ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, April 16, 2011

AMEER

പ്രവര്‍ത്തകരോട്‌ -ഹല്‍‌ഖാ അമീര്‍

പ്രിയ സഹപ്രവര്‍ത്തകരെ,
അല്ലാഹുവിന്റെ കാവലും തണലും എപ്പോഴും നമുക്ക്‌ മേല്‍ ഉണ്ടാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. നമ്മുടെ പ്രസ്ഥാനം അതിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക്‌ (മീഖാത്ത്‌) പ്രവേശിക്കുകയാണ്‌. ഏപ്രില്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ ദല്‍ഹിയില്‍ കേന്ദ്ര പ്രതിനിധി സഭാ യോഗം ചേര്‍ന്നു; അമീറിനെയും കേന്ദ്ര മജ്‌ലിസ്‌ ശൂറയെയും തെരഞ്ഞെടുത്തു. പ്രസ്ഥാനത്തിന്റ കഴിഞ്ഞ നാളുകളെക്കുറിച്ചും വരാനിരിക്കുന്ന ദൗത്യങ്ങളെക്കുറിച്ചും ഗൗരവപ്പെട്ട ആലോചനകള്‍ നടന്ന സമ്മേളനമായിരുന്നു അത്‌. ഇന്ത്യയിലെ വ്യത്യസ്‌ത സംസ്ഥാനങ്ങില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ അതില്‍ സംബന്ധിച്ചത്‌. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രസ്ഥാനം ഇന്ത്യയിലെങ്ങും പടര്‍ന്ന്‌ പന്തലിക്കുകകയാണ്‌. രാജ്യത്തിന്റ നാനാദിക്കുകളില്‍ നിന്നുള്ള അതിന്റെ പ്രമുഖരായ പ്രതിനിധികളാണ്‌ ആ ദിവസങ്ങളില്‍ ദല്‍ഹിയില്‍ ഒത്തുചേര്‍ന്നത്‌. അല്ലാഹുവിന്റെ ദീനിനെ ഈ രാജ്യത്ത്‌ ഏറ്റവും അഴകാര്‍ന്ന രൂപത്തില്‍ പ്രതിനിധീകരിക്കാനുള്ള ശ്രമത്തിന്റെ പേരാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നത്‌. അതിനാല്‍, തികഞ്ഞ ആവേശത്തോടെയും ശുഭപ്രതീക്ഷയോടെയും അതേ സമയം അവധാനതയോടെയും നമ്മുടെ ദൗത്യം മുന്നോട്ട്‌ കൊണ്ട്‌ പോവാന്‍ നമുക്ക്‌ കഴിയും.

രാജ്യത്ത്‌ പല മത, രാഷ്‌ട്രീയ സംഘടനകളും നെടുകെയും കുറുകെയും പിളരുകയും പരസ്‌പരം പോര്‍ വിളിക്കുകയും ചെയ്യുന്ന കാലത്താണ്‌, നമ്മുടെ പ്രസ്ഥാനം ആറു പതിറ്റാണ്ടിലേറെക്കാലമായി വലിയൊരു ദൗത്യവുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച്‌ മുന്നോട്ട്‌ പോവുന്നത്‌. പ്രസ്ഥാനത്തിനകത്ത്‌ നിലനില്‍ക്കുന്ന ശക്തമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെയും മേന്മയാണത്‌. രാജ്യത്തെ ജമാഅത്ത്‌ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നതാണ്‌ കേന്ദ്ര പ്രതിനിധി സഭ. പ്രതിനിധി സഭയില്‍ വെച്ച്‌ ദീര്‍ഘമായി ചര്‍ച്ച ചെയ്‌തതിന്‌ ശേഷം ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ്‌ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്‌. മൗലാനാ ജലാലുദ്ദീന്‍ ഉമരി സാഹിബ്‌ തന്നെയാണ്‌ വീണ്ടും അമീറായി തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്‌. പുതുമുഖങ്ങളും പരിചിത പ്രജ്ഞരുമായ ആളുകള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര മജ്‌ലിസ്‌ ശൂറയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ, ഇസ്‌ലാമികമായ നടപടിക്രമങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണിത്‌. അവര്‍ക്ക്‌ വേണ്ടി നിങ്ങള്‍ ധാരാളമായി, ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. അവരുടെ ചുമലുകള്‍ക്ക്‌ ബലം വേണം, കാലുകള്‍ പതറരുത്‌, മനസ്സ്‌ ഇടറരുത്‌. അതിന്‌ നിങ്ങളുടെ നിര്‍ലോഭമായ പിന്തുണയും ഹൃദയം തൊട്ട പ്രാര്‍ഥനയുമാണ്‌ വേണ്ടത്‌. പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ അക്കാര്യം മനസ്സില്‍ വെക്കുക.

കേന്ദ്ര തലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിച്ചിരിക്കെ, സംസ്ഥാന തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേക്ക്‌ നാം കടക്കുകയാണ്‌. നമ്മുടെ സംഘടനാ സംവിധാനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്ന നിലക്ക്‌ തികഞ്ഞ ഗൗരവത്തിലും ഉത്തരവാദിത്ത ബോധത്തിലും പ്രവര്‍ത്തകര്‍ അത്‌ നിര്‍വഹിക്കണം.

കേന്ദ്ര പ്രതിനിധി സഭാ സമ്മേളനത്തിന്റെ ആഹ്ലാദങ്ങള്‍ക്കിടയില്‍ വന്ന ദുഃഖ വാര്‍ത്തയായിരുന്നു മൗലാനാ മുഹമ്മദ്‌ ശഫീ മൂനിസ്‌ സാഹിബിന്റെ നിര്യാണം. ശഫീ മൂനിസ്‌ സാഹിബ്‌ ഈ പ്രസ്ഥാനത്തിന്റെ വലിയൊരു സാക്ഷിയായിരുന്നു. രൂപീകരണകാലം മുതല്‍ (1944) ഈ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച മഹാന്‍. ഒരുപാട്‌ കാലങ്ങളെ നേരില്‍ കണ്ട ഭാഗ്യവാന്‍. പ്രസ്ഥാനത്തിലെ എല്ലാ തലമുറകളെയും അദ്ദേഹം അഭിസംബോധന ചെയ്‌തിട്ടുണ്ട്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം നേതൃനിരയില്‍ ഉണ്ടായിരുന്നു. ഈ സംഘത്തിന്റെ കുതിപ്പിനും കിതപ്പിനും അദ്ദേഹം സാക്ഷിയായിരുന്നു. കണിശക്കാരനായ ഒരു പണ്ഡിതന്‍ ആയിരിക്കെത്തന്നെ പ്രസ്ഥാനത്തെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതില്‍ വലിയൊരു കണ്ണിയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രമുഖരായ നിരവധി രാഷ്‌ട്രീയ, സാമൂഹിക നായകന്മാര്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും മൊറാര്‍ജി ദേശായിയും എ.ബി വാജ്‌പേയിയുമൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു. 93-ാം വയസ്സിലും കര്‍മ്മ നിരതനായിരുന്നു അദ്ദേഹം. മരണത്തിന്റെ തലേന്നും അദ്ദേഹം പ്രതിനിധി സഭാ യോഗത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ അദ്ദേഹം വിടവാങ്ങി. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്‌ പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ. നിങ്ങളുടെ പ്രാര്‍ഥനയില്‍ ആ മഹാനെയും ഉള്‍പ്പെടുത്തുക.

കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രസ്ഥാനത്തിന്റെ പേര്‌ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളുയരുകയും ചെയ്‌ത കാലം കൂടിയാണ്‌ കഴിഞ്ഞു പോയത്‌. ജമാഅത്തുമായുളള ചര്‍ച്ചയെ വിവാദമാക്കാനും ഭീകരവല്‍ക്കരിക്കാനും ചിലര്‍ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു കാര്യത്തില്‍ പ്രസ്ഥാനത്തിന്‌ വ്യക്തതയുണ്ട്‌. അതായത്‌, നമ്മുടെ രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ച്‌ കൊണ്ടാണ്‌ ജമാഅത്ത്‌ അതിന്റെ രാഷ്‌ട്രീയ തീരമാനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഈ വിഷയത്തില്‍ രാജ്യത്തെ ഏതാണ്ടെല്ലാം രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും ജമാഅത്ത്‌ സംസാരിക്കാറുണ്ട്‌. അത്‌ ജമാഅത്തിന്റെ ഒരു ശീലമാണ്‌. ജമാഅത്തുമായി ചര്‍ച്ച നടത്തിയില്ല എന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനവും ഈ രാജ്യത്തുണ്ടാവില്ല. പക്ഷേ, നമ്മുടെ രാഷ്‌ട്രീയക്കാര്‍ തികഞ്ഞ ആത്മവഞ്ചനയോടെയാണ്‌ ഇക്കാര്യത്തില്‍ സംസാരിക്കുന്നതെന്ന്‌ നമുക്ക്‌ ദിനംദിനേ ബോധ്യപ്പെടുകയാണ്‌. സങ്കുചിതമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്ക്‌ വേണ്ടി അവര്‍ കളവ്‌ പറയും; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും; വര്‍ഗീയവികാരം ഉയര്‍ത്തുന്നതില്‍ പോലും അവര്‍ക്ക്‌ മടിയില്ല. എന്നുവെച്ച്‌, നാം നമ്മുടെ ദൗത്യത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോവില്ല. നമ്മെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും പലരും മുതിരും. അങ്ങിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ തന്നെ പലതവണ പലവിഷയങ്ങളില്‍ നമ്മുടെ സഹായം കെഞ്ചിയവരുമാണ്‌. നമ്മുടെ രാഷ്‌ട്രീയ മാന്യത കൊണ്ടാണ്‌ നാമത്‌ അങ്ങാടിപ്പാട്ടാക്കാത്തത്‌. ഇന്ന്‌ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തലതാഴ്‌ത്തി തിരിച്ചുവരുമെന്നും നമുക്കറിയാം. `ആ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി കൊണ്ടുവരും' എന്നാണല്ലോ വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്‌. അതിനാല്‍ പുറത്ത്‌ നടക്കുന്ന ബഹളങ്ങള്‍ നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. രാഷ്‌ട്രീയ രംഗത്തുള്ള നമ്മുടെ ചുവടുകള്‍ക്ക്‌ കൂടുതല്‍ മൂര്‍ത്ത രൂപം വന്നുകൊണ്ടിരിക്കുകയാണ്‌. ദേശീയതലത്തില്‍ അതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക്‌ കൂടുതല്‍ ഗതിവേഗവും പിന്തുണയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹത്താലും ജനങ്ങളുടെ പിന്തുണയാലും നാം ആ ദൗത്യം സുന്ദരമായി മുന്നോട്ട്‌ കൊണ്ടുപോവുക തന്നെ ചെയ്യും.

