ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് തുടക്കമിട്ട് പാര്‍ട്ടിയുടെ ത്രിവര്‍ണ പതാക ഫാദര്‍ അബ്രഹാം ജോസഫ്, പ്രഫ. മുഹമ്മദ് സുലൈമാന്‍, ഇല്യാസ് ഖാസ്മി, മുജ്തബാ ഫാറൂഖ്, എസ്.ക്യു.ആര്‍ ഇല്യാസ്, സുബ്രഹ്മണി, പ്രഫ.രാമ സൂര്യറാവു, പ്രഫ. രമ പഞ്ചല്‍, ലളിത നായിക് തുടങ്ങിയവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തപ്പോള്‍.
വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വന്നു
ന്യൂദല്‍ഹി: മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉദ്ഘോഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പിറന്നു. ഗോതമ്പ് കതിരുകള്‍ ആലേഖനം ചെയ്ത മൂവര്‍ണക്കൊടി ദേശീയ ഭാരവാഹികള്‍ അനാച്ഛാദനം ചെയ്തതോടെയാണ് പുതിയ പാര്‍ട്ടി നിലവില്‍ വന്നത്.
ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരത്തില്‍പരം പ്രതിനിധികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പുതിയ പാര്‍ട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നാഷനല്‍ ലീഗ്, അംബേദ്കര്‍ സമാജ് പാര്‍ട്ടി, ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ഉത്തര്‍പ്രദേശ് പര്‍ച്ചം പാര്‍ട്ടി, മര്‍കസി ജംഇയ്യത്ത് അഹ്ലെ ഹദീസ്, മര്‍കസി ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും നിരവധി ആക്ടിവിസ്റ്റുകളും വേദിയിലെത്തി പുതിയ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ കണ്‍വെന്‍ഷനില്‍ വായിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ സുബ്രഹ്മണി (തമിഴ്നാട്), മഹേന്ദര്‍ (ഝാര്‍ഖണ്ഡ്), ലളിതാ നായിക് (കര്‍ണാടക), സൂര്യ രാമറാവു (ആന്ധ്രപ്രദേശ്), കിഷോര്‍ ലാല്‍, ഇന്ത്യന്‍ നാഷനല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, മര്‍കസി ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നേതാവ് മുഫ്തി അര്‍ശദ് ഖാസിമി, ഉത്തര്‍ പ്രദേശ് പര്‍ച്ചം പാര്‍ട്ടി പ്രസിഡന്റ് സുബ്ഹാന്‍ അഹ്മദ് ഇസ്ലാഹി എന്നിവരാണ് വേദിയിലെത്തി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ ദേശീയ ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളും അഭിവാദ്യം നേര്‍ന്നു. കേരളത്തില്‍ നിന്ന് പ്രഫ. അബ്രഹാം ജോസഫ്, അബ്ദുസ്സലാം വാണിയമ്പലം, പി.സി. ഹംസ, സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബില്‍ നടന്ന പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്, കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത് അഹ്ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റും മൌലാന വഹീദുദ്ദീന്‍ ഖാന്റെ മകനുമായ സഫറുല്‍ ഇസ്ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, പി.സി. ഹംസ, മുന്‍ ബിഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രഫ. രാമസൂര്യ റാവു (ആന്ധ്രപ്രദേശ്), സുബ്രഹ്മണി (തമിഴ്നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസ്സലാം വാണിയമ്പലം ട്രഷററുമാണ്.
പുതിയ പാര്‍ട്ടി: കരുതലോടെ കാല്‍വെപ്പ്
ഹസനുല്‍ ബന്ന
ന്യൂദല്‍ഹി: മൂല്യാധിഷ്ഠിത രാഷ്ട്രീയവുമായി നിലവില്‍വന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്നത് കരുതലോടെയുള്ള കാല്‍വെപ്പ്.
പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളുടെ രൂപവത്കരണത്തിനും അംഗത്വ വിതരണത്തിന്റെ പൂര്‍ത്തീകരണത്തിനും വേണ്ടുവോളം സമയം അനുവദിച്ചും പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതില്‍ പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ടുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിറന്നു വീണത്.
രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തുടനീളം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്.ക്യു.ആര്‍ ഇല്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ അംഗത്വ വിതരണവും ഈ കാലയളവുകൊണ്ടാണ് പൂര്‍ത്തിയാക്കുക.
പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണിത്. തുടക്കത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക ഘടന ഉരുത്തിരിച്ചെടുത്തത്. പേരിന്റെ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും കമീഷന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇല്യാസ് പറഞ്ഞു.
നിലവിലുള്ള പാര്‍ട്ടികളുടെ കൊടികളില്‍ നിന്ന് വിഭിന്നമായി സമാന്തരമായി പച്ചയും വെളുപ്പും ചുകപ്പും ക്രമീകരിച്ച ത്രിവര്‍ണ പതാകയില്‍ വികസനത്തിന്റെയും സുഭിക്ഷതയുടെയും അടയാളങ്ങളായാണ് രണ്ട് ഗോതമ്പ് കതിരുകള്‍ പാര്‍ട്ടിയുടെ പേരിനൊപ്പം ആലേഖനം ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗ്, മുസ്ലിം മജ്ലിസ് അടക്കമുള്ള ന്യൂനപക്ഷ സാമുദായിക സംഘടനകളോട് സൌഹാര്‍ദപരമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ ചോദ്യത്തിന് മറുപടി നല്‍കി. ഇതൊരു സാമുദായിക, ന്യൂനപക്ഷ സംഘടനയല്ലാത്തതിനാല്‍ അവരുമായുള്ള മത്സരത്തിന്റെ ചോദ്യമുദിക്കുന്നില്ലെന്നും എല്ലാവര്‍ക്കും നീതിപൂര്‍വകമായി പ്രാതിനിധ്യം നല്‍കുന്ന മതേതര സംഘടനയായിരിക്കുമെന്നും എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ ധാര്‍മികത തിരിച്ചുകൊണ്ടുവരുക, ദുര്‍ബലര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും ശക്തി പകരുക, വികസനത്തിന്റെ ഫലം തുല്യമായി നീതിപൂര്‍വം വിതരണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നിവയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിനല്ല, ജനപക്ഷ രാഷ്ട്രീയത്തിനാണ് മുന്‍ഗണനയെന്നും പുതിയ രാഷ്ട്രീയ സംസ്കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ലാഭനഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.
കാത്തലിക് ബിഷപ് കൌണ്‍സിലിന്റെ സമ്മതപ്രകാരമാണ് ജനക്ഷേമം മുന്‍ നിര്‍ത്തി താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹിത്വം സ്വീകരിച്ചതെന്നും ഇത്തരത്തില്‍ ഒരു പുരോഹിതന്‍ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്രഹാം ജോസഫ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. പാര്‍ട്ടിയില്‍ നിന്ന് സുതാര്യതക്ക് തുടക്കമിട്ടാണ് രാഷ്ട്രീയത്തിലും ഭരണത്തിലും പാര്‍ട്ടി സുതാര്യത ആവശ്യപ്പെടുന്നത്. സ്വന്തം സംഭാവന സ്വരൂപിച്ചാണ് ആദ്യ പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിന് തുടക്കമിട്ടത്.
സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ സുതാര്യമായിരിക്കുമെന്ന് ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഉപാധികളോടെ നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടി സ്വീകരിക്കില്ല. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത 19 അംഗങ്ങള്‍ 1,70,000 രൂപ സ്വരൂപിച്ച് പ്രവര്‍ത്തക ഫണ്ടിന് രൂപം നല്‍കിയ വിവരം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ പുറത്തുവിട്ടതോടെ പ്രതിനിധികളില്‍ പലരും സ്വന്തം സ്വത്തുക്കളും വരുമാനവും പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതായി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു
Courtesy: Madhyamam/19-04-2011
No comments:
Post a Comment
Thanks