ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 5, 2012

ഭൂമാഫിയ ബന്ധം തെളിയിച്ചാല്‍ സമരം നിര്‍ത്തും -സോളിഡാരിറ്റി

ഭൂമാഫിയ ബന്ധം തെളിയിച്ചാല്‍
സമരം നിര്‍ത്തും -സോളിഡാരിറ്റി
കണ്ണൂര്‍: ചേലോറയിലും പെട്ടിപ്പാലത്തും ആരംഭിച്ച മാലിന്യവിരുദ്ധ സമരത്തിന് പിന്നില്‍ ഭൂമാഫിയ ആണെന്ന ആരോപണം തെളിയിച്ചാല്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് പ്രസ്താവിച്ചു. ഭൂമാഫിയ ബന്ധം ആവര്‍ത്തിക്കുന്ന മന്ത്രി കെ.സി. ജോസഫ് ആരോപണം തെളിയിക്കണം.
സമരം തുടങ്ങിയിട്ട് മാസങ്ങളായിട്ടും സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ തയാറാകാത്ത മന്ത്രി ജില്ലക്ക് നാണക്കേടാണ്. ജനകീയ സമരങ്ങളില്‍നിന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ അകലുന്നത് അവരുടെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണെന്ന് മന്ത്രി ഓര്‍ക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പെട്ടിപ്പാലം: മന്ത്രി ആരോപണം തെളിയിക്കണം-പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം: മന്ത്രി ആരോപണം
തെളിയിക്കണം-പൊതുജനാരോഗ്യ സമിതി
തലശ്ശേരി: പെട്ടിപ്പാലത്ത് നടന്നുവരുന്ന ജനകീയ സമരത്തിന് പിന്നില്‍ ഭൂമാഫിയയാണെന്ന ആരോപണം മന്ത്രി കെ.സി. ജോസഫ് തെളിയിക്കണമെന്ന് പൊതുജനാരോഗ്യ സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമരം ആരംഭിച്ചശേഷം നിരവധി തവണ അതുവഴി യാത്ര ചെയ്തിട്ടും സമരപ്പന്തല്‍ സന്ദര്‍ശിച്ച് നാട്ടുകാരുടെ പ്രയാസങ്ങളന്വേഷിക്കാന്‍ മന്ത്രി സമയം കണ്ടത്തെിയിട്ടില്ല. ആരോപണമുന്നയിക്കാതെ അധികാരമുപയോഗിച്ച് ഭൂമാഫിയക്കെതിരെ നടപടിയെടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളില്ളെന്ന് മന്ത്രി ജോസഫ്കൂടി പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ മറിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് നാണക്കേട്-ജലാലുദ്ദീന്‍ ഉമരി

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത്
നാണക്കേട്-ജലാലുദ്ദീന്‍ ഉമരി
ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള നീക്കം രാജ്യത്തിന് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി വാര്‍ത്താമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധമായ ലൈംഗിക വൈകൃതങ്ങളെ ശരിയായി ചിന്തിക്കുന്ന മുഴുവന്‍ സ്ത്രീ പുരുഷന്മാരും എതിര്‍ക്കണമെന്ന് അമീര്‍ ആഹ്വാനം ചെയ്തു.
 വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍െറ പേരിലാണ് മനുഷ്യവിരുദ്ധവും  അധാര്‍മികവുമായ സ്വവര്‍ഗരതിക്ക് നിയമപരമായ അംഗീകാരം നല്‍കാന്‍ ശ്രമം നടത്തുന്നത്. പ്രകൃതിവിരുദ്ധമായ ഇത്തരം വൈകൃതങ്ങള്‍ നിഷിദ്ധമാണെന്ന് ഇസ്ലാം പ്രഖ്യപിക്കുന്നുണ്ട്. മറ്റു മതങ്ങളും ഇതിനെതിരാണ്. ഇത്തരം കാര്യങ്ങളെ നിയമവിധേയമാക്കുന്നതിലൂടെ കുടുംബ സംവിധാനമാണ് തകര്‍ക്കപ്പെടുന്നത്. സ്വവര്‍ഗ രതിയുടെ കാര്യത്തില്‍  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം.
ഗുജറാത്ത് വംശഹത്യ കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷവും ഇരകളായ മുസ്ലിം ജനവിഭാഗത്തോട് നീതി ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ളെന്ന് അമീര്‍ പറഞ്ഞു. വേട്ടക്കാരെ ശിക്ഷിക്കാന്‍  ഇനിയും കഴിയാത്തത് ഖേദകരമാണ്. കലാപത്തിലെ ഇരകള്‍ക്ക് താമസം വിനാ നീതി നല്‍കേണ്ടതുണ്ട്. ജമാഅത്ത് നേതൃത്വത്തിലുള്ള ഇസ്ലാമിക് റിലീഫ് കമ്മിറ്റി നിയമയുദ്ധത്തിലാണ്. കലാപത്തില്‍ തകര്‍ത്ത 500ല്‍പരം മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത്. ഇരകളെ പുനരധിവസിപ്പിക്കുന്നതിന് ജമാഅത്ത് 25 കോടി ചെലവഴിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഗുജറാത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരും.-അമീര്‍ പറഞ്ഞു.

