ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, May 11, 2012

ജനകീയ രാഷ്ട്രീയം വളര്‍ന്നുവരണം -വെല്‍ഫെയര്‍ പാര്‍ട്ടി

ജനകീയ രാഷ്ട്രീയം വളര്‍ന്നുവരണം 
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ ജനകീയ രാഷ്ട്രീയം വളര്‍ന്നുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.
വിയോജിക്കുന്നവരെ ക്രൂരമായി ഉന്മൂലനം ചെയ്യാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികളും നേതാക്കളും വര്‍ധിച്ചുവരുന്നത് സാമൂഹിക ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയ ബദല്‍ കൊണ്ടുവരാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശ്രമം. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് അസാധ്യമാണെന്നതിന്‍െറ തെളിവാണ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകമെന്നും സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനം, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഭരണകൂടം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കാതെ ജനങ്ങളുടെ ചുമലില്‍ വെക്കുകയാണ്. വിദ്യാഭ്യാസ-ആരോഗ്യ വിഷയങ്ങളിലെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോലും പാര്‍ട്ടികള്‍ തയാറാകുന്നില്ല. ഇരകള്‍ സംഘടിച്ചാണ് ഇപ്പോള്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്്. ഇത്തരം സമരങ്ങള്‍ വിജയിക്കുമ്പോള്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ആത്മാര്‍ഥശ്രമം നടത്തുന്നില്ല. പ്ളാച്ചിമട, എന്‍ഡോസള്‍ഫാന്‍ എന്നീ വിഷയങ്ങളില്‍ ഈ അലംഭാവമുണ്ടായി.  പത്ത് വര്‍ഷംകൊണ്ട് മദ്യനിരോധം നടപ്പാക്കാന്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാക്കേജ് പാര്‍ട്ടി മുന്നോട്ടുവെക്കും.
സംസ്ഥാനത്തെ വികസന നയം ജനവിരുദ്ധവും പ്രകൃതിയിലുള്ള കടന്നുകയറ്റവുമാണ്. ജനപക്ഷ, പരിസ്ഥിതിസൗഹൃദ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടി ജനപക്ഷ, പ്രകൃതിസൗഹൃദ വികസന നയം രൂപപ്പെടുത്തും. ഈആശയം മുന്‍നിര്‍ത്തി മേയ് 10 മുതല്‍ 30 വരെ കാമ്പയിന്‍ നടത്തും. പ്രാദേശിക ഘടകങ്ങള്‍ക്ക് മേയില്‍ത്തന്നെ രൂപം നല്‍കുമെന്നും കൂട്ടില്‍ മുഹമ്മദലി പറഞ്ഞു.
ജനറല്‍ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ഹക്കീം, വൈസ്പ്രസിഡന്‍റുമാരായ കരിപ്പുഴ സുരേന്ദ്രന്‍, പ്രേമാ ജി. പിഷാരടി, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിന്‍കര, ഇ.എ. ജോസഫ്, വക്താവ് കെ.എ. ഷെഫീഖ്, ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks