ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 22, 2013

അഭിനന്ദിച്ചു.

അഭിനന്ദിച്ചു 
 ഇരിട്ടി: ഇരിട്ടി താലൂക്ക് അനുവദിക്കുന്നതില്‍ മുന്‍കൈയെടുത്ത സണ്ണി ജോസഫ് എം.എല്‍.എയെയും കേരള സര്‍ക്കാറിനെയും സോളിഡാരിറ്റി  യോഗം അഭിനന്ദിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ടി.പി. തസ്നീം, എം. ഷാനിഫ്, ഷഫീര്‍ ആറളം, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം ദിനമാചരിച്ചു

 പെട്ടിപ്പാലം ദിനമാചരിച്ചു
‘സമരക്കാര്‍ക്കെതിരെയുള്ള
കേസുകള്‍ പിന്‍വലിക്കണം’
തലശ്ശേരി: പെട്ടിപ്പാലം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നോലില്‍ നടന്ന പെട്ടിപ്പാലം ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ എന്നും ശ്രമിക്കുന്നത്. പെട്ടിപ്പാലത്ത് മുന്‍ കാലങ്ങളില്‍ തള്ളിയ മാലിന്യമലകള്‍ നഗരസഭയുടെ ചെലവില്‍ പൂര്‍ണമായും നീക്കണം. മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലത്തെ ജനങ്ങള്‍ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ശാസ്ത്രീയമായി കണക്കെടുക്കണം. ഇതിനായി ട്രൈബ്യൂണലിനെയോ കമീഷനയോ നിയമിച്ച് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹ കുറ്റമായി ചുമത്തുകയാണ്. സര്‍ക്കാര്‍ എന്നാല്‍, രാജ്യമാണെന്ന രാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ന്. സര്‍ക്കാറിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യ സംവിധാനത്തെ മഹത്വവത്കരിക്കുന്നത്. എന്നാല്‍, സുഖത്തിനും സൗകര്യത്തിനും വേണ്ടി എല്ലാ ജനകീയ സമരങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ഞെളിയന്‍പറമ്പ് മാലിന്യവിരുദ്ധ സമരസമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം, മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ജനറല്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, മാലിന്യ വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്

 എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം:
ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്  
കണ്ണൂര്‍: കാസര്‍കോട് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ കാസര്‍കോട് സമരപ്പന്തലില്‍ ഉപവാസമിരിക്കും. 
കാസര്‍കോട്ടേക്ക് പുറപ്പെടുന്ന ഐക്യദാര്‍ഢ്യ സംഘത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് യാത്രയയപ്പ് നല്‍കി.  ജില്ല സെക്രട്ടറി എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് സ്വാഗതവും സെക്രട്ടറി കെ.കെ. സുഹൈര്‍ നന്ദിയും പറഞ്ഞു.

മദ്യനയം തിരുത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി

 മദ്യനയം തിരുത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  വിദേശ മദ്യത്തിന്‍െറ വില വര്‍ധിപ്പിക്കാനും വില നിര്‍ണയാധികാരം സ്വകാര്യ മദ്യ വ്യവസായികള്‍ക്ക് വിട്ടുകൊടുക്കുവാനുമുള്ള തീരുമാനത്തിലേക്കാണ് സര്‍ക്കാറിന്‍െറ പോക്ക്.
നിരന്തര സമരങ്ങള്‍ക്കും മദ്യ വിരുദ്ധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് മദ്യ ഷാപ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കുവാനുള്ള അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. എന്നാല്‍, ഈ അധികാരം തങ്ങള്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സാണെന്ന് ചിലര്‍ കരുതുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് 18 പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പറേഷനിലും പുതുതായി ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ തയാറായത്. മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ മദ്യത്തിനെതിരായ സമരത്തെ  രാഷ്ട്രീയ മുദ്രാവാക്കാന്‍ സന്നദ്ധരാകണമെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച മദ്യ വിരുദ്ധ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം എറണാകുളം ആശീര്‍ഭവനില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് സംഗമം. വാര്‍ത്താസമ്മേളനത്തില്‍  സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ,ജില്ലാ പ്രസിഡന്‍റ്  സമദ് നെടുമ്പാശേരി , ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ , ജില്ലാ കമ്മിറ്റിയംഗം ഖാലിദ് മുണ്ടപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Wednesday, March 20, 2013

ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു

  ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു 
 ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള മുസ്ലിം പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. മുര്‍സി താമസിക്കുന്ന ഐ.ടി.സി മൗര്യ ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു കൂടിക്കാഴ്ച.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ്ലം, ജംഇയ്യത്ത് ഉലമായേ ഹിന്ദ് നേതാവ്  മൗലാന അര്‍ശദ് മദനി, ജംഇയ്യത്ത് അഹ്ലെ ഹദീസ് നേതാക്കളായ അസ്ഗര്‍ അലി, ഇമാം മഹ്ദി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു. 
ഈജിപ്തിനെ മാറ്റത്തിലേക്ക് കൊണ്ടുപോകാനുള്ള പിന്തുണ തേടി ഇന്ത്യയിലത്തെിയ മുര്‍സിയെ രാജ്യത്തെ മുസ്ലിം സംഘടനകള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് അമീര്‍ മുര്‍സിയോട് പറഞ്ഞു. ഈജിപ്തിലെ സംഭവവികാസങ്ങള്‍ വളരെ താല്‍പര്യപൂര്‍വമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ നോക്കിക്കണ്ടതെന്നും ജനാധിപത്യരീതിയില്‍ മുര്‍സി അധികാരത്തിലേറിയത് ഇന്ത്യന്‍ മുസ്ലിംകള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അമീര്‍ മുര്‍സിയോട് പറഞ്ഞു. 
തുടര്‍ന്ന് സംസാരിച്ച മൗലാന അര്‍ശദ് മദനി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭമായ മതവിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദിന്‍െറ സ്വാധീനം അയല്‍രാജ്യമായ പാകിസ്താനിലും ബംഗ്ളാദേശിലും വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമെന്ന നിലയില്‍ അവരുടെ വിദ്യാഭ്യാസത്തിലും ധാര്‍മിക ശിക്ഷണത്തിലും ബദ്ധശ്രദ്ധരാകണമെന്ന് മുര്‍സി മുസ്ലിം നേതാക്കളോട് അഭ്യര്‍ഥിച്ചു. 

ബജറ്റ് രേഖ കത്തിച്ച് പ്രതിഷേധിച്ചു

ബജറ്റ് രേഖ കത്തിച്ച്  പ്രതിഷേധിച്ചു
 തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ വികസനത്തിന് തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ബജറ്റിന്‍െറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന സ്ഥാപനത്തിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കെ. മുഹമ്മദ് നിയാസ്, യു.കെ. സെയ്ദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.

ഏച്ചൂരില്‍ വീണ്ടും സ്ഫോടനം

ഏച്ചൂരില്‍ വീണ്ടും സ്ഫോടനം
ചക്കരക്കല്ല്: ഏച്ചൂര്‍ കനാല്‍ കരയില്‍ വീണ്ടും സ്ഫോടനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സ്ഫോടനം നടന്നതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് ഇവിടെ സി.പി.എം-ആര്‍.എസ്.എസ്  സംഘട്ടനം നടന്നിരുന്നു. അതോടനുബന്ധിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വീണ്ടും സ്ഫോടനം നടന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചക്കരക്കല്ല് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tuesday, March 19, 2013

WANTED


മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ഇന്ന് തുടക്കം

 മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക്
ഇന്ന് തുടക്കം
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തില്‍ ജില്ല ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കുമെന്ന് പ്രസിഡന്‍റ് സി. ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുക, മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, ബയോഗ്യാസ് പ്ളാന്‍റ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുക, പ്ളാസ്റ്റിക് ഉപയോഗം കുറക്കുകയും ഉപയോഗശൂന്യമായ പ്ളാസ്റ്റിക്, വീടുകളില്‍നിന്ന് ശേഖരിച്ച് റീസൈക്ളിങ് സെന്‍ററില്‍ എത്തിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം.  ജനങ്ങളില്‍ ശുചിത്വശീലവത്കരണത്തിനായി അയല്‍ക്കൂട്ടങ്ങള്‍, സ്കൂള്‍ പി.ടി.എകള്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍, വ്യാപാര-വ്യവസായ മേഖലകള്‍ തുടങ്ങി വിവിധ സംഘടനാ സംവിധാനങ്ങളില്‍ ശുചിത്വ സന്ദേശം പ്രചരിപ്പിച്ചിരുന്നു. കടകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിപ്പിക്കല്‍, വീടുകളില്‍ ശുചിത്വ കലണ്ടര്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചിത്വമുള്ള വീടും പരിസരവും, ശുചിത്വമുള്ള മാര്‍ക്കറ്റുകള്‍,  ശുചിത്വമുള്ള പൊതുസ്ഥലങ്ങള്‍ എന്നിവയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. പ്ളാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറക്കുന്നതിന് 40 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ പഞ്ചായത്ത് പരിധിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരോധിക്കും.
8000 വീടുകളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്യും. വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍നിന്ന് ശുചിയാക്കി സൂക്ഷിച്ച പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് ശുചിത്വ വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പ്ളാസ്റ്റിക് ശേഖരണത്തിന് ഒരു വാഹനവും തയാറായിവരുകയാണ്. പ്ളാസ്റ്റിക് ശേഖരണത്തിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ ഇന്ന് വൈകീട്ട് 3.30ന് തലമുണ്ട വായനശാല പരിസരത്ത് നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് പി. ചന്ദ്രന്‍, സെക്രട്ടറി കെ. രത്നാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത, വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍  പി.കെ. പ്രമീള, ക്ഷേമകാര്യ ചെയര്‍മാന്‍ പി. ശ്രീനിവാസന്‍, പഞ്ചായത്ത് അംഗം കെ. പ്രകാശന്‍, ഭാസ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Monday, March 18, 2013

SOLIDARITY


PRABODHANAM WEEKLY


മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ റവന്യൂ വകുപ്പിന് തടയാനായില്ല

 
 മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍
റവന്യൂ വകുപ്പിന് തടയാനായില്ല
 കണ്ണൂര്‍: മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ തടയാനുള്ള റവന്യൂ വകുപ്പിന്‍െറ നീക്കം വിഫലമായി. റവന്യൂ ഉദ്യോഗസ്ഥരുടെ വിലക്ക് കണക്കിലെടുക്കാതെ റിയല്‍ എസ്റ്റേറ്റ് ലോബി യഥേഷ്ടം നികത്തല്‍ തുടരുകയാണ്. മുണ്ടേരി, ചേലേരി വില്ളേജുകളിലായി രണ്ട് ഏക്കറോളം നീര്‍ത്തട ഭൂമിയാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണമായി മണ്ണിട്ടു നികത്തിയെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിച്ച തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമാണിത്. നികത്തലിനെതിരെ സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കല്‍ മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടാലുടനെ നികത്തല്‍ പഴയപടി തുടരുന്നു.
സംഭവം വിവാദമായതിനെതുടര്‍ന്ന് ചക്കരക്കല്ല് പൊലീസ് ഇടക്കിടെ ഈ ഭാഗത്ത് പട്രോളിങ് നടത്തുന്നുണ്ട്. പൊലീസിന്‍െറ വരവറിഞ്ഞാല്‍ മാറിനില്‍ക്കുന്ന തൊഴിലാളികള്‍ അവര്‍ പോയിക്കഴിഞ്ഞാലുടന്‍ നികത്തല്‍ തുടരും. മുണ്ടേരിപ്പുഴയും തീരവും ചേരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ അര ഏക്കര്‍ ഭൂമി ദിവസങ്ങള്‍ക്കകമാണ് നികത്തിയെടുത്തത്. 800 ഹെക്ടറോളം വിസ്തൃതിയുള്ള കാട്ടാമ്പള്ളി തണ്ണീര്‍ത്തട മേഖലയുടെ പരിധിയില്‍പെട്ട ഈ പ്രദേശത്ത് പലയിടത്തും സമാനരീതിയില്‍ നികത്തല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭൂമി വിലക്കുവാങ്ങിയവരാണ് അധികാര സ്വാധീനവും സാമ്പത്തിക ശക്തിയും ഉപയോഗപ്പെടുത്തി യഥേഷ്ടം നികത്തുന്നത്.
പ്രദേശം പക്ഷിസങ്കേതമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായ സാഹചര്യത്തിലാണ് പലരും ഇവിടെ ഭൂമി സ്വന്തമാക്കിയത്. നികത്തിക്കൊണ്ടിരിക്കുന്ന പ്ളോട്ടുകളിലൊന്ന് ആറുമാസം മുമ്പ് കൈമാറ്റം ചെയ്യപ്പെട്ടതാണ്. അതേസമയം, സ്ഥലവാസികളായ പരമ്പരാഗത കര്‍ഷകര്‍ നീര്‍ത്തടം നികത്തുന്നതിന് എതിരാണ്. നികത്തല്‍ തടയാന്‍ ചടങ്ങുപോലെ നോട്ടീസ് നല്‍കുന്നതോടെ റവന്യൂ വകുപ്പിന്‍െറ നടപടി അവസാനിക്കുന്നു. നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ നികത്തിയ ഭൂഭാഗം പൂര്‍വസ്ഥിതിയിലാക്കാനോ ഒരു നീക്കവും ഉണ്ടാവുന്നില്ല. ഇത് നികത്തല്‍ ലോബിക്ക് സഹായകമാവുന്നു. നീര്‍ത്തടത്തിന്‍െറ പരിധിയില്‍പെട്ട സ്വകാര്യ ഭൂമി നികത്തുന്നതിനും അനുമതി നല്‍കരുതെന്നാണ് ചട്ടം.
നീര്‍ത്തടം നികത്തല്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃതമായി നികത്തിയതെന്ന് കണ്ടത്തെിയ ഭൂമിയിലാണ് റവന്യൂ അധികൃതരുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് നികത്തല്‍ പൂര്‍ത്തിയാക്കിയത്. നികത്താന്‍ പാടില്ലാത്ത ‘നഞ്ച’ വിഭാഗത്തില്‍പെട്ട ഭൂമിയെ രജിസ്ട്രേഷന്‍ സമയത്ത് ‘തോട്ടം’ ആക്കി മാറ്റി കൃത്രിമം നടത്തുന്ന പ്രവണതയും വ്യാപകമായുണ്ട്. ആധാരം എഴുത്തുകാരും രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ചേലേരി വില്ളേജില്‍ നീര്‍ത്തടം നികത്തുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച കൊളച്ചേരി പഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Courtesy:Madhyamam

അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പ് -എ.കെ രാമകൃഷ്ണന്‍

 അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പ് -എ.കെ രാമകൃഷ്ണന്‍
ന്യൂദല്‍ഹി: യൂറോപ്യന്‍ ചിന്താരീതിയെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആധുനിക ഇസ്ലാമിക ലോകത്ത് വേണ്ടത്ര ഉണ്ടായില്ളെന്നും അതിന്‍െറ ബഹിര്‍സ്ഫുരണമാണ് അറബ് വസന്തമായി പുറത്തുവന്നതെന്നും ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല പ്രഫസര്‍ എ.കെ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ കൂടിയുണ്ടെങ്കിലും ആധുനികതയുടെ ലോകവീക്ഷണം ഇസ്ലാമിക ലോകത്തെ അന്യവത്കരിച്ചതിനെതിരെയുള്ള സ്വത്വത്തിന്‍െറ ചെറുത്തുനില്‍പാണ് അറബ് തെരുവുകളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘മാറുന്ന കാലത്തെ ഇസ്ലാമിന്‍െറ ഇടം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദല്‍ഹി-ഹരിയാന ഘടകം ന്യൂദല്‍ഹി രാജേന്ദ്ര ഭവനില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു രാമകൃഷ്ണന്‍.
 മതഗ്രന്ഥങ്ങളിലുള്ള പാരമ്പര്യമായ ജ്ഞാനവും സമകാലിക വിഷയങ്ങളിലുള്ള അറിവും രണ്ട് അറകളില്‍ നില്‍ക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ അവസ്ഥ മാറി  രണ്ടും ഉള്‍ചേര്‍ന്നുനിന്നെങ്കില്‍ മാത്രമേ ഇസ്ലാമിന്‍െറ ഇജ്തിഹാദ് അര്‍ഥവത്താകൂ എന്ന് രാമകൃഷ്ണന്‍ പറഞ്ഞു. വ്യാഖ്യാനങ്ങളുടെ സമകാലികതയിലാണ് ഇസ്ലാമിക സമൂഹം ഊന്നേണ്ടത്. ഇന്നത്തെ കാലത്തെക്കുറിച്ചും അതിന്‍െറ ദര്‍ശനങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടെങ്കിലേ പ്രസക്തമായ വ്യാഖ്യാനത്തിന് സാധ്യമാകൂ. ഇത്തരം ബോധ്യമുള്ള  ബൗദ്ധികനിരയെയാണ് ഇസ്ലാം ഇന്ന് തേടുന്നതെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.  ഇസ്ലാമിക ശരീഅത്ത് ശിക്ഷാവിധികളുടെ സമാഹാരമല്ളെന്നും സാമൂഹിക സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള നടപടിക്രമമാണെന്നും ‘മാധ്യമം, മീഡിയാ വണ്‍‘ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക സുരക്ഷക്കുള്ള സാഹചര്യം സൃഷ്ടിച്ച ശേഷം കടുത്ത നിയമലംഘനം നടത്തുന്നവര്‍ക്കുള്ളതാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. 
ഇസ്ലാമിക രാഷ്ട്രീയം നിഷിദ്ധമെന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ കാലം കഴിഞ്ഞുവെന്നും അതൊരു വിപ്ളവ ബദലാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.   ദല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സി. ചന്ദ്രന്‍, ഫാദര്‍ തോമസ് (സി.ബി.സി.ഐ) എന്നിവര്‍ സംസാരിച്ചു. 

MADHYAMAM


നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍

 നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍
 പഴയങ്ങാടി: നിയമം നിയമത്തിന്‍െറ വഴിക്കല്ല, നീതിയുടെ വഴിക്കാണ് നീങ്ങേണ്ടതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. പഴയങ്ങാടി ഫ്രൈഡേ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘നീതി നിഷേധം ഇന്ത്യയില്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അനുച്ഛേദം 14ല്‍ പൗരന്‍െറ അവകാശത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റലിക്കാര്‍ക്ക് സ്വന്തം നാട്ടില്‍പോയി  വോട്ട് ചെയ്യാന്‍ നാല് ആഴ്ച സമയം അനുവദിച്ച കോടതി അതേ നിയമത്തിന്‍െറ ആനുകൂല്യം ഇന്ത്യന്‍ പൗരനായ മഅ്ദനിക്ക് അനുവദിക്കുകയില്ല എന്നത് നീതി നിഷേധമാണ്. നീതി നടപ്പാക്കാനുള്ള ഉപകരണമാണ് നിയമം എന്ന തിരിച്ചറിവാണ് വേണ്ടത്. 11 വര്‍ഷമായി ജീവിക്കാനുള്ള അവകാശത്തിന് നിരാഹാരം നടത്തുന്ന ഇറോം ഷര്‍മിളക്കെതിരെ ആത്മഹത്യക്ക് കേസെടുത്ത നാടാണ് ഇന്ത്യ. സ്വാതന്ത്ര്യം നേടുന്ന സമയത്ത് എ.കെ.ജിയെ ജയിലിലടച്ച ഭരണകൂട ഭീകരതയുടെ നീതി നിഷേധം  ആറ് പതിറ്റാണ്ടിന് ശേഷം മഅ്ദനിയെ ജയിലിലടച്ച് തുടരുകയാണ്.
മഹാ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞ ജീര്‍ണത ഇന്ത്യയെയും ബാധിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടു വരണം -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്തംഗം പി.എം. ഹനീഫ് സംബന്ധിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും ഡോ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

‘അബ്ദുല്‍ ഖാദര്‍ ജീലാനിയുടേത് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’

 ‘അബ്ദുല്‍ ഖാദര്‍ ജീലാനിയുടേത്
തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’
കണ്ണൂര്‍: മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയെപോലുള്ളവരുടെ സംഭാവനകള്‍ സമൂഹത്തില്‍ വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ളെന്ന് എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വ്യാപകമായിരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ജീലാനിയുടെ അധ്യാപനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ചെമ്മനാട് ജുമാമസ്ജിദ് ഖത്തീബ് ഹുസൈന്‍ സഖാഫി കാമിലി അഭിപ്രായപ്പെട്ടു. വൈജ്ഞാനിക മേഖലകളില്‍ ജീലാനി അര്‍പ്പിച്ച സംഭാവനകള്‍ കേരളീയ സമൂഹത്തില്‍ ഇനിയും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈഖ് ജീലാനിയെകുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആധ്യാത്മിക മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജുമൈല്‍ കൊടിഞ്ഞി, തഫ്സല്‍ ഇഅ്ജാസ് എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ബിനാസ് സ്വാഗതവും സെക്രട്ടറി അഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍

 ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി
രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍
തൃശൂര്‍:  ദലിത്-ന്യൂനപക്ഷ-ഫെമിനിസ്റ്റ് - മനുഷ്യാവകാശ സംഘടനകളുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന വിശാല ഐക്യമുന്നണി രാജ്യത്ത് രൂപപ്പെടേണ്ടതുണ്ടെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഡോ.ടി.ടി.ശ്രീകുമാര്‍.  ഈ രാഷ്ട്രീയം  പ്രായോഗിക തലത്തിലേക്ക് വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് രൂപവത്കരണത്തിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിങ് സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരവേദികള്‍ക്കപ്പുറം സംഘടനകള്‍ പരസ്പരം മനസ്സിലാക്കുന്ന വിശാല സംവിധാനമാണ് രൂപം കൊള്ളേണ്ടത്. യോജിക്കാവുന്ന മേഖലകള്‍ കണ്ടത്തെണം. കേവലം അനുഷ്ഠാനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമരങ്ങളെ ചലനാത്മകമാക്കണം. സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കും സ്വയംവിമര്‍ശങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണം.
1920 കളില്‍ മുസ്ലിംകളും ഈഴവരും ദലിതുകളുമടങ്ങുന്ന സമൂഹം ശ്രീമൂലം അസംബ്ളിയിലെ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് വേണ്ടി നടത്തിയ നിവര്‍ത്തന പ്രക്ഷോഭം ധീരസമരമുറയായിരുന്നു. ഇതടക്കമുള്ള നവോത്ഥാന സംഭവങ്ങളെ പഠനവിഷയമാക്കാതെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ളെന്ന പൊതുനിലപാടാണ് സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ തിരുത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്  ചൂണ്ടിക്കാട്ടി. 
കിനാലൂരിലും മൂലമ്പള്ളിയിലും തെരഞ്ഞെടുപ്പ് വേളയില്‍ സോളിഡാരിറ്റി സ്വീകരിച്ച നിലപാടില്‍ വിയോജിപ്പുണ്ടെന്ന് സമരപക്ഷ സെഷനില്‍ സംസാരിച്ച സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. വനിതകള്‍ക്ക് സംഘടനയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ചലച്ചിത്ര സംവിധായകന്‍ കെ.പി. ശശി നിര്‍ദേശിച്ചു. വിളയോടി വേണുഗോപാല്‍, ജി.ഒ. ജോസ്, ഡോ. വി. വേണുഗോപാല്‍, റോബിന്‍ എന്നിവരും സംസാരിച്ചു.
പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയാണ് സോളിഡാരിറ്റിക്കുള്ളതെന്ന് യുവജന സെഷനില്‍ അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന തനിക്ക് സംഘടനയോട് പ്രശ്നാധിഷ്ഠിത അടുപ്പമാണുള്ളതെന്ന് വെളിപ്പെടുത്തി. ലൈംഗിക ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സോളിഡാരിറ്റി വിമുഖത കാണിച്ചുവെന്നും അവര്‍ പറഞ്ഞു. രേഖാ രാജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ശോഭാ സുബിന്‍ എന്നിവരും സംസാരിച്ചു.
സാംസ്കാരിക സെഷനില്‍ ഡോ. എം.പി. പരമേശ്വരന്‍, എം.ജി. രാധാകൃഷ്ണന്‍, ഡോ. ആസാദ്, കെ.കെ. ബാബുരാജ്, ടോമി മാത്യു എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റിയുടെ മാധ്യമ അവാര്‍ഡുകള്‍ പി. സുരേഷ് ബാബു (മാതൃഭൂമി), അനീഷ് ബര്‍സോം (റിപ്പോര്‍ട്ടര്‍ ടിവി), ഡോക്യുമെന്‍ററി സംവിധായകന്‍ എ.എസ്. അജിത്കുമാര്‍ എന്നിവര്‍ ഡോ. ടി.ടി. ശ്രീകുമാറില്‍ നിന്ന് ഏറ്റുവാങ്ങി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികള്‍ക്ക് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സോളിഡാരിറ്റി സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി സമാപന പ്രഭാഷണം നിര്‍വഹിച്ചു.  സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും സി.എം. ശരീഫ് നന്ദിയും പറഞ്ഞു.

Sunday, March 17, 2013

JEELANI


സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ് ഇന്ന്

 സോളിഡാരിറ്റി
സോഷ്യല്‍ ഓഡിറ്റിങ് ഇന്ന് 
തൃശൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ് ഞായറാഴ്ച രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ ആക്ടിവിസ്റ്റ് ഡോ.ടി.ടി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ‘യുവജനം’ സെഷനില്‍ എം.ബി. രാജേഷ് എം.പി, എം. ലിജു, അഡ്വ.കെ. രാജന്‍, സെലീന പ്രക്കാനം, കെ.കെ. ഷാഹിന, രേഖാരാജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംബന്ധിക്കും.
‘സാംസ്കാരികം’ സെഷനില്‍ എം.പി. പരമേശ്വരന്‍, സി.പി. ജോണ്‍, ഡോ.കെ. ഗോപകുമാര്‍, എം.ജി. രാധാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, സി.എസ്. ചന്ദ്രിക, ഡോ.ആസാദ്, കെ.കെ. ബാബുരാജ്, ടോമി മാത്യു എന്നിവരും സമരപക്ഷ സെമിനാറില്‍ കെ.പി. ശശി, സി.ആര്‍. നീലകണ്ഠന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, വിളയോടി വേണുഗോപാല്‍, ജിയോ ജോസ്, റോബിന്‍, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവരും പങ്കെടുക്കും. സോളിഡാരിറ്റി ദൃശ്യമാധ്യമ അവാര്‍ഡിനര്‍ഹരായ പി. സുരേഷ്കുമാര്‍ (മാതൃഭൂമി), അനീഷ് ബര്‍സോം (റിപ്പോര്‍ട്ടര്‍ ടി.വി), എ.എസ്. അജിത്കുമാര്‍ (ഡോക്യുമെന്‍ററി സംവിധാനം) എന്നിവരെ ആദരിക്കും. സോളിഡാരിറ്റി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമാപന പ്രഭാഷണം നടത്തും. പരിപാടി www.youthspring.in എന്ന വെബ് സൈറ്റില്‍ തല്‍സമയം കാണാം.

സിവില്‍ സര്‍വീസ്: സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം -എസ്.ഐ.ഒ

 സിവില്‍ സര്‍വീസ്: സര്‍ക്കാര്‍ ഉത്തരവ്
സ്വാഗതാര്‍ഹം -എസ്.ഐ.ഒ
കോഴിക്കോട് : ഈ വര്‍ഷം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സമഗ്രപരിഷ്കാരമെന്ന  പേരില്‍ യു.പി.എസ്.സി കൊണ്ടുവന്ന നിബന്ധനകള്‍ താല്‍ക്കാലികമായി മരവിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പ്രാദേശിക ഭാഷയില്‍ എഴുതുന്നതിന് പ്രസ്തുത ഭാഷ പഠനമാധ്യമമാക്കി ബിരുദം നേടണമെന്നും 25ല്‍ കുറയാത്ത അപേക്ഷകര്‍ ഈ ഭാഷയില്‍ ഉണ്ടാകണമെന്നും അല്ളെങ്കില്‍ ഇംഗ്ളീഷിലോ ഹിന്ദിയിലോ ആണ് പരീക്ഷയെഴുതേണ്ടത് എന്നുമാണ് യു.പി.എസ്.സി നിര്‍ദേശം. ഇത് ന്യൂനപക്ഷങ്ങളെയും എസ്.സി/എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങളെയും രാജ്യത്തിന്‍െറ ഉയര്‍ന്ന തസ്തികകളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗമായാണ് നടപ്പാക്കിയത്. ഭരണഘടന അംഗീകരിച്ച ഭാഷകളില്‍ പരീക്ഷയെഴുതാനുള്ള സൗകര്യം നിലനില്‍ക്കുന്നതിനായിരുന്നു പാര്‍ലമെന്‍റ് അംഗങ്ങളുടെ സമ്മര്‍ദ പ്രകാരം സര്‍ക്കാര്‍ കൊണ്ടുവന്ന ഈ താല്‍ക്കാലിക തീരുമാനം. ഇത് സ്ഥിരമാക്കി ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Saturday, March 16, 2013

സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം 17ന് തുടങ്ങും

സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം
17ന് തുടങ്ങും
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പത്താം വാര്‍ഷികാഘോഷ പരിപാടി ഈമാസം 17ന് തൃശൂരില്‍ തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘സോളിഡാരിറ്റിയുള്ള കേരളത്തിന് 10 വയസ്സ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സോഷ്യല്‍ ഓഡിറ്റിങ് പരിപാടിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. സാഹിത്യ അക്കാദമി ഹാളില്‍ ടി.ടി. ശ്രീകുമാര്‍ സോഷ്യല്‍ ഓഡിറ്റിങ് ഉദ്ഘാടനം ചെയ്യും. എം.പി. പരമേശ്വരന്‍, ടി. ആരിഫലി, എം.ബി. രാജേഷ് എം.പി, എം.ജി. രാധാകൃഷ്ണന്‍, ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത, സലീന പ്രക്കാനം, ഡോ. ആസാദ്, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. എം. ലിജു, പി. സുരേന്ദ്രന്‍, കെ.കെ. ഷാഹിന എന്നിവര്‍ പങ്കെടുക്കും.
ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്ത് ‘ഇന്‍ഫ്രാ വിഷന്‍ കേരള’ എന്ന പേരില്‍ പശ്ചാത്തല വികസനത്തെക്കുറിച്ച് അക്കാദമിക സമ്മേളനം സംഘടിപ്പിക്കും. ഗതാഗതം, ഊര്‍ജം, വ്യവസായ പാര്‍ക്കുകള്‍, ഭൂവിനിയോഗം, വാസ്തുശില്‍പ സംസ്കാരം എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പഞ്ചാബ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നവദീപ് അസിജ, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, പ്രഫുല്‍ ബിദ്വായ്, തോമസ് ഐസക്, ഡോ. ജയരാജ്, സി.പി. ജോണ്‍, ജി. ശങ്കര്‍, ഇളങ്കോവന്‍, ടോമി സിറിയക് തുടങ്ങിയവര്‍ പങ്കെടുക്കും.
മേയ് 11 മുതല്‍ 13 വരെ ‘യൂത്ത് സ്പ്രിങ്’ യുവജനാഘോഷം കോഴിക്കോട്ട് നടത്തും. ബദല്‍ വികസന എക്സിബിഷന്‍, സാംസ്കാരിക പരിപാടി, വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ധ നേടിയ യുവാക്കളുടെ സംഗമം, പ്രവാസി യുവാക്കളുടെ കലാ-സാംസ്കാരിക ഇടപെടലുകള്‍ എന്നിവയുണ്ടാകും. ടി. മുഹമ്മദ് വേളം, സി.എം. ശരീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

FRIDAY CLUB


ഇരകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

 നീതി തേടി
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നീതി തേടി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സോളിഡാരിറ്റിയും എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറവും സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രശ്നത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശ പൂര്‍ണമായും നടപ്പാക്കുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികള്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക,  മുഴുവന്‍ രോഗികള്‍ക്കും ചികിത്സാ സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ബി.ആര്‍.പി. ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. സുഗതകുമാരി, ആര്‍. അജയന്‍, ടി.പീറ്റര്‍, റസാഖ് പാലേരി, സിന്ധു ഷാജി, കെ. സജീദ്,  സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ. ഇസ്മാഈല്‍ സ്വാഗതവും അമീര്‍ കണ്ടല്‍ നന്ദിയും പറഞ്ഞു.  പ്രകടനത്തിന് ഷാജി അട്ടക്കുളങ്ങര, ഷറഫുദ്ദീന്‍, ആരിഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, March 14, 2013

‘ജനശതാബ്ദി എക്സ്പ്രസ് നീട്ടാനുള്ള തീരുമാനം സ്വാഗതാര്‍ഹം’

‘ജനശതാബ്ദി എക്സ്പ്രസ് നീട്ടാനുള്ള
തീരുമാനം സ്വാഗതാര്‍ഹം’
കണ്ണൂര്‍: ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിലേക്ക് നീട്ടാനുള്ള തീരുമാനത്തെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം എക്സിക്യൂട്ടിവ് യോഗം സ്വാഗതം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. മധു കക്കാട്, ഹാരിസ് ഏച്ചൂര്‍, ബെന്നി ഫര്‍ണാണ്ടസ്, മിനി തോട്ടട, കെ.കെ. സുഹൈര്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, March 13, 2013

