ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 22, 2012

ദേശീയപാത വികസനം

 
 
 
 
 
 
ദേശീയപാത വികസനം:
 പ്രതിഷേധത്തെ തുടര്‍ന്ന്
തെളിവെടുപ്പ് നിര്‍ത്തിവെച്ചു
 കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്‍െറ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി ആഘാത തെളിവെടുപ്പ് നാട്ടുകാരുടേയും സംഘടന പ്രതിനിധികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറുടെ സാന്നിധ്യത്തില്‍ ദേശീയപാത അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെളിവെടുപ്പാണ് പ്രതിഷേധത്തിന് വേദിയായത്. തെളിവെടുപ്പിന് ശേഷം പ്രതിഷേധക്കാര്‍ കലക്ടറേറ്റ് പരിസരത്ത് പദ്ധതി റിപ്പോര്‍ട്ടിന്‍െറ കോപ്പി കത്തിച്ചു.
കരിവെള്ളൂര്‍ മുതല്‍ വളപട്ടണം വരെ റോഡ് വികസനത്തിന് സ്ഥലമെടുന്നത് സംബന്ധിച്ച പരാതി സ്വീകരിക്കാനായിരുന്നു തെളിവെടുപ്പ്. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്ത പദ്ധതി ടെന്‍ഡര്‍ വിളിച്ച് ഹൈദരാബാദ് ആസ്ഥാനമായ  കമ്പനിക്ക് കരാര്‍ കൊടുത്തതും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതും തെളിവെടുപ്പിനത്തെിയവര്‍ ചോദ്യംചെയ്തു.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ച ശേഷം തെളിവെടുപ്പ് നടത്തുന്നത് പ്രഹസനമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് വേണ്ടി വീണ്ടും സര്‍വേ നടത്തുകയാണ് വേണ്ടത്. റോഡിനായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ വീണ്ടും വെച്ചുപിടിപ്പിക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലൊരിടത്തും റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയതിന് പകരം മരം നട്ട ചരിത്രമില്ളെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
റോഡ് നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. വികസനത്തിന്‍െറ ഇരകളായി കുടിയൊഴിപ്പിക്കുന്നവരെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനായി കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നത് നാടിനെ മരുഭൂമിയാക്കും. ഭൂമാഫിയയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് പരിപാടിയെങ്കില്‍ ഒരു ലോഡ് മണ്ണ് പോലും എടുക്കാന്‍ സമ്മതിക്കില്ളെന്ന് ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. മുഴുവന്‍ കുന്നിന്‍പ്രദേശങ്ങളിലും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പദ്ധതി നടപ്പാക്കാനുറച്ച് കരാര്‍ കൊടുത്ത ശേഷം തെളിവെടുപ്പ് നടത്തിയ ദേശീയപാത അധികൃതരെ മറുപടി പറയാന്‍ അനുവദിക്കില്ളെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ ജില്ല കലക്ടര്‍ അറിയിക്കണമെന്നും ജനരോഷം കാരണം യോഗം നിര്‍ത്തിവെച്ചതായി മിനുട്ട്സില്‍ രേഖപ്പെടുത്തണമെന്നും തെളിവെടുപ്പിനത്തെിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് കലക്ടര്‍ വഴങ്ങിയില്ല. എല്ലാവരുടെയും അഭിപ്രായം മിനുട്ട്സില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തുമെന്നും യോഗം മാറ്റിവെക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
ചാലയിലും ഇരിട്ടിയിലും ദുരന്തമുണ്ടായപ്പോള്‍ ജനങ്ങളോട് പ്രതിബദ്ധത കാണിച്ച കലക്ടര്‍ ഇവിടെയും അത് തുടരണമെന്നും ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിനിധാനം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് ദേശീയപാത അധികൃതരാണെന്നും അവര്‍ക്ക് തെളിവെടുപ്പ് നടത്താന്‍ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കലക്ടര്‍ വിശദീകരിച്ചു.
തുടക്കത്തില്‍ പദ്ധതിയുടെ രൂപരേഖ പ്രൊജക്ടര്‍ ഉപയോഗിച്ച് വിശദീകരിച്ച് തുടങ്ങിയത് മുതല്‍, തെളിവെടുപ്പ് പ്രഹസനമാണെന്ന ആരോപണവുമുയര്‍ന്നു. ഇത് സാധൂകരിക്കുന്ന തരത്തില്‍ ധൃതി പിടിച്ചാണ് ദേശീയപാത അധികൃതര്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കണമെന്ന് കലക്ടര്‍ തന്നെ ഒന്നിലേറെ തവണ ആവശ്യപ്പെട്ടു.  ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി യു.കെ. സെയ്ത്, മനോഹരന്‍ കരിവെള്ളൂര്‍, കേണല്‍ പി.വി.ഡി. നമ്പ്യാര്‍, മന്‍സൂര്‍ എടക്കാട്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല  സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ ടി.പി ഇല്യാസ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കുവേണ്ടി സംസാരിച്ചു.
ദേശീയപാത ടെക്നിക്കല്‍ മാനേജര്‍ പ്രിന്‍സ് പ്രഭാഹരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയേണ്‍മെന്‍റല്‍ എന്‍ജിനീയര്‍ സി.വി. ജയശ്രീ, എന്‍ജിനീയര്‍ പി. മൃദുല, അസി. എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവരാണ് തെളിവെടുപ്പിനത്തെിയത്.

No comments:

Post a Comment

Thanks