നദീസംയോജനനീക്കം അപകടകരം -സോളിഡാരിറ്റി

നദീസംയോജനനീക്കം
അപകടകരം -സോളിഡാരിറ്റി
കോട്ടയം:  നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്. പമ്പ, അച്ചന്‍കോവില്‍ നദികളുടെ ഒരു ഭാഗം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകുന്നത് വേമ്പനാട് തണ്ണീര്‍ പ്രദേശത്തിന്‍െറ നാശത്തിനിടയാക്കും.  കുട്ടനാട്ടിലെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യ തിരുവിതാംകൂറിലെയും ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷകാലത്ത് നദികളിലെ വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോവുകയോ വെള്ളപ്പൊക്കമുണ്ടാക്കുകയോ ചെയ്യുന്നു എന്നതാണ് നദീസംയോജനത്തിന് പറയുന്ന ന്യായം. വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്ന് പറയുന്നതുതന്നെ അബദ്ധമാണ്. നിരവധി ജൈവ പ്രവര്‍ത്തനങ്ങള്‍ ആ ഒഴുക്ക് നിര്‍വഹിക്കുന്നുണ്ട്. കടലിന്‍െറ ആവാസ വ്യവസ്ഥയില്‍ നദീജലത്തിനും സുപ്രധാന പങ്കുണ്ട്. എല്ലാ പ്രകൃതി വിഭവങ്ങളും നേര്‍ക്കുനേരെ മനുഷ്യനു വേണ്ടി മാത്രമാണെന്ന ധാരണയില്‍നിന്നാണ് ഈ വാദഗതി. മറ്റ് ജീവികളുടെ താല്‍പ്പര്യങ്ങളും പരിഗണിക്കുമ്പോള്‍ മാത്രമെ മനുഷ്യനുവേണ്ടി പോലും അവ നിലനില്‍ക്കുകയുള്ളൂ.
5.6 ലക്ഷം കോടി രൂപ ചെലവ് വരുന്ന നദീസംയോജനം ലോകബാങ്കിന്‍െറയോ എ.ഡി.ബിയുടെയോ സഹായത്തോടെയെ നടപ്പാക്കാനാകൂ. പൂര്‍ത്തിയായാല്‍ പദ്ധതിയുടെ പരിചരണം ഏറ്റെടുക്കാന്‍ പോകുന്നതും ഈ ഏജന്‍സികളായിരിക്കും.
 രാജ്യത്തെ നദികള്‍ രാജ്യത്തിന് നഷ്ടപ്പെടുന്ന ഗുരുതര സ്ഥിതിയാകും ഇതിലൂടെയുണ്ടാവുക. ഇന്ത്യയുടെ ജലസമ്പത്തില്‍ കണ്ണുനട്ടിരിക്കുന്ന പെപ്സി-കോള കമ്പനികള്‍ക്ക് രാജ്യത്ത് 55 ഫാക്ടറികളാണുള്ളത്.
 11 എണ്ണം കൂടി തുടങ്ങാന്‍ പോവുകയാണ്. അതിന്  വെള്ളം ലഭ്യമാക്കുക എന്ന ലോകബാങ്ക് അജണ്ടയാണ് നദീസംയോജന പദ്ധതിക്കുപിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് വി.എ. ഇബ്രാഹിം, ജില്ലാ മീഡിയാ സെക്രട്ടറി വി.ആര്‍. ജമാല്‍, അബ്ദുല്‍ ലത്തീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൊഴിലിടങ്ങളും കുടുംബങ്ങളും സ്ത്രീസൗഹൃദങ്ങളല്ല-സെമിനാര്‍

 തൊഴിലിടങ്ങളും കുടുംബങ്ങളും
സ്ത്രീസൗഹൃദങ്ങളല്ല-സെമിനാര്‍
കൊച്ചി: സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അതിസങ്കീര്‍ണമാണെന്നും നമ്മുടെ സമൂഹവും കുടുംബങ്ങളും സ്ത്രീ സൗഹൃദങ്ങളല്ളെന്നും ജി.ഐ.ഒ കേരള സംഘടിപ്പിച്ച ‘സ്ത്രീ-സൗഹൃദ തൊഴിലിടങ്ങളിലേക്ക് ഇനി എത്രദൂരം’ എന്ന  സെമിനാര്‍ അഭിപ്രായപ്പെട്ടു.   മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഷേര്‍ളി വാസു മുഖ്യാതിഥി ആയിരുന്നു. നിയമങ്ങള്‍ക്കപ്പുറം തൊഴിലിടങ്ങളിലെ അധികാരികള്‍ക്കാണ് അവ സ്ത്രീ സൗഹൃദമാക്കാന്‍ കഴിയുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് നേടിയ ലിസ ശ്രീജിത്ത്, ധീരതക്കുള്ള അവാര്‍ഡ് നേടിയ ജിസ്മി എന്നിവര്‍ക്ക് ജി.ഐ.ഒ യുടെ ഉപഹാരം ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമ്മാനിച്ചു. കെ. ഇന്ദിര, ജോളി, പി.ഐ. നൗഷാദ്, സജി ജയിംസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്  സംസാരിച്ചു. വിവിധ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതിനിധികളായ അമ്മിണി ടീച്ചര്‍,ലിസ പോള്‍, വി.എന്‍. നാദിയ, ആശ അരവിന്ദ് എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സുഫൈറ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റുക്സാന സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്‍റ് സന അലി നന്ദിയും പറഞ്ഞു. മുബഷിറ പ്രാര്‍ഥന നടത്തി.

