ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, November 3, 2012

സാമുദായികത രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നത് അപകടകരം: ഒ. അബ്ദുറഹ്മാന്‍

 
 
 സാമുദായികത രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നത്
അപകടകരം: ഒ. അബ്ദുറഹ്മാന്‍
കണ്ണൂര്‍: രാഷ്ട്രീയ താല്‍പര്യത്തിനും സ്വാര്‍ഥ താല്‍പര്യത്തിനും വേണ്ടി സാമുദായികത ഉപയോഗിക്കുമ്പോഴാണ് അപകടകരമാവുന്നതെന്ന് ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ‘കേരള രാഷ്ട്രീയം, സാമുദായികത, വര്‍ഗീയത’ എന്ന വിഷയത്തില്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം എന്നും നിലനിര്‍ത്തിയിരുന്നത് മത-സാമുദായിക സൗഹൃദമാണ്. അതിന് ഒരിക്കലെങ്കിലും ഗുരുതരമായ പോറലേറ്റാല്‍ പിന്നീട് തിരിച്ച് പിടിക്കാനാവാത്ത അവസ്ഥയുണ്ടാവും. എല്ലാ മതങ്ങളെയും പ്രവര്‍ത്തിക്കാനും ഉള്‍ക്കൊള്ളാനും തയറായിക്കൊണ്ടാണ് കേരളം അഭിമാനകരമായ പാരമ്പര്യം നിലനിര്‍ത്തിയത്. എന്നാല്‍, സ്വാതന്ത്ര്യത്തിന്‍െറ 60 വര്‍ഷത്തിന് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ജാതീയത മറ്റൊരുതരത്തില്‍ ശക്തി പ്രാപിക്കുകയും സാമുദായികത വര്‍ഗീയതയായി മാറുകയും ചെയ്യുകയാണ്.  അസ്വസ്ഥരായ ജനങ്ങളെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് തിരിച്ചുവിടാന്‍ അയഥാര്‍ഥമായ വിഷയങ്ങള്‍ മാധ്യമങ്ങളടക്കം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശികതയും ജാതീയതയും പറഞ്ഞുള്ള വീതംവെപ്പാണ് നടക്കുന്നത്. കേരളത്തിലും കേന്ദ്രത്തിലും അടുത്ത കാലത്ത് നടന്ന മന്ത്രിസഭാ പുന$സംഘടന പോലും ഇത്തരത്തിലാണ് നടന്നത്. ആഗോളവല്‍കരണത്തിനും കോര്‍പറേറ്റ്വല്‍കരണത്തിനും ഇതില്‍ പങ്കുണ്ട്. കോടികളുടെ അഴിമതി നടത്തുന്ന ഭരണാധികാരികള്‍ക്ക് അറബ് വസന്തം പാഠമാകണം. അണ്ണാ ഹസാരെക്ക് ആദ്യഘട്ടത്തില്‍ ലഭിച്ച പിന്തുണ കണ്ണുതുറപ്പിക്കേണ്ടതാണെന്നും ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു.
വര്‍ഗീയതയും തീവ്രവാദവും ഏതുഭാഗത്ത് നിന്ന് വന്നാലും എതിര്‍ക്കാന്‍ മടിയില്ളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ലിംകളും ഭീകരവാദത്തിന് എതിരാണ്. ഭീകരവാദികളെന്നാല്‍ ന്യൂനപക്ഷം മാത്രമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം മറ്റൊരു ഭീകരവാദം വളര്‍ത്തുകയാണ്. പള്ളിക്കുന്നില്‍ കൊല്ലപ്പെട്ട സചിന്‍െറ വീട്ടില്‍ സി.പി.എം നേതാക്കള്‍ പോയത് വര്‍ഗീയ കലാപം ഉണ്ടാവരുതെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയും പ്രീണിപ്പിക്കാനല്ല, എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു. മുസ്ലിം തീവ്രവാദത്തെ കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് അഞ്ചാറ് വര്‍ഷം മുമ്പ് മൃദുഹിന്ദുത്വത്തെ പുല്‍കുന്നുവെന്ന് പറഞ്ഞത്. പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകളില്‍ ജാതീയതയും വര്‍ഗീയതയും ഉയര്‍ത്തുന്ന തരത്തിലാണ് ഇടതുപക്ഷം പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്‍റ് അഡ്വ. പി.വി. സൈനുദ്ദീന്‍ പറഞ്ഞു. സമുദായവും മുസ്ലിം ലീഗും അനര്‍ഹമായതെന്തോ നേടിയെടുത്തുവെന്ന നിലയിലാണ് പ്രചാരണം. എന്നാല്‍ ഒന്നും നേടിയിട്ടില്ളെന്നാണ് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വ്യക്തമായത്. മുസ്ലിം ലീഗിന്‍േറതടക്കം എല്ലാ പാര്‍ട്ടികളുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയതരം ജാതീയതയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പറഞ്ഞു. നിക്ഷിപ്ത താല്‍പര്യത്തിനും വോട്ടുബാങ്കിനും വേണ്ടി വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം കൊടുത്തതിനെയല്ല, അത് എങ്ങനെ കൊടുത്തുവെന്നതാണ് എതിര്‍ക്കപ്പെടുന്നതെന്ന് എസ്.എന്‍.ഡി.പി തളിപ്പറമ്പ് താലൂക്ക് കണ്‍വീനര്‍ വി.പി. ദാസന്‍ പറഞ്ഞു. മന്ത്രി സ്ഥാനം നല്‍കിയത് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടല്ല. മറിച്ച് പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ മോഡറേറ്ററായിരുന്നു. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സ്വാഗതവും ജില്ലാ സമിതി അംഗം ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks