ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 9, 2012

ജമാഅത്ത് അമീര്‍ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു

 ജമാഅത്ത് അമീര്‍ ഒമാന്‍ 
 ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു 
മസ്കത്: കേരളമെന്നാല്‍ ‘ദൈവത്തിന്‍െറ നന്മ’യാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ഖലീലി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുമായി മസ്കത്തിലെ മതകാര്യമന്ത്രാലയം ഓഫിസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം
കേരളത്തോടും മലയാളികളോടുമുള്ള തന്‍െറ മമത അറിയിച്ചത്. കേരളം എന്ന പദം അറബിയില്‍ ‘ദൈവിക നന്മ’ എന്നര്‍ഥം വരുന്ന ‘ഖൈറുല്ല’ എന്ന വാക്കിനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി വിശദീകരിച്ചു. നൂറ്റാണ്ടുകളായി ഊഷ്മളമായ സ്നേഹബന്ധം തുടരുന്നവരാണ് ഒമാനികളും ഇന്ത്യക്കാരും. അവരില്‍ മലയാളികളുമായി ബന്ധം കൂടുതല്‍ ശക്തമാണ്.കേരളത്തില്‍ നടക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും കുറിച്ച് താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞ അദ്ദേഹം ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും മറ്റുള്ളവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുന്നതോടൊപ്പം തീവ്രവാദനിലപാടുകളെ ചെറുക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇസ്ലാം സമാധാനത്തിന്‍െറ മതമാണ്.
സമാധാനപരമായ പ്രബോധനത്തിലൂടെയും സംവാദങ്ങളിലൂടെയുമാണ് മുസ്ലിംകള്‍ ആശയപ്രചാരണം നടത്തേണ്ടത്.
അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനായി ശക്തമായ നിലപാടുകളെടുക്കുമ്പോള്‍തന്നെ അവ മറ്റുള്ളവരെ കടന്നാക്രമിക്കുന്ന തരത്തിലാകരുതെന്നും മുഫ്തി പറഞ്ഞു. മത, സാമൂഹിക രംഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം അബുല്‍അഅ്ലാ മൗദൂദി 20ാം നൂറ്റാണ്ടില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പോരാട്ടം നടത്തിയ നേതാവാണെന്ന് അനുസ്മരിച്ചു.
മീഡിയ വണ്‍ ചാനല്‍ സി.ഇ.ഒ അബ്ദുസ്സലാം വാണിയമ്പലം, കേരള ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks