ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 18, 2013

മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ റവന്യൂ വകുപ്പിന് തടയാനായില്ല

 
 മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍
റവന്യൂ വകുപ്പിന് തടയാനായില്ല
 കണ്ണൂര്‍: മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ തടയാനുള്ള റവന്യൂ വകുപ്പിന്‍െറ നീക്കം വിഫലമായി. റവന്യൂ ഉദ്യോഗസ്ഥരുടെ വിലക്ക് കണക്കിലെടുക്കാതെ റിയല്‍ എസ്റ്റേറ്റ് ലോബി യഥേഷ്ടം നികത്തല്‍ തുടരുകയാണ്. മുണ്ടേരി, ചേലേരി വില്ളേജുകളിലായി രണ്ട് ഏക്കറോളം നീര്‍ത്തട ഭൂമിയാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണമായി മണ്ണിട്ടു നികത്തിയെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിച്ച തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമാണിത്. നികത്തലിനെതിരെ സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കല്‍ മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടാലുടനെ നികത്തല്‍ പഴയപടി തുടരുന്നു.
സംഭവം വിവാദമായതിനെതുടര്‍ന്ന് ചക്കരക്കല്ല് പൊലീസ് ഇടക്കിടെ ഈ ഭാഗത്ത് പട്രോളിങ് നടത്തുന്നുണ്ട്. പൊലീസിന്‍െറ വരവറിഞ്ഞാല്‍ മാറിനില്‍ക്കുന്ന തൊഴിലാളികള്‍ അവര്‍ പോയിക്കഴിഞ്ഞാലുടന്‍ നികത്തല്‍ തുടരും. മുണ്ടേരിപ്പുഴയും തീരവും ചേരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ അര ഏക്കര്‍ ഭൂമി ദിവസങ്ങള്‍ക്കകമാണ് നികത്തിയെടുത്തത്. 800 ഹെക്ടറോളം വിസ്തൃതിയുള്ള കാട്ടാമ്പള്ളി തണ്ണീര്‍ത്തട മേഖലയുടെ പരിധിയില്‍പെട്ട ഈ പ്രദേശത്ത് പലയിടത്തും സമാനരീതിയില്‍ നികത്തല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭൂമി വിലക്കുവാങ്ങിയവരാണ് അധികാര സ്വാധീനവും സാമ്പത്തിക ശക്തിയും ഉപയോഗപ്പെടുത്തി യഥേഷ്ടം നികത്തുന്നത്.
പ്രദേശം പക്ഷിസങ്കേതമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായ സാഹചര്യത്തിലാണ് പലരും ഇവിടെ ഭൂമി സ്വന്തമാക്കിയത്. നികത്തിക്കൊണ്ടിരിക്കുന്ന പ്ളോട്ടുകളിലൊന്ന് ആറുമാസം മുമ്പ് കൈമാറ്റം ചെയ്യപ്പെട്ടതാണ്. അതേസമയം, സ്ഥലവാസികളായ പരമ്പരാഗത കര്‍ഷകര്‍ നീര്‍ത്തടം നികത്തുന്നതിന് എതിരാണ്. നികത്തല്‍ തടയാന്‍ ചടങ്ങുപോലെ നോട്ടീസ് നല്‍കുന്നതോടെ റവന്യൂ വകുപ്പിന്‍െറ നടപടി അവസാനിക്കുന്നു. നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ നികത്തിയ ഭൂഭാഗം പൂര്‍വസ്ഥിതിയിലാക്കാനോ ഒരു നീക്കവും ഉണ്ടാവുന്നില്ല. ഇത് നികത്തല്‍ ലോബിക്ക് സഹായകമാവുന്നു. നീര്‍ത്തടത്തിന്‍െറ പരിധിയില്‍പെട്ട സ്വകാര്യ ഭൂമി നികത്തുന്നതിനും അനുമതി നല്‍കരുതെന്നാണ് ചട്ടം.
നീര്‍ത്തടം നികത്തല്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃതമായി നികത്തിയതെന്ന് കണ്ടത്തെിയ ഭൂമിയിലാണ് റവന്യൂ അധികൃതരുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് നികത്തല്‍ പൂര്‍ത്തിയാക്കിയത്. നികത്താന്‍ പാടില്ലാത്ത ‘നഞ്ച’ വിഭാഗത്തില്‍പെട്ട ഭൂമിയെ രജിസ്ട്രേഷന്‍ സമയത്ത് ‘തോട്ടം’ ആക്കി മാറ്റി കൃത്രിമം നടത്തുന്ന പ്രവണതയും വ്യാപകമായുണ്ട്. ആധാരം എഴുത്തുകാരും രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ചേലേരി വില്ളേജില്‍ നീര്‍ത്തടം നികത്തുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച കൊളച്ചേരി പഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Courtesy:Madhyamam

No comments:

Post a Comment

Thanks