങുന്നതാണ് പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നം. ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ദക്ഷിണേന്ത്യന്‍ ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.
മുരുകാനന്ദന്‍ വാളയാര്‍, പി.ആര്‍. ബാലു (തമിഴ്നാട്), അറുമുഖം (കോയമ്പത്തൂര്‍), ഡോ. ഡി. സുരേന്ദ്രനാഥ്, കെ.എം. മഖ്ബൂല്‍, എന്‍. സുബ്രഹ്മണ്യന്‍, എന്‍. ഹംസ മാസ്റ്റര്‍ അഞ്ചരക്കണ്ടി, അഡ്വ. മാന്വല്‍ എറണാകുളം എന്നിവര്‍ സംസാരിച്ചു. യു.കെ. സഈദ് സ്വാഗതവും പ്രേമന്‍ പാതിരിയാട് നന്ദിയും പറഞ്ഞു.
ഫോറം വിവിധ സംസ്ഥാന ചെയര്‍മാന്‍മാരായി സി.ആര്‍. നീലകണ്ഠന്‍ (കേരളം), പി. കന്ദസ്വാമി (തമിഴ്നാട്), കൃഷ്ണപ്രസാദ് (കര്‍ണാടക), റസാഖ് പാലേരി (ജന. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment

Thanks