Sunday, March 4, 2012

ഓര്‍മകള്‍ അകലെ; തകര്‍ന്ന വീട്ടില്‍ തനിച്ച് ഈ ഉമ്മ

 
 
 
 
 ഓര്‍മകള്‍ അകലെ; 
തകര്‍ന്ന വീട്ടില്‍ തനിച്ച് ഈ ഉമ്മ
 ഏഴ് മക്കളും അവരുടെ മക്കളുമൊക്കെയായി നാടുനീളെ ബന്ധുക്കളുള്ള വൃദ്ധ കൂട്ടിനാളില്ലാതെ ദുരിത ജീവിതം നയിക്കുന്നു. ഏതുനിമിഷവും നിലം പൊത്താറായ വീട്ടില്‍ ഓര്‍മശക്തിയും കാഴ്ചയും കുറഞ്ഞ് അരക്കെട്ടിന് താഴെ തളര്‍ന്ന വൃദ്ധ പരസഹായത്തിനാളില്ലാതെ ഇഴഞ്ഞിഴഞ്ഞ് ജീവിക്കുന്ന കാഴ്ച കരളലിയിക്കുന്നതാണ്. പ്രായം തൊണ്ണൂറിനോടടുത്ത കൂടാളിക്കടുത്ത കരിങ്ങച്ചാലില്‍ തെക്കത്തിന്‍റവിട ആസിയയാണ് സ്വന്തക്കാരുണ്ടായിട്ടും ജീവിത സായാഹ്നത്തില്‍ ആരോരുമില്ലാതെ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞ വീട്ടില്‍ തടവറയിലെന്ന പോലെ കഴിയുന്നത്. മേല്‍ക്കൂര തകര്‍ന്ന് ചുവരുകളും തൂണുകളും വിണ്ടുകീറി വീഴാന്‍ പാകത്തിലായ കൊച്ചുവീട്ടില്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരേ കിടപ്പിലാണ് ഇവര്‍. ആരെങ്കിലും വിളിച്ചാല്‍ ഇഴഞ്ഞ് ഉമ്മറപ്പടിയിലത്തെി തന്‍െറ ദുര്‍വിധി പറഞ്ഞ് പൊട്ടിക്കരയുകയാണ്. പലപ്പോഴും മുഴുപ്പട്ടിണിയില്‍ കിടക്കുന്ന ഇവര്‍ക്ക് ആകെയുള്ള ആശ്വാസം മകളുടെ മകന്‍ ഫൈസലാണ്. കോണ്‍ക്രീറ്റ് പണിക്കാരനായ ഇയാള്‍ കൊണ്ടു നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദുരിതജീവിതത്തിന് മുന്നില്‍ അലിവ് തോന്നിയ അയല്‍വാസികളുടെ സാമീപ്യവും ആശ്വാസം പകരുന്നു. മലമൂത്ര വിസര്‍ജനം പോലും കിടക്കപ്പായക്ക് സമീപം നിര്‍വഹിക്കുമ്പോള്‍ കൂടെയുള്ള യുവാവിന് ഒരുപരിധി വരെ മാത്രമേ പരിചരിക്കാനാവുകയുള്ളൂവെന്നും ഇവരെ പരിചരിക്കാന്‍ മറ്റൊരു സ്ത്രീ തന്നെ വേണമെന്നും അയല്‍ക്കാര്‍ പറയുന്നു. കിടപ്പിലായ വൃദ്ധ ആരോരുമില്ലാതെ നരകിക്കുന്നതറിഞ്ഞ് വീട്ടിലത്തെിയപ്പോള്‍ വീടിന്‍െറ മൂലയില്‍ തറയില്‍ വിരിച്ച പായയില്‍ ഭക്ഷണം പോലും കഴിക്കാതെ തളര്‍ന്നുറങ്ങുകയായിരുന്നു. ആളനക്കംകേട്ട് എഴുന്നേറ്റ ഇവര്‍ ഇഴഞ്ഞ് ഉമ്മറത്ത് എത്തുകയും ചെയ്തു. ഓര്‍മശക്തി നന്നേ കുറഞ്ഞതുകൊണ്ടുതന്നെ പറയുന്നതിനൊന്നും വ്യക്തയില്ല. എങ്കിലും മക്കള്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് കണ്ണീരൊലിപ്പിച്ച് കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരുന്നു.
ഭര്‍ത്താവ് നേരത്തെ മരിച്ച ആസിയക്ക് നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണുള്ളത്. മൂത്ത മകനും മരിച്ചു. മക്കളും മക്കളുടെ മക്കളുമെല്ലാം താമസം വെവ്വേറെയാക്കി. വര്‍ഷങ്ങളായി ഇവരുടെ താമസം ഇങ്ങനെയാണ്. ഇളയ മകള്‍ ഇടക്ക് ഉമ്മയെ കൂട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട്, തകര്‍ന്ന വീട്ടില്‍ തന്നെ കൊണ്ടുവിടുകയായിരുന്നത്രെ. കുടുംബ പ്രശ്നമാണ് ഇതിന് കാരണമെന്ന് പറയുന്നു. തൊട്ടടുത്ത് താമസിക്കുന്ന മകളുടെ വീട്ടില്‍ കയറ്റുന്നില്ളെന്നും ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നതെന്നും മറ്റ് മക്കളുടെ സ്ഥിതിയും ഇത് തന്നെയാണെന്നും വിങ്ങിപ്പൊട്ടി ആസിയ ഉമ്മ പറയുന്നു. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവ് മകളുടെ വീട്ടിലേക്ക് വൃദ്ധയെ കൊണ്ടുപോയെങ്കിലും വാഹനത്തില്‍നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ തിരിച്ചയക്കുകയാണത്രെ ഉണ്ടായത്. ആറ് സെന്‍റ് സ്ഥലവും കൊച്ചുവീടും മാത്രമാണ് വൃദ്ധക്ക് സ്വന്തമായുള്ളത്. ചെറിയൊരു കാറ്റടിച്ചാല്‍ വീട് തകര്‍ന്നേക്കുമെന്ന ഭീതിയുമുണ്ട്.  ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് വീടാകെ മൂടിയതിനാല്‍ മഴക്കാലത്ത് വെള്ളം അകത്തുവീഴാതെ രക്ഷപ്പെടാമെന്ന് മാത്രം. കൂടാളി പഞ്ചായത്തിലെ 16ാം വാര്‍ഡിലാണ് ഏഴുമക്കളെ നൊന്തുപെറ്റ വൃദ്ധ മാതാവ് കരളലിയിക്കുന്ന കാഴ്ചയായി ജീവിക്കുന്നത്.
Courtesy: Madhyamam Daily/04-03-2012
നാസര്‍ മട്ടന്നൂര്‍
ലേഖകന്റെ മൊബൈല്‍ നമ്പര്‍
: 9539 00 85 82

ADMISSION 2012

പൊലീസ് കാവലില്‍ മാലിന്യം തള്ളല്‍; മന്ത്രിമാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം

പൊലീസ് കാവലില്‍ മാലിന്യം തള്ളല്‍;
മന്ത്രിമാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം
തലശ്ശേരി: പൊലീസ് കാവലില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യംതള്ളാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമരത്തിന് പിന്തുണ നല്‍കിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കൃഷിമന്ത്രി കെ.പി. മോഹനനും രംഗത്തുവരണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മാലിന്യം തള്ളാന്‍ നഗരസഭക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ പ്രതിഷേധിച്ചു. ജനവിരുദ്ധ നടപടിയുമായി മുന്നോട്ട് നീങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ അതിനു കൂട്ടുനില്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തും.
ഹൈകോടതിയുടെ 12 വര്‍ഷം പഴക്കമുള്ള വിധി പെട്ടിപ്പാലത്ത് നടപ്പാക്കുകയോ 10 ഇടങ്ങളില്‍ നഗരസഭ കടല്‍ഭിത്തി തകര്‍ത്തതിനെതിരെ നടപടിയെടുക്കുകയോ ചെയ്യാന്‍ തയാറാവാതെ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്ന തലശ്ശേരി നഗരസഭക്ക് കൂട്ടുനില്‍ക്കുന്നത് എന്തു ന്യായത്തിന്‍െറ പേരിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് രക്തക്കളം സൃഷ്ടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സാംസ്കാരിക സദസ്സ്

സാംസ്കാരിക സദസ്സ്
ശ്രീകണ്ഠപുരം: ജമാഅത്തെ ഇസ്ലാമി ചെങ്ങളായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് 4.30ന് ചെങ്ങളായി ടൗണില്‍ ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ എന്ന വിഷയത്തില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് കെ. മിനേഷ് ഉദ്ഘാടനം ചെയ്യും. വി.എന്‍. ഹാരിസ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30  മുതല്‍ പുസ്തക ചാര്‍ട്ട് പ്രദര്‍ശനവും ഉണ്ടാവും.

പുസ്തക ചര്‍ച്ചയും പ്രഭാഷണവും

പുസ്തക ചര്‍ച്ചയും പ്രഭാഷണവും
പഴയങ്ങാടി: ‘ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍’ എന്ന പുസ്തകത്തെ അധികരിച്ച് ജമാഅത്തെ ഇസ്ലാമി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകീട്ട് നാലുമണിക്ക് ചര്‍ച്ചയും പ്രഭാഷണവും നടക്കും. മാടായി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കെ.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.

Saturday, March 3, 2012

ARAMAM MONTHLY

GIO

കോളജ് കെട്ടിട ശിലാസ്ഥാപനം നാളെ

കോളജ് കെട്ടിട
ശിലാസ്ഥാപനം നാളെ
കണ്ണൂര്‍: കാഞ്ഞിരോട് മുസ്ലിം ജമാഅത്തിന്‍െറ കീഴിലുള്ള നഹര്‍ ആര്‍ട്സ് ആന്‍ഡ്  സ്പോര്‍ട്സ് കോളജ് കെട്ടിടത്തിന്‍െറ ശിലസ്ഥാപനം നാളെ വൈകീട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതുസമ്മേളനം കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. അഞ്ചു വിഷയങ്ങളില്‍ ബിരുദ പഠനത്തിനുള്ള എന്‍.ഒ.സിയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും കോളജിന് ലഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ പ്രവേശനത്തിനായുള്ള നടപടികള്‍ നടന്നു വരുകയാണ്.
കെട്ടിടത്തിന്‍െറ പണി പൂര്‍ത്തിയാകുന്നതു വരെ ജമാഅത്തിനു കീഴിലുള്ള സ്കൂളിലാണ് ക്ളാസുകള്‍ നടക്കുക. കാഞ്ഞിരോട് പ്രദേശത്തെ ഇരുപതിലധികം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഉപരിപഠനത്തിന് സൗകര്യമൊരുങ്ങും. ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ബി.എ ഇംഗ്ളീഷ്, ബി.എ ഇക്കണോമിക്സ്, ബി.സി.എ, ബി.എസ്.സി  കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ആദ്യ വര്‍ഷം പ്രവേശം നടക്കുന്നത്.  വാര്‍ത്താസമ്മേളനത്തില്‍ എം.പി.സി. ഹംസ, പി. മൊയ്തു ഹാജി, ടി.പി.പി. അസ്ലം മാസ്റ്റര്‍, എ.നസീര്‍ എന്‍ജിനീയര്‍ എന്നിവര്‍ സംബന്ധിച്ചു.

മൂന്നുപേര്‍ കീഴടങ്ങി

മായന്‍മുക്കിലെ സംഘര്‍ഷം: 
മൂന്നുപേര്‍ കീഴടങ്ങി
ഫെബ്രുവരി 21ന് വൈകീട്ട് മായന്‍മുക്കില്‍ എം.എസ്.എഫ്-എസ്. ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി.
മായന്‍മുക്ക് കൊട്ടാനച്ചേരി ജയന്‍ പീടികയിലെ ഉനൈസ് (25), ശഫീഖ് (28), സലി (25) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ 15 ദിവസത്തേക്ക് തലശ്ശേരി സി. ജെ.എം കോടതി റിമാന്‍ഡ് ചെയ്തു.
എം.എസ്.എഫ് പ്രവര്‍ത്തകന്‍ നയീസിനെ വീട്ടില്‍നിന്ന് ബലമായി പിടിച്ചിറക്കി വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റാസിഖ്, മുസ്തഫ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ മറ്റു പ്രതികളാണ് ഇന്നലെ റിമാന്‍ഡിലായത്.

Friday, March 2, 2012

ചേലോറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ചേലോറയില്‍
കുടിവെള്ളക്ഷാമം രൂക്ഷം
 ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാവുന്നു.  മാലിന്യം തള്ളല്‍ കാരണം കിണറുകള്‍ ഉപയോഗശൂന്യമായതിനാല്‍ നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനമാണ് നിലവില്‍ തകരാറിലായത്. അതേ സമയം ചേലോറയിലെ മാലിന്യ വിരുദ്ധസമരം രണ്ടുമാസം പിന്നിടുകയാണ്. സമരക്കാരുടെ മനോവീര്യം കെടുത്താന്‍ നഗരസഭയും പൊലീസും സമരത്തെ പലതവണ പ്രകോപനപരമായി നേരിട്ടെങ്കിലും സമരം പൂര്‍വാധികം ശക്തിപ്പെടുകയായിരുന്നു. സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന ചേലോറ നിവാസികള്‍ക്ക് കുടിവെള്ളം നല്‍കാതെ നഗരസഭ പീഡിപ്പിക്കുകയാണെന്നും ഇത് അധികൃതരുടെ പ്രതികാര നടപടിയാണെന്നും സമരനേതാക്കള്‍ ആരോപിക്കുന്നു. കെ. സുധാകരന്‍ എം.പിയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും പ്രദേശവാസികളോട് ധിക്കാരസമീപനമാണ് സ്വീകരിച്ചതെന്ന് സമരനേതാവ് കെ.കെ. മധു പറഞ്ഞു. ചേലോറ നിവാസികളോടുള്ള  പ്രതികാര നടപടി നിര്‍ത്തണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Thursday, March 1, 2012

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവുനല്‍കുന്നതില്‍ മാത്രം ഒതുങ്ങരുത് -പി.വി.സി

 
 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവുനല്‍കുന്നതില്‍
മാത്രം ഒതുങ്ങരുത് -പി.വി.സി
ഉളിയില്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതില്‍ മാത്രം ഒതുങ്ങി പ്പോകരുതെന്ന് കണ്ണൂര്‍ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ.പി.  കുട്ടികൃഷ്ണന്‍. ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
സമൂഹത്തിലെ പ്രശ്നങ്ങളെ ക്രിയാത്മകമായി കാണാനുള്ള ബോധം വിദ്യാര്‍ഥികളില്‍ ഉണ്ടാകണം. നേടിയ അറിവിനെ സമൂഹത്തിന്‍െറ കൂട്ടായ്മക്ക് പ്രയോജനപ്പെടുത്താനാകണം. കലാലയങ്ങള്‍ വെറുംവിദ്യാഭ്യാസ സ്ഥാപനമായി ഒതുങ്ങാതെ പുരോഗമനപരമായ പല പരിപാടികളിലേക്കും ഇറങ്ങിച്ചെല്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ സംസാരിച്ചു. ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി. നിസാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടന്ന വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണംനടത്തി. പി.വി. സാബിറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.കെ. മറിയം ടീച്ചര്‍, സജ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹന നൂറുദ്ദീന്‍ സ്വാഗതവും എന്‍.എന്‍. ഷമീമ നന്ദിയും പറഞ്ഞു.
ആരാധ്യവസ്തുക്കളും തിരുശേഷിപ്പുകളുംതേടി നടക്കുന്നതിലേക്ക് സമുദായമത്തെിനില്‍ക്കുന്നത് വേഷഭൂഷാദികളില്‍ മാത്രം പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ ഉള്ളതുകൊണ്ടാണെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്. പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത സമൂഹത്തിന് മാത്രമേ സമൂഹത്തെയും സമുദായത്തെയും നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ പണ്ഡിതന്മാരുടെ പാണ്ഡിത്യം ഭാവങ്ങളിലും വേഷത്തിലും മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി.സലീം, പഴശ്ശി മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് സലീം, ഉളിയില്‍ പഴയ ജുമുഅത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. മമ്മു, മട്ടന്നൂര്‍ ഹിറ മസ്ജിദ് പ്രസിഡന്‍റ് കെ.പി. റസാഖ്, ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എം.അലി, കവി കെ.വി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
ഐഡിയല്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞു മാസ്റ്റര്‍ സ്വാഗതവും ഐഡിയല്‍ അറബിക് കോളജ് ലെക്ചറര്‍ കെ. മഅ്റൂഫ് നന്ദിയും പറഞ്ഞു. കെ.പി. ജഅ്ഫര്‍ ഖുര്‍ആന്‍ പാരായണം നടത്തി.  നാദിറയും സംഘവും സ്വാഗതഗാനമാലപിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

നിവേദനം നല്‍കി

 നിവേദനം നല്‍കി
മടിക്കേരി: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ചാം ക്ളാസിലെയും എട്ടാം ക്ളാസിലെയും സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ കൈയൊഴിയണമെന്ന് ആവശ്യപെട്ട് എസ്.ഐ.ഒയുടെ നേതൃത്വത്തില്‍ അഡീഷനല്‍ ജില്ലാ കലക്ടര്‍ ചന്ദ്രേ ഗൗഢക്ക് നിവേദനം നല്‍കി. സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് നിവേദനത്തില്‍ പറഞ്ഞു. എസ്.ഐ.ഒ കുടഗ് ജില്ലാ കണ്‍വീനര്‍ സി.എച്ച്. അശ്റഫ്, അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

തുറക്കാത്ത പാലത്തിന്‍െറ തുറന്ന ചര്‍ച്ച ശ്രദ്ധേയമായി

 തുറക്കാത്ത പാലത്തിന്‍െറ
തുറന്ന ചര്‍ച്ച ശ്രദ്ധേയമായി
പഴയങ്ങാടി: ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്‍കി പൊളിച്ച സുല്‍ത്താന്‍ തോട് പാലത്തിന്‍െറ അപ്രോച് റോഡ് പണി, മൂന്ന് വര്‍ഷം പൂര്‍ത്തിയാകാറായിട്ടും ആരംഭിക്കുക പോലും ചെയ്യാത്ത അധികൃതരുടെ നടപടിയില്‍  പ്രദേശവാസികള്‍ ശക്തമായി പ്രതിഷേധിച്ചു.
‘തുറക്കാത്ത പാലംതുറന്ന ചര്‍ച്ച’ എന്ന തലക്കെട്ടില്‍  പുതിയങ്ങാടി മൊട്ടാമ്പ്രത്ത്  സോളിഡാരിറ്റി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം ഇരമ്പിയത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയും പിന്നീട്  പങ്കെടുക്കാതെ ഒഴിഞ്ഞു മാറുകയും ചെയ്ത മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം പ്രതിനിധികള്‍ക്കെതിരെയും  ജനം പ്രതിഷേധിച്ചു.
ജനകീയ കൂട്ടായ്മയില്‍ സമരം ശക്തിപ്പെടുത്താനും ജനകീയ സമരത്തിന് പിന്തുണ വാഗ്ദാനം ചെയ്തുമാണ് ചര്‍ച്ച സമാപിച്ചത്.
പി.കെ.സാജിദ് നദ്വി ചര്‍ച്ച നിയന്ത്രിച്ചു. എച്.എ.കെ.അഷ്റഫ്,  ഗോപാലന്‍ എന്‍ജിനിയര്‍, മാധ്യമ പ്രവര്‍ത്തകന്‍  മഹ്മൂദ് വാടിക്കല്‍, വി.പി.പി. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

MALARVADY MONTHLY

സമാധാന ദൂതുമായി ജമാഅത്ത് നേതാക്കള്‍

 
 
 
 സമാധാന ദൂതുമായി ജമാഅത്ത് നേതാക്കള്‍
തളിപ്പറമ്പ: കൊലവിളിയുമയി രാഷ്ടീയാന്ധത താണ്ഡവമാടിയ തളിപ്പറമ്പിലെ പട്ടുവം അരിയില്‍ പ്രദേശത്ത് ഇനിയും ഭീതി വിട്ടമാറാത്ത, അക്രമത്തിനിരയായ കുടുംബങ്ങളെ ആശ്വസിപ്പിച്ചും സമാധാത്തനു വേണ്ടി ആഹ്വാനം ചെയ്തും ജമാഅത്തെ ഇസ്.ലാമി നേതാക്കള്‍ സ്ന്ദ ര്ശാനം നടത്തി.
നിറയൗവ്വനമായ ശുക്കൂര്‍ പുഴയുടെ അക്കരയില്‍ മ്റ്ഗീയമായി കൊലചെയ്യപ്പെട്ട സംഭവം സഹോദരങ്ങളും കൂട്ടുകാരും ഗദ്ഗദ്ത്തോടെ ജമാഅത്ത് നേതാക്കളോട് വിവരിച്ചു.  സജീവ രാഷ്ട്ട്രീയക്കാരനല്ലാത്ത മോഹനന്‍ ഗുരുതരമായ പരിക്കേറ്റ സംഭവം വ്റ്ദ്ധയായ മാതാവും മാത്റ് സഹോദരിയും ഭാര്യയും അക്രമിക്കപ്പെട്ട വീട്ടിന്റെത ഉമ്മറത്ത് വിങ്ങിപ്പൊട്ടിയാണ് പറഞ്ഞത്.ദുരന്തത്തിന്റെം പകല്‍ അവര്‍ക്ക് ഇപ്പോഴും പേടി സ്വപ്നമാണ്. സ്വര്‍ണ്ണവും പണവും കൊള്ളയടിക്കപ്പെട്ട വാര്‍ഡ്മെമ്പര്‍  കൂടിയായ സുബൈറിന് ഇനിയൊരു കുടുംബത്തിനും ഇത്തരം ദുര്‍ഗ തി വരല്ലെ എന്ന പ്രാര്‍ത്ഥനയാണ്. വീട് അക്രമിക്കപ്പെട്ടെങ്കിലും മകന്‍ രാജീവന് രക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ് ആശ്വാസത്തിലാണ് കുടുംബം. വീട് അക്രമിക്കപ്പെട്ടതോടെ സതീശന്റെഅ കുടുംബം സ്ഥലം വിട്ടിരിക്കുന്നു.

ഇപ്പോഴും സംഘര്‍ഷത്തിന്റെ് നിഴ്ലില്‍ നിന്നും മുക്തമാകാത്ത അരിയില്‍ പ്രദേശത്തേക്ക് വാഹനങ്ങള്‍ ഓടുന്നില്ല. ബസ് സര്‍വ്വീസ് നിലച്ചിട്ട് ദിവസങ്ങളായി. സമാധാനത്തനും സൗഹാറ് ദ്ധത്തിനും വേണ്ടീ യത്നിക്കണമെന്ന് ആഹ്വാനം ചെയ്ത ദൗത്യസംഘത്തെ ജില്ലാ പ്രസിഡണ്ട് യു പി സിദ്ദീഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍,  സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട്  മിഫ്ത്താഫ്, സി അബ്ദുന്നാസിറ്, കെ പി ആദം കുട്ടി, മുസ്ഥഫ പട്ടുവം എന്നിവര്‍ നയിച്ചു

ഹജ്ജ് അപേക്ഷാഫോറം

 ഹജ്ജ് അപേക്ഷാഫോറം
കണ്ണൂര്‍: ഹജ്ജ് യാത്രക്കുള്ള അപേക്ഷാഫോറം കലക്ടറേറ്റിലെ ന്യൂനപക്ഷസെല്ലില്‍ (എച്ച് സെക്ഷന്‍) വിതരണം തുടങ്ങി. തെരഞ്ഞെടുപ്പ് ഐഡന്‍റിറ്റി കാര്‍ഡ്/പാസ്പോര്‍ട്ട് എന്നിവയുമായി എത്തിയാല്‍ ഫോറം സൗജന്യമായി ലഭിക്കും.

സാംസ്കാരിക സംഗമം

 സാംസ്കാരിക സംഗമം
തളിപ്പറമ്പ്: പ്രവാചക മാതൃക പിന്‍പറ്റലാണ് സംഘര്‍ഷവും പോര്‍വിളികളുമില്ലാത്ത ഉത്തമ സൃഷ്ടിക്ക് പോംവഴിയെന്ന് തളിപ്പറമ്പ് മന്ന ജുമാമസ്ജിദ് ഖത്വീബ് ഹാഷിര്‍ ബാഖവി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’  വിഷയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനായ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ സമുദായവത്കരിക്കുന്നത് പ്രവാചകനെ ഇകഴ്ത്തലും വര്‍ഗീയതയുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തനിമ കലാസാഹിത്യ വേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി പറഞ്ഞു. പലിശ, മദ്യം, ചൂതാട്ടം തുടങ്ങിയ സാമൂഹികതിന്മകള്‍ക്കെതിരെ ഇസ്ലാം നിലകൊള്ളുന്നതാണ് മുതലാളിത്തം ഇസ്ലാമിനെ ആഗോളതലത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് കാരണം.  ജന്മദിനമല്ല, ജന്മദൗത്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യം സ്ഥാപിക്കാന്‍ അരലക്ഷത്തോളം റെഡ് ഇന്ത്യക്കാരുടെ കൊലക്ക് നേതൃത്വം നല്‍കിയ പുരോഹിതന്‍ ലക്ഷ്യപൂര്‍ത്തീകരണത്തിന് ശേഷം ദൈവത്തെ സ്തുതിച്ചത് പുരോഹിത വര്‍ഗം മതത്തെ ദുരുപയോഗപ്പെടുത്തുന്നതിന്‍െറ ഉദാഹരണമാണെന്ന് റിട്ട. ഡെ. കലക്ടര്‍ എ.സി. മാത്യു പറഞ്ഞു. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. മണി ബാബു, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു. സി. അശ്റഫ് സ്വാഗതവും വി.കെ. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

Wednesday, February 29, 2012

പ്ളാസ്റ്റിക് മാലിന്യം നഗരമധ്യത്തില്‍ കത്തിക്കുന്നത് ധിക്കാരം -സോളിഡാരിറ്റി

പ്ളാസ്റ്റിക് മാലിന്യം നഗരമധ്യത്തില്‍ കത്തിക്കുന്നത്
ധിക്കാരം -സോളിഡാരിറ്റി
കണ്ണൂര്‍: പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ  നഗരമധ്യത്തില്‍ കത്തിക്കുന്നത് നഗരഭരണക്കാരുടെ ധിക്കാരവും അവിവേകവുമാണെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഹോട്ടലുകളിലും കല്യാണമണ്ഡപങ്ങളിലും ഡിസ്പോസിബ്ള്‍ ഗ്ളാസ്, പ്ളേറ്റ് എന്നിവയുടെ ഉപയോഗം നിരോധിക്കുകയും നഗരത്തിലെ കടകളില്‍ ഇത്തരം സാധനങ്ങള്‍ വില്‍പന നടത്തുന്നത് വിലക്കുകയും ചെയ്യണം. 
കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകള്‍ക്ക് പകരം മണ്ണില്‍ അലിഞ്ഞുചേരുന്ന തരത്തിലുള്ള കവറുകള്‍ നിര്‍ബന്ധമാക്കുകയും പ്ളാസ്റ്റിക് കവര്‍ വില്‍പന നിരോധിക്കുകയും ചെയ്താല്‍ പ്ളാസ്റ്റിക് മാലിന്യത്തില്‍നിന്ന് നഗരത്തെ ഒരുപരിധിവരെ രക്ഷിക്കാം. എന്നാല്‍, ഇത്തരം നടപടികളെടുക്കാതെ മാലിന്യം കത്തിച്ച് പൊതുജനങ്ങളുടെ ശ്വാസം മുട്ടിക്കുകയാണ്.
ചേലോറ സമരത്തിനെതിരെ പൊതുജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമത്തിന്‍െറ ഭാഗമായുള്ള ഗൂഢാലോചനയാണ് ഇതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. ശുഹൈബ് മുഹമ്മദ്, സക്കീര്‍ ഹുസൈന്‍, അഫ്താര്‍, യാസര്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ടേബിള്‍ ടോക് നടത്തി

 
 ടേബിള്‍ ടോക് നടത്തി
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ വിഷയത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. വി.എന്‍. ഹാരിസ് വിഷയം അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാള്‍, സിനാജുദ്ദീന്‍, എം. അഷ്റഫ്, രാഘവന്‍ കടന്നപ്പള്ളി, അസീസ് മൗലവി, പി.വി. ഹസന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. യു.പി. സിദ്ദീഖ് പ്രഭാഷണം നടത്തി. റഫീഖ് പയ്യന്നൂര്‍ സ്വാഗതവും ബി.പി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു

ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷം ഇന്ന്

ഐഡിയല്‍ അറബിക് കോളജ്
വാര്‍ഷികാഘോഷം ഇന്ന്
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷം ബുധനാഴ്ച നടക്കും. വനിതാ സമ്മേളനം, സാംസ്കാരിക സമ്മേളനം, സമാപന സമ്മേളനം എന്നിവയാണ് പരിപാടികള്‍. രാവിലെ 10ന് വനിതാ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ജനപ്രതിനിധികള്‍  എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം ഏഴിന് സമാപന സമ്മേളനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, ഐഡിയല്‍ ട്രസ്റ്റ്  ചെയര്‍മാന്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍, വിവിധ മഹല്ല് സ്ഥാപന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

സൗഹൃദ സംഗമം

സൗഹൃദ സംഗമം
പാടിയോട്ടുചാല്‍: ജമാഅത്തെ ഇസ്ലാമി പാടിയോട്ടുചാല്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ‘പ്രവാചക സ്നേഹം’ സൗഹൃദസംഗമവും ചര്‍ച്ചാക്ളാസും നടത്തി. എം.ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ വിഷയം അവതരിപ്പിച്ചു. എം. ബശീര്‍ അഹമ്മദ്, മയൂരി ഖാദര്‍, ഫസറുദ്ദീന്‍ പെരിങ്ങോം, ശംസീര്‍ നീലിരിങ്ങ, അബ്ദുല്‍ കരീം മോണങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

v

കാമ്പയിന്‍ സമാപന പൊതുയോഗം
എടക്കാട്: ദന്തഗോപുര വാസിയായ ഒരു പുരോഹിതനല്ല, മറിച്ച് ജനങ്ങളോട് ഒട്ടിനില്‍ക്കുകയും സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ് നബിയെന്ന് എറണാകുളം കലൂര്‍ ജുമാമസ്ജിദ് ഖത്തീബ് ബഷീര്‍ മുഹ്യിദ്ദീന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നടത്തിവരുന്ന ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ കാമ്പയിന്‍െറ യൂനിറ്റ്തല സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എടക്കാട് സഫ സെന്‍റര്‍ ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഴപ്പിലങ്ങാട് സ്വാഗതവും ടി.സി. ഫസല്‍ നന്ദിയും പറഞ്ഞു.

Tuesday, February 28, 2012

സുല്‍ത്താന്‍ തോട് പാലം: ഇന്ന് സംവാദം

സുല്‍ത്താന്‍ തോട് പാലം:
ഇന്ന് സംവാദം
പഴയങ്ങാടി: സുല്‍ത്താന്‍ തോട് പാലം  നിര്‍മാണ പ്രവൃത്തിയെക്കുറിച്ച്  സോളിഡാരിറ്റി സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട്  എഴിന് മൊട്ടാമ്പ്രത്ത് നടക്കുന്ന സംവാദത്തില്‍ ഏ.പി. ബദറുദ്ദീന്‍, നൗഷാദ് വാഴ വളപ്പില്‍, രഞ്ജിത്ത്, എച്ച്.എ.കെ.അഷ്റഫ്, മഹ്മൂദ് വാടിക്കല്‍, എ.പി.വി. മുസ്തഫ എന്നിവര്‍ പങ്കെടുക്കും.

‘സാന്ത്വനം’ ഫണ്ടിലേക്ക് തുക കൈമാറി

 ‘സാന്ത്വനം’ ഫണ്ടിലേക്ക് തുക കൈമാറി
പഴയങ്ങാടി: മാധ്യമം ഹെല്‍ത്ത് കെയര്‍ ‘സാന്ത്വനം’ ഫണ്ടിലേക്ക് പഴയങ്ങാടി വാദിഹുദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക കൈമാറി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിന് പ്രിന്‍സിപ്പല്‍മാരായ പി.കെ. മുസ്തഫ, പി.സി. മഹുമ്മദ് ഇഖ്ബാല്‍ എന്നിവര്‍ തുക കൈമാറി. അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം എക്സിക്യൂട്ടിവ് സാജിത ഹാരിസ് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. സന്തോഷ് നന്ദി പറഞ്ഞു

കുടുംബ സദസ്സ്

കുടുംബ സദസ്സ്
ചക്കരക്കല്ല് ‘ മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം കുടുംബസദസ്സ്, ക്വിസ് പ്രോഗ്രാം എന്നിവ നടത്തി.ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.
ക്വിസ് മത്സരത്തില്‍ എം. മുഹമ്മദലി മൗവഞ്ചേരി, ഡോ. കെ.പി. അബ്ദുല്‍ഗഫൂര്‍,ഗഫൂര്‍ ചെമ്പിലോട് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കെ.കെ.ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുസലാം ക്വിസ് നിയന്ത്രിച്ചു. മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.