ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 13, 2012

ഉദാരമതികളുടെ കനിവില്‍ നിര്‍ധന കുടുംബത്തിന് വീട്

ഉദാരമതികളുടെ കനിവില്‍  
നിര്‍ധന കുടുംബത്തിന് വീട്
മട്ടന്നൂര്‍: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വേനലും സഹിച്ച് രണ്ട് വര്‍ഷത്തോളം ടാര്‍പോളിന്‍ഷീറ്റ് കൊണ്ട് മറച്ച ഷെഡില്‍ കഴിഞ്ഞ നാലംഗ കുടുംബത്തിന്‍െറ വീടെന്ന സ്വപ്നം പൂവണിയുന്നു.   സോളിഡാരിറ്റിയുടെയും മറ്റും സഹായഹസ്തത്താല്‍ ബാര്‍ബര്‍ തൊഴിലാളി മട്ടന്നൂരിനടുത്ത കല്ലൂര്‍ ലക്ഷംവീട് കോളനിയിലെ കെ. അനില്‍കുമാറിനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചത്.
ലക്ഷംവീട് കോളനിയില്‍ അനില്‍കുമാറിന്‍െറ വീട് വാസയോഗ്യമല്ലാത്ത അപകടാവസ്ഥയിലായിരുന്നു. ചേരിനിര്‍മാര്‍ജന പദ്ധതിയില്‍പെടുത്തി വീട് പുനര്‍നിര്‍മാണത്തിന് അവസരമൊരുങ്ങിയതോടെ നിലവിലെ വീട്പൊളിച്ച് പദ്ധതി പ്രകാരം നിര്‍മാണം തുടങ്ങി. ലഭിച്ച ആദ്യഗഡു കൊണ്ട് ചുവര്‍ പൂര്‍ത്തിയായെങ്കിലും പിന്നീടുള്ള നിര്‍മാണം നിലച്ചു. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പദ്ധതിപ്രകാരം ബാക്കിതുക കിട്ടുമായിരുന്നെങ്കിലും ഈ നിര്‍ധന യുവാവിന് സാധിച്ചില്ല. ചുവരില്‍ ഒതുങ്ങിയ വീടിന് സമീപം പ്ളാസ്റ്റിക് ഷീറ്റ്കൊണ്ട് ഷെഡ്കെട്ടി  അനില്‍കുമാറും ഭാര്യയും രണ്ട് മക്കളും താസിച്ചുവരുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് അനില്‍കുമാറിന്‍െറ പാതിവഴിയില്‍ നിലച്ച വീട് നിര്‍മാണം ഒരുപരിധിവരെ പൂര്‍ത്തിയാക്കാനായത്. കുടുംബത്തിന്‍െറ ദുരിതജീവിതം അറിഞ്ഞ സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് കോണ്‍ക്രീറ്റിനാവശ്യമായ മുഴുവന്‍ സിമന്‍റും എത്തിച്ചുകൊടുത്തു. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്‍െറ സഹായവും നാട്ടിലെ ഉദാരമതികളില്‍നിന്ന് സ്വരൂപിച്ച പണവും കൊണ്ടാണ് ഇന്നലെ വീടിന്‍െറ കോണ്‍ക്രീറ്റ് നടത്തിയത്. ഏതാനും എന്‍.എസ്.എസ് വളന്‍റിയര്‍മാരും നിര്‍മാണ പ്രവൃത്തിയില്‍ പങ്കാളികളായി. രണ്ടാഴ്ച മുമ്പ് ഇതേ കോളനിയിലെ നിര്‍ധനരായ കബീറിനും കുടുംബത്തിനും മട്ടന്നൂര്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. മാതൃകാ പ്രവര്‍ത്തനത്തിന്‍െറ മറ്റൊരേട് കൂടിയാണ് ഇന്നലെ എഴുതിച്ചേര്‍ക്കപ്പെട്ടത്.  കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍, മട്ടന്നൂര്‍ യൂനിറ്റ് പ്രസിഡന്‍റ് പി.എം. മഅ്റൂഫ്, മട്ടന്നൂര്‍ കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. സജി ആര്‍. കുറുപ്പ്, കോളനിവാസികളായ കെ. കരീം, ഇ. റഹീം എന്നിവര്‍ നിര്‍മാണ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks