ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 3, 2013

പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത; സര്‍ക്കാറിന് വിമുഖത

 പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത;
സര്‍ക്കാറിന് വിമുഖത
കണ്ണൂര്‍: പഴശ്ശി പദ്ധതിയുടെ ഭാഗമായ കനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സമാന്തര പാതയാക്കി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശത്തിന് പ്രാധാന്യമേറുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ ഉപകരിക്കുന്ന പദ്ധതി നിര്‍ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല.
പഴശ്ശി അണക്കെട്ടില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ കക്കാട് അവസാനിക്കുന്ന മെയിന്‍ കനാലിന്‍െറ ഇരു കരകളും മട്ടന്നൂരിലെ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനവിഭാഗം ജനകീയ കാമ്പയിന്‍െറ ഭാഗമായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
കണ്ണൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനുള്ള ബദല്‍ മാര്‍ഗമെന്ന നിലയിലാണ് പദ്ധതി നിര്‍ദേശിച്ചത്. 1967ല്‍ കമീഷന്‍ ചെയ്ത പഴശ്ശി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നിരവധി കനാലുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഏക്കര്‍കണക്കിന് പുറമ്പോക്ക് ഭൂമിയും ഇതോടനുബന്ധിച്ചുണ്ട്.
കക്കാടുനിന്ന് അതിരകം, വലിയന്നൂര്‍, ഏച്ചൂര്‍, കാഞ്ഞിരോട്, തലമുണ്ട, മുഴപ്പാല, അഞ്ചരക്കണ്ടി, മുരിങ്ങേരി വഴി മട്ടന്നൂര്‍ റോഡുമായി ബന്ധപ്പെടുന്ന കനാലിന്‍െറ ദൈര്‍ഘ്യം 21 കിലോമീറ്ററാണ്. ഇതുവഴി ഇപ്പോള്‍ 15 കിലോമീറ്റര്‍ റോഡ് ഗതാഗതമുണ്ട്.
12 മീറ്റര്‍ വീതിയുള്ള കനാലിന്‍െറ ഇരുഭാഗത്തും ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിലവിലുണ്ട്. ഇരുവശങ്ങളിലുമായി മൂന്നുമീറ്ററോളം പുറമ്പോക്ക് ഭൂമിയുമുണ്ട്. ഇത് ഉപയോഗപ്പെടുത്തി സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
 ഭൂമി ഏറ്റെടുക്കാതെ ചുരുങ്ങിയ ചെലവില്‍ ബദല്‍ പാത സാധ്യമാക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.
കനാലിന്‍െറ ഇരുവശങ്ങളിലും 3.5 മീറ്റര്‍ വീതിയിലുള്ള ട്രാക്കുകള്‍ ഉണ്ടാക്കി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നും ട്രാക്കുകളുടെ ഇടയില്‍ ചെടികള്‍ നട്ടുവളര്‍ത്തി ആകര്‍ഷകമാക്കാമെന്നും പദ്ധതി നിര്‍ദേശത്തില്‍ പറയുന്നു.
പാതക്കരികില്‍ വേലി സ്ഥാപിച്ച് ശേഷിച്ച പുറമ്പോക്ക് ഭൂമി പങ്കാളിത്ത വ്യവസ്ഥയില്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മേലെചൊവ്വ മുതല്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം വരെ നിലവിലുള്ള റോഡിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കനാല്‍ പാത യാഥാര്‍ഥ്യമായാല്‍ ദൂരം 21 കിലോമീറ്ററായി ചുരുങ്ങുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പരിഷത്ത് സംഘം വിശദമായ പരിശോധനയും പഠനവും നടത്തിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.
വിവിധ സന്നദ്ധ സംഘടനകള്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
 കനാല്‍ പുറമ്പോക്ക് ഭൂമി ഗതാഗതത്തിനും കൃഷിക്കും ഉപയോഗപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയും മുണ്ടേരി വില്ളേജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. 
Courtesy: Madhyamam

No comments:

Post a Comment

Thanks