ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 26, 2011

വിമാനത്താവള റോഡ്: സ്വകാര്യ ഏജന്‍സിയുടെ സര്‍വേക്കെതിരായ ഹരജി ഹൈകോടതി സ്വീകരിച്ചു

വിമാനത്താവള റോഡ്: 
സ്വകാര്യ ഏജന്‍സിയുടെ സര്‍വേക്കെതിരായ 
ഹരജി ഹൈകോടതി സ്വീകരിച്ചു
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ ചട്ടവിരുദ്ധമാണെന്നു കാണിച്ച് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി വിശദീകരണം തേടിയതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്ററിനെ (നാറ്റ്പാക്) മറികടന്ന് സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ ചട്ടവിരുദ്ധമാണെന്നു കാണിച്ച് ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി നല്‍കിയ ഹരജിയാണ് ഫയലില്‍ സ്വീകരിച്ചത്.
വിമാനത്താവളത്തിലേക്കുള്ള റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത് നാറ്റ്പാകിനായിരുന്നു. എന്നാല്‍, സര്‍വേ നടത്തിയത് സ്വകാര്യ ഏജന്‍സിയായ തിരുവനന്തപുരത്തെ റൂബി കണ്‍സള്‍ട്ടന്‍സിയാണ്. ഇവര്‍ക്ക് ഒരു ഉപാധിയും കൂടാതെ ഒന്നാംഘട്ടമെന്ന നിലയില്‍ 13.5 ലക്ഷം രൂപ നല്‍കിയതായും ഭാരവാഹികള്‍ ആരോപിച്ചു. ഗ്രീന്‍ഫീല്‍ഡ് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ഗ്രാമീണജനതയെ രണ്ടുതട്ടാക്കി തിരിക്കും. റോഡ് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നത് വിശദമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
റോഡിന്റെ വീതിയോ ഏതെല്ലാം പ്രദേശങ്ങളിലൂടെ കടന്നുപോകുന്നുവെന്നോ ഇനിയും വ്യക്തമാവേണ്ടതുണ്ട്. 45 മീറ്ററിലാണ് റോഡു നിര്‍മാണമെന്ന് അധികൃതര്‍ പറയുമ്പോള്‍, 100 മീറ്ററിലാണ് റോഡു നിര്‍മാണമെന്നും ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണമെന്നും സ്വകാര്യ കമ്പനി നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമാവുന്നുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ജനങ്ങളില്‍നിന്ന് സത്യം മറച്ചുപിടിച്ച് വികസനത്തിന്റെ പേരില്‍ വഞ്ചനാപരമായ നിലപാടില്‍ റോഡുനിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. 29ന് മന്ത്രി ജോസഫിന്റെ നേതൃത്വത്തില്‍ റോഡുനിര്‍മാണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രശ്നമുന്നയിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി, ഭാരവാഹികളായ കെ.കെ. രാജന്‍, കെ. രാജന്‍ കാപ്പാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment

Thanks