അസംബ്ലി തെരഞ്ഞെടുപ്പിലെ നമ്മുടെ നിലപാടിനോട്‌, അത്‌ പ്രഖ്യാപിക്കപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ, വിയോജിപ്പ്‌ പറഞ്ഞ്‌ ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയതും കഴിഞ്ഞ ആഴ്‌ചയിലാണ്‌. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നതാണ്‌ ഇറങ്ങിപ്പോക്കിന്‌ കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ്‌ ശരി എന്ന്‌ വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത്‌ ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ്‌ സംഘടന. ഈ വൈവിധ്യങ്ങളെ പരസ്‌പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്‌തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ്‌ സംഘടനയുണ്ടാവുന്നത്‌ തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച്‌ പൊതുവെയും ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ സംസ്‌കാരത്തെക്കുറിച്ച്‌ സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ ഒരു പാഠം ആ സഹോദരന്‍ ഒട്ടുമേ ഗ്രഹിച്ചില്ല എന്നാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.

ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത്‌ ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്‌തിട്ടുണ്ട്‌. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മൗലാനാ ശംസ്‌ പീര്‍സാദ, മൗലാനാ സിയാവുര്‍റഹ്‌മാന്‍, മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്‌ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന്‌ ഇടക്ക്‌ വെച്ച്‌ പിരിഞ്ഞുപോയവരാണ്‌. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട്‌ താരതമ്യം ചെയ്യുന്നത്‌ പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്‌. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്‌നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട്‌ വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ്‌ നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക്‌ തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്‌ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്‌ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്‌. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത്‌ ഗൗരവമായി നാം എടുക്കുന്നുണ്ട്‌. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന്‌ പിന്നിലെന്നതാണ്‌ യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്‌തുവെന്ന്‌ മാത്രം. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, അത്തരമൊരാള്‍ എങ്ങിനെ പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ എത്തി എന്ന്‌ സ്വാഭാവികമായും ചോദ്യമുയരും. വളരെ പ്രസക്തമായ ചോദ്യമാണത്‌. തീര്‍ച്ചയായും പ്രസ്ഥാനം ആ വശങ്ങള്‍ ഗൗരവത്തില്‍ വിശകലനം ചെയ്യും. ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ എടുക്കുകയും ചെയ്യും.

അല്ലാഹു മുഹമ്മദ്‌(സ)ന്റെ ഉമ്മത്തിനെ ഏല്‍പിച്ച ദൗത്യം നമ്മുടെ കാലത്ത്‌ നിര്‍വഹിക്കുകയെന്നതാണ്‌ നാം ഏറ്റെടുത്തിരിക്കുന്ന ജോലി. ആളുകളല്ല; ചെയ്യുന്ന ജോലിയാണ്‌ അതില്‍ പരമപ്രധാനം. നാം നമ്മുടെ ജോലികള്‍ ഭംഗിയിലും വൃത്തിയിലും ചെയ്യുക. അതിനായി മനസ്സ്‌ സ്‌ഫുടം ചെയ്യുക, കാലുകള്‍ ഉറപ്പിക്കുക. പൈശാചികതയുടെ അംശങ്ങള്‍ ഉള്ളിലേക്ക്‌ കയറിവരുന്നുണ്ടോ എന്ന്‌ എപ്പോഴുമെപ്പോഴും ജാഗ്രത്തായിരിക്കുക, ശപിക്കപ്പെട്ട പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ എപ്പോഴും അല്ലാഹുവിനോട്‌ കാവല്‍ തേടുക. അപ്പോള്‍ നമുക്ക്‌ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകാട്ടെ, ആമീന്‍.

No comments:

Post a Comment

Thanks