ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 12, 2013

കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ ഭവനങ്ങള്‍ കൈമാറി

 

 
 
 കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ 
ഭവനങ്ങള്‍ കൈമാറി
കണ്ണൂര്‍:  ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് സമ്പന്നന്‍െറ മൂലധനത്തില്‍ അവകാശം നിര്‍ണയിക്കുന്ന ഇസ്ലാമിലെ സകാത്ത് വ്യവസ്ഥയുടെ ഉദാത്തമായ മാതൃക കണ്ണൂരില്‍ സഫലീകൃതമായി.  കണ്ണൂര്‍ ബൈത്തുസകാത്ത് പണിതീര്‍ത്ത ഭവനങ്ങള്‍  നിര്‍ധനര്‍ക്ക് കൈമാറി.  ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ ഏറ്റവും ബൃഹത്തായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കാരുണ്യ ഹസ്തവുമാണെന്ന്  ചടങ്ങില്‍  സംസാരിച്ചവര്‍ പ്രകീര്‍ത്തിച്ചു. 
ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വരുമാനത്തിന്‍െറ ഒരുഭാഗം മാറ്റിവെക്കുന്നത് ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു. കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ വീടുകളുടെ താക്കോല്‍ദാനത്തോടുബന്ധിച്ച് സംഘടിപ്പിച്ച  സക്കാത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശുദ്ധ ഖുര്‍ആന്‍െറ കല്‍പന പ്രയോഗവത്കരിക്കുന്നത് ഏറെ ആഹ്ളാദകരമാണ്. മനുഷ്യസ്നേഹമുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാവുമെന്നാണ് അനുഭവം. നന്മ ചെയ്യുമ്പോള്‍ സ്വര്‍ഗത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. ഏതൊരു പദ്ധതിക്ക് രൂപം നല്‍കുമ്പോഴും ദരിദ്രരുടെ മുഖമാണ് നമ്മുടെ മനസ്സില്‍ വേണ്ടതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഇതിലൂടെ അല്ലാഹുവിന്‍െറ മാര്‍ഗം പിന്‍പറ്റുകയാണ് ഗാന്ധിജി ചെയ്തതെന്നും സരള പറഞ്ഞു.
ബൈത്തുസകാത്ത് രണ്ടാംഘട്ടമായി നിര്‍മിച്ച് നല്‍കുന്ന ആറ് വീടുകളുടെ താക്കോല്‍ ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.
 സമ്പത്തിന്‍െറ കേന്ദ്രീകരണം അത് നിര്‍വീര്യമാക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് പുനരുല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ അത് വികേന്ദ്രീകരിക്കപ്പെടണം. മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള കേരളത്തില്‍ സകാത്ത് വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം നടത്തിയാല്‍ ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അടിസ്ഥാന വിഭാഗത്തിന്‍െറ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ബൈത്തുസകാത്ത് പ്രസിഡന്‍റ് ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അല്‍താഫ് മാങ്ങാടന്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീറിന് നല്‍കി സപ്ളിമെന്‍റ് പ്രകാശനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.പി. ഹമീദ് ഹാജി, കെ.എസ്. മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി. മൂസ സ്വാഗതവും എം. അഹമ്മദ് പാഷ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സകാത്തും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമ്പത്ത് ധനികരില്‍ മാത്രമായി കുന്നുകൂടുന്നത് ഒഴിവാക്കാനാണ് സംഘടിത സകാത്ത് വിതരണം ചെയ്യാന്‍ പ്രവാചക കല്‍പനയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്‍െറ ആരംഭകാലം മുതല്‍ക്കുതന്നെ സമ്പത്തിന്‍െറ വിതരണവും ഉണ്ടായിരുന്നു. അതിന്‍െറ ശാസ്ത്രീയ രൂപമാണ് ഇപ്പോള്‍ നടക്കുന്ന സംഘടിത സകാത്ത്. അന്തിയുറങ്ങാന്‍ പോലും ഇടമില്ലാത്ത മനുഷ്യരുള്ള ഇക്കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെ സമൂഹം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി വിഷയാവതരണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.പി.ഷമീം, ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
കെ.പി. അബ്ദുല്‍ അസീസ് സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks