ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 29, 2012

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം:
നിയമത്തിന്‍െറ മറവില്‍ മഅ്ദനിയെ
ഇഞ്ചിഞ്ചായി കൊല്ലുന്നെന്ന് പിതാവ് 
കൊല്ലം: നിരപരാധിയായ അബ്ദുന്നാസിര്‍ മഅ്ദനിയെ നിയമത്തിന്‍െറ മറവില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍. ഭരണകൂടം വിചാരിച്ചാല്‍ ഒരു പൗരനെ ഏത് കുറ്റവും ചുമത്തി എത്രകാലം വേണമെങ്കിലും ജയിലിലടയ്ക്കാം. അതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് മഅ്ദനി. ‘മഅ്ദനിക്ക് മോചനമാണ് വേണ്ടത്’ എന്ന ആവശ്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ചിന്നക്കട പ്രസ്ക്ളബ് മൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജീവനുള്ള കാലത്തോളം താന്‍ പ്രവര്‍ത്തിക്കും. കുറ്റം ആരോപിച്ച് ജയിലിലടച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന അവസ്ഥ രാജ്യത്തിന് ഗുണകരമല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനാധിപത്യമാര്‍ഗത്തില്‍ സംഘടിക്കുകയും ദുഷ്പ്രവണതകള്‍ തിരുത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. സാമൂഹിക നീതിക്കും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. രണ്ട് ഇന്ത്യക്കാരെ വെടിവെച്ചുകൊന്നവരെ ജാമ്യത്തില്‍ ഇറ്റലിയിലേക്ക് പോകാന്‍ ഇവിടെ അവസരമൊരുക്കി. ഇറ്റലിക്കാരെ നാം വിശ്വസിക്കുമ്പോള്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ വിശ്വാസമില്ളെന്ന നിലപാടിലാണ് ബന്ധപ്പെട്ടവര്‍.
ഒരു നിയമം രണ്ട് നീതി എന്ന രീതിയാണുള്ളത്. മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി കേരള നിയമസഭയുടെ സംയുക്ത സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കണം. നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഅ്ദനിക്കെതിരായ ആരോപണങ്ങള്‍ കല്ലുവെച്ച നുണയാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി പറഞ്ഞു. മഅ്ദനി വിഷയത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍വെട്ടിയറ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ഹമീദ് വാണിയമ്പലം, സുരേന്ദ്രന്‍ കുരീപ്പുഴ, ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കെ.ബി. മുരളി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks