ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 19, 2013

പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണം -ടി. ആരിഫലി

 
 
 
 
 
 
 
 
 
പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണം
 -ടി. ആരിഫലി
കണ്ണൂര്‍: രാജ്യത്ത് പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. സോളിഡാരിറ്റി ജില്ല സേവനകേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് വിവരാവകാശ നിയമവും ഭക്ഷ്യ അവകാശ നിയമവും സാര്‍വത്രിക വിദ്യാഭ്യാസ അവകാശ നിയമവും നിലവില്‍ വന്നത്. ഈ കൂട്ടത്തില്‍ ‘റൈറ്റ് ടു ഷെല്‍ട്ടര്‍’ എന്ന ചിന്തയും ഉണ്ടാകണമെന്നും വീടില്ലാത്ത ഒരു കുടുംബംപോലും ശേഷിക്കാന്‍ ഇടവരരുത് എന്നും  അദ്ദേഹം പറഞ്ഞു.
സമരങ്ങളും സംഘര്‍ഷങ്ങളും ദിവസങ്ങളോളം വാര്‍ത്തയാക്കുമ്പോള്‍ സോളിഡാരിറ്റി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ചാനലുകള്‍ക്ക് വാര്‍ത്തയാകുന്നില്ളെന്ന് ആരിഫലി അഭിപ്രായപ്പെട്ടു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ നടത്തിയ ഒരു കോടി രൂപയുടെ സേവനപ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ പുറംലോകത്തേക്ക് എത്തിച്ചില്ല. അതേസമയം ചെങ്ങറയിലെയും കിനാലൂരിലെയും സമരങ്ങളിലെ സംഘര്‍ഷങ്ങള്‍ ദിവസങ്ങളോളം ചാനലുകള്‍ ആവര്‍ത്തിച്ച് കാണിച്ചു.  വാര്‍ത്തയാകണമെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാകണമെന്നതാണവസ്ഥ.
സോളിഡാരിറ്റി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയ സ്വഭാവമുള്ളവയല്ല. സാമൂഹിക പ്രതിബദ്ധതയുടേതായ രാഷ്ട്രീയം അതിനുണ്ട്. സേവനങ്ങള്‍ പോരാട്ടം കൂടിയാണ്. അന്യായമായി തടങ്കലില്‍ കഴിയുന്ന വിചാരണ തടവുകാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സോളിഡാരിറ്റി നടത്തും. ദല്‍ഹി സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ സംസ്കാരത്തെയും സാമൂഹികാവസ്ഥയെയും പൈതൃകമായി കിട്ടിയ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് പുതുക്കിപ്പണിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല സേവനകേന്ദ്രത്തില്‍ നടപ്പാക്കുന്ന ഡയാലിസിസ് പദ്ധതി പ്രഖ്യാപനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. സോളിഡാരിറ്റിയുടെ ദശവര്‍ഷക്കാലത്തെ സേവന പ്രവര്‍ത്തനങ്ങളെ മറ്റു സംഘടനകളും വ്യക്തികളും മാതൃകയാക്കണമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഡോ. ഡി. സുരേന്ദ്രനാഥ്, വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍,  ടി.പി.ആര്‍. നാഥ്, ഡോ. ബി. സന്തോഷ്, ടി.കെ. ജംഷീറ, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. ടി.കെ. റിയാസ് സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി നടത്തുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് കൗസര്‍ കോംപ്ളക്സില്‍ ജില്ല ഓഫിസ് കേന്ദ്രീകരിച്ച് ജില്ല സേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
കൗണ്‍സലിങ്, മെഡി ഹെല്‍പ്, വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങള്‍, രക്തദാനം, ലേബര്‍ ബാങ്ക്, തൊഴില്‍ ഉപകരണ വിതരണം തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.
ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിനായി 12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കുമെന്ന് ജില്ല ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment

Thanks