മ്യാന്മര്‍ കുരുതി:
ലോക മനസ്സാക്ഷി ഉണരണം
നമ്മുടെ അയല്‍രാജ്യമായ മ്യാന്മറിലെ, ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് അറാകന്‍. റോഹിങ്ക്യ വംശജരായ മുസ്ലിംകളാണ് ഈ പ്രവിശ്യയിലെ നല്ളൊരു ശതമാനം ജനങ്ങളും. മാറിമാറിവന്ന മ്യാന്മര്‍ ഭരണകൂടങ്ങളുടെ നിരന്തരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായ ആ ജനത, കാലങ്ങളായി നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിലായിരുന്നു. അറാകന്‍ പ്രവിശ്യക്ക് സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്ഥാനങ്ങളും അവിടെയുണ്ട്. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ റോഹിങ്ക്യ മുസ്ലിംകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ലോക മനസ്സാക്ഷി ഉണരണം
കഴിഞ്ഞ ഏതാനും ആഴ്ചകളായി അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മേയ് 29ന് ഒരു റോഹിങ്ക്യ യുവാവും ബുദ്ധമതക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അതിക്രൂരമായ വംശീയ ഉന്മൂലനമായി മാറിയിരിക്കുകയാണ്. ഇതിനകം രണ്ടായിരത്തോളം റോഹിങ്ക്യ മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി അന്യനാടുകളിലേക്ക് രക്ഷപ്പെട്ടു. പട്ടാള ഭരണകൂടവും ബുദ്ധമത വര്‍ഗീയവാദികളും ചേര്‍ന്നാണ് ക്രൂരമായ ഈ മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കുന്നത്.
റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ വേണ്ടത്ര വന്നിട്ടില്ല. നേരത്തേതന്നെ കടുത്ത മാധ്യമ സെന്‍സര്‍ഷിപ് നിലനില്‍ക്കുന്ന മ്യാന്മറില്‍, റോഹിങ്ക്യ പ്രശ്നവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്ടുകളിലും ചെറുകപ്പലുകളിലും ഇന്തോനേഷ്യയിലും മലേഷ്യയിലും എത്തുന്ന അഭയാര്‍ഥികള്‍ നല്‍കുന്ന വിവരണങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് ആശ്രയം. ലോക ഭരണകൂടങ്ങളും കടുത്ത നിസ്സംഗതയാണ് ഈ വിഷയത്തില്‍ കാണിക്കുന്നത്. റോഹിങ്ക്യകള്‍ക്കെതിരെ വ്യവസ്ഥാപിത വിവേചനവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അതിന്‍െറ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയുണ്ടായി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്‍െറ (ഒ.ഐ.സി) യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടു. തുനീഷ്യ, ഈജിപ്ത്, മലേഷ്യ എന്നിവിടങ്ങളിലെ മ്യാന്മര്‍ എംബസികള്‍ക്ക് മുന്നില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ ബംഗ്ളാദേശിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, അള്‍ട്രാ സെക്കുലര്‍ നയങ്ങള്‍ സ്വീകരിക്കുന്ന ഹസീന വാജിദ് അധികാരത്തിലത്തെിയ ശേഷം വിഷയത്തില്‍ ബംഗ്ളാദേശ് താല്‍പര്യം കാണിക്കുന്നില്ളെന്ന് മാത്രമല്ല, അഭയാര്‍ഥികള്‍ കടന്നുവരുന്നത് തടയാന്‍ അതിര്‍ത്തി അടക്കുകയും ചെയ്തു അവര്‍. ബംഗ്ളാദേശിലെ ചിറ്റഗോങ് കേന്ദ്രീകരിച്ച്, ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ പിന്തുണയിലായിരുന്നു റോഹിങ്ക്യ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും. എന്നാല്‍, ഹസീന വാജിദിന്‍െറ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് വിധേയമായി മുഴുവന്‍ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ജമാഅത്തെ ഇസ്ലാമി. റോഹിങ്ക്യ പ്രശ്നം വേണ്ടത്ര ലോകശ്രദ്ധയിലേക്ക് വരാത്തതിന് ഇതും ഒരു കാരണമാണ്.
ആഗോള മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍െറ പ്രവാചകയായി വാഴ്ത്തുന്ന ഓങ്സാന്‍ സൂചി ഈ പ്രശ്നത്തിലെടുത്ത നിലപാടും അങ്ങേയറ്റം പിന്തിരിപ്പനാണ്. റോഹിങ്ക്യ മുസ്ലിംകള്‍ മ്യാന്മര്‍ പൗരന്മാരല്ളെന്നും അവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് പട്ടാളക്കാരനായ മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍ സൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോഹിങ്ക്യകള്‍ രാജ്യത്തെ പൗരന്മാരാണോ എന്ന് തനിക്കറിയില്ളെന്നാണ് സൂചിയുടെ സുചിന്തതമായ അഭിപ്രായം! പട്ടാള ഭരണകൂടവും സമാധാനത്തിന്‍െറ നൊബേല്‍ ജേതാവായ സൂചിയും ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുകയാണ്. മ്യാന്മറില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പങ്കെടുക്കാതിരിക്കുന്നതിനാണ് വ്യവസ്ഥാപിതമായ ഈ വംശീയ ശുദ്ധീകരണം നടത്തുന്നതെന്നാണ് റോഹിങ്ക്യകളുടെ നിഗമനം.
അയല്‍രാജ്യമെന്ന നിലക്കും രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പാരമ്പര്യമുള്ള രാജ്യമെന്ന നിലക്കും റോഹിങ്ക്യ വിഷയത്തില്‍ ഇടപെടാനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. ഇപ്പോള്‍തന്നെ റോഹിങ്ക്യ അഭയാര്‍ഥികളുടെ ഒരു സംഘം ദല്‍ഹിയില്‍ പ്രയാസകരമായ അവസ്ഥയില്‍ കഴിഞ്ഞുപോരുന്നുണ്ട്. മനുഷ്യന്‍ എന്ന വാക്കിനെപ്പോലും അവഹേളിക്കുന്ന തരത്തിലുള്ള ക്രൂരമായ കുരുതികള്‍ അരങ്ങേറുമ്പോള്‍ മൗനം അവലംബിക്കുന്ന വിദേശകാര്യ വകുപ്പിന്‍െറ സമീപനം അങ്ങേയറ്റം അപലപനീയമാണ്.
Courtesy:Madhyamam/21-07-2012
No comments:
Post a Comment
Thanks