ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 16, 2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം

  ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം
മതത്തിന്റെ വിമോചന സാധ്യത
അംഗീകരിക്കപ്പെടുന്നു -ടി. ആരിഫലി
പെരിന്തല്‍മണ്ണ: മതത്തിന്റെ വിമോചന സാധ്യത കമ്യൂണിസ്റ്റ്^മുതലാളിത്ത സൈദ്ധാന്തികര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ എസ്.ഐ.ഒ കേരള ഘടകം സംഘടിപ്പിച്ച ഇസ്ലാമിക അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് സെക്കുലര്‍ ലോകത്തില്‍ മതത്തിന് കൈവരാന്‍ പോകുന്ന ഈ സാധ്യതയെ ഏറ്റെടുക്കാനുള്ള വൈജ്ഞാനിക ചങ്കുറപ്പ് മുസ്ലിം യുവത ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാധുനിക ലോകവുമായി സംവദിക്കാനും ആധുനികാന്തര പ്രവണതകളെ നിരീക്ഷിക്കാനും അഭിമുഖീകരിക്കാനുമുള്ള ശേഷി പുതുതലമുറക്ക് സാധ്യമായിട്ടുണ്ട്.പ്രമാണബദ്ധമല്ലാത്ത ചിന്തകളും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അബദ്ധങ്ങള്‍ക്കിടയാക്കും. പ്രമാണങ്ങളിലെ അക്ഷരങ്ങളെ സേവിച്ചും പൂജിച്ചും കഴിയാതെ, അക്ഷരങ്ങളില്‍നിന്നുണര്‍ന്ന് അതിന്റെ ആശയങ്ങളെ സ്വാംശീകരിച്ച് സമകാലിക പുനര്‍വായന നടത്തണം. ഇസ്ലാമിന്റെ സാകല്യത്തെകുറിച്ചും പരപ്പിനെകുറിച്ചും അവബോധമില്ലാതെയുള്ള വായനകള്‍ വിജ്ഞാന അസന്തുലിതത്വത്തിനിടയാക്കും. അത്തരം വലിച്ചുനീട്ടലുകള്‍ വഴികേടായി പരിണമിക്കും. നവീകരണമെന്നാല്‍ പഴയതിനെ കൊന്നുകളയാതെ, പുതുക്കിയെടുക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.അലീഗഢ് സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. ഉബൈദുല്ല ഫഹദ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക മാറ്റത്തിന്റെ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷമെന്ന ചിന്ത മാറ്റിവെച്ച് രാജ്യത്തെ മുസ്ലിം സമൂഹം ചരിത്ര ദൌത്യം നിറവേറ്റാന്‍ മുന്നോട്ടു വരണണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല, സാദിഖ് അല്‍മന്‍സലി (യമന്‍), എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്റ് പി.എന്‍. സഫിയ അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം സ്വാഗതവും കെ.വി. സഫീര്‍ഷാ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks