ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 13, 2012

ജനകീയ പ്രക്ഷോഭം: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി

 
 
 ജനകീയ പ്രക്ഷോഭം: ഗ്രീന്‍ഫീല്‍ഡ്
റോഡ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി
ചക്കരക്കല്ല്:  നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി. മൂന്നുദിവസമായി തുടരുന്ന ശക്തമായ ജനകീയ പ്രക്ഷോഭമാണ് സര്‍വേ നിര്‍ത്താന്‍ കാരണം. ജില്ലാകലക്ടര്‍ കണ്ണൂരിലില്ലാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളും സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ കഴിയാത്തതും സര്‍വേ താല്‍ക്കാലികമായി നിര്‍ത്താന്‍ കാരണമായി. കലക്ടര്‍ കണ്ണൂരിലത്തെുന്നമുറക്ക് ചര്‍ച്ചക്ക് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍ അറിയിച്ചു.
12ന് രാവിലെ സര്‍വേ നടക്കുന്ന മാച്ചേരിയിലും പരിസരപ്രദേശത്തും വന്‍ ജനാവലി എത്തിയിരുന്നു. ഒമ്പതുമണിക്ക് സര്‍വേ നടപടി തുടങ്ങിയപ്പോള്‍ പ്രദേശവാസികളുടെ പ്രക്ഷോഭവും ശക്തമായി. ഇതിനിടയില്‍ നാട്ടുകാര്‍ കണ്ണൂര്‍-ചക്കരക്കല്ല് റോഡ് ഉപരോധിച്ചു. ചക്കരക്കല്ല് ടൗണ്‍ മുതല്‍ ഏച്ചൂര്‍ വരെ റോഡില്‍ കല്ലുകളും മരത്തടികളും നിരത്തി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഉപരോധത്തിന്‍െറ ഭാഗമായി ചക്കരക്കല്ല്-കാപ്പാട് പ്രദേശത്തെ വിവിധ റോഡുകളിലും തടസ്സം സൃഷ്ടിച്ചതോടെ സര്‍വേ നടപടികള്‍ മുടങ്ങി. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരായ 90ഓളം പേരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയെങ്കിലും വിവിധ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേരത്തെുകയും പ്രതിരോധം ശക്തമാവുകയും ചെയ്തു. സമരക്കാരെ നേരിടാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപരോധം വൈകീട്ട് വരെ നീണ്ടു. ഇതിനിടയില്‍ മന്ത്രി കെ.സി. ജോസഫിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് സര്‍വേ നടപടി തുടരുന്നതെന്നും നാട്ടുകാര്‍ സഹകരിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചെങ്കിലും ജനം പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാലുമണിയോടെ സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.
കണ്ണൂര്‍ തഹസില്‍ദാര്‍ സി.എ. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍, റൂബി കണ്‍സള്‍ട്ടന്‍റ് കെ. വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. ജനപ്രതിനിധികള്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനൊടുവിലാണ് സമരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. പേരാവൂര്‍ സി.ഐ കെ.എസ്. ഷാജി, ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. മൂന്നുദിവസമായി രണ്ട് കിലോമീറ്ററോളം ദൂരമാണ് സര്‍വേ നടത്തിയത്.
പ്രകടനം നടത്തി
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നിര്‍ത്തിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നാട്ടുകാര്‍ ചക്കരക്കല്ല് ബസാറില്‍ പ്രകടനം നടത്തി. സര്‍വേ നടത്തിയ മാച്ചേരി, മൗവ്വച്ചേരി പ്രദേശങ്ങളിലാണ് പ്രകടനം നടത്തിയത്. സമരസമിതി പ്രവര്‍ത്തകരായ ഡോ. എം. മുഹമ്മദലി, കെ. സുധി, യു.ടി. ജയന്ത്, രാജന്‍ കാപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രകടനത്തിന് ശേഷം മധുരപലഹാര വിതരണവും നടന്നു.

No comments:

Post a Comment

Thanks