സൗജന്യ എന്‍ട്രന്‍സ് പരിശീലനം

 സൗജന്യ എന്‍ട്രന്‍സ് പരിശീലനം
കണ്ണൂര്‍: മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് തയാറെടുക്കുന്ന ജില്ലയിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് മൈനോറിറ്റി കോച്ചിങ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന ക്ളാസുകള്‍ നടത്തും. അപേക്ഷാഫോറം കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലുള്ള കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ലഭ്യമാണ്. ക്ളാസുകള്‍ മാര്‍ച്ച് 25ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 9895636087, 9746377146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Tuesday, March 12, 2013

ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ

 ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ
‘സ്വകാര്യ ക്വോട്ടയില്‍ സര്‍ക്കാര്‍ നേരിട്ട്
ഹാജിമാരെ തെരഞ്ഞെടുക്കണം’
ന്യൂദല്‍ഹി: സ്വകാര്യ ഹജ്ജ് ക്വോട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജമാഅത്തെ ഇസ്ലാമി  സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹജ്ജ് കേസില്‍ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും ജമാഅത്ത് മുന്‍കൈ എടുത്ത് സ്ഥാപിച്ച കേരള മുസ്ലിം സര്‍വീസ് ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ക്വോട്ട ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് വീതംവെക്കുന്നതിന് പകരം സബ്സിഡിയോടെയുള്ളതെന്നും അല്ലാത്തതെന്നും രണ്ടായി തരം തിരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്ന നറുക്കെടുപ്പില്‍ മൂന്നു ലക്ഷത്തോളം ഹാജിമാര്‍ നിലവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സബ്സിഡി ഇല്ലാത്ത യാത്രക്കാരെയുംഹജ്ജ് കമ്മിറ്റിക്ക് ഇതുപോലെ  തെരഞ്ഞെടുക്കാവുന്നതാണ്. സബ്സിഡിയില്ലാതെ പോകാന്‍ തയാറുള്ളവരില്‍നിന്ന് ഹജ്ജ് കമ്മിറ്റി നേരിട്ട് അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കണം.  ഇവരുടെ വിസ സ്റ്റാമ്പിങ് അടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ക്വോട്ടയിലെന്ന പോലെ ചെയ്യാന്‍ കഴിയും. സൗദിയിലെ താമസമടക്കം അതിനുശേഷം വരുന്ന കാര്യങ്ങളില്‍ മാത്രമേ സ്വകാര്യ ഓപറേറ്റര്‍മാരുടെ സേവനം തേടേണ്ടതുള്ളൂ എന്ന് അപേക്ഷ ബോധിപ്പിച്ചു.  ഹജ്ജ് യാത്രയുടെ നിരക്ക് കുത്തനെ താഴാന്‍ ഇത് കാരണമാകും. വന്‍കിടക്കാരുടെ കുത്തക ഇല്ലാതാക്കാനും പുതിയ ഹാജിമാരുടെ അവസരം നഷ്ടപ്പെടുത്തി  ഒരേ വ്യക്തി വീണ്ടും വീണ്ടും ഹജ്ജിന് പോകുന്നത് തടയാനും ഇത് വഴി കഴിയും. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. 
കര്‍ക്കശമായ വ്യവസ്ഥകളിലൂടെ ഇത്തരം സംഘങ്ങളെ തെരഞ്ഞടുക്കാന്‍ സര്‍ക്കാറിന് കഴിയും. ജനുവരി 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലാഭേച്ഛയില്ലാത്ത സന്നദ്ധസംഘടനകളുടെ കാര്യം പരിശോധിക്കാന്‍ പറഞ്ഞിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍,  ഇക്കാര്യം മന്ത്രാലയം പരിഗണിച്ചതേയില്ല. ചില വന്‍കിട കുത്തകകള്‍ക്കുവേണ്ടിയാണ് സര്‍ക്കാറിന്‍െറ നയമെന്ന് വ്യാപകമായ വിമര്‍ശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ തന്നെ സ്വന്തം  സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്ന് ഹരജി ബോധിപ്പിച്ചു. കോടതിയില്‍നിന്ന് നിരന്തരം നിര്‍ദേശമുണ്ടായിട്ടും ഹാജിമാര്‍ക്ക് അനുഗുണമായ തരത്തില്‍ നയം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.  പുതിയ ഓപറേറ്റര്‍മാര്‍ക്ക് കടന്നുവരാന്‍ പുതിയ കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഒരു കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം തടയാന്‍ കഴിയില്ളെന്നും സേവനദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും  ജമാഅത്ത് ബോധിപ്പിച്ചു.  ഒരു കോടി വിറ്റുവരവുള്ളവരും സേവന നികുതി കൊടുക്കുന്നവരും മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പറയുന്നതും കുത്തകകള്‍ക്ക് വേണ്ടിയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നികുതി വേണ്ടതില്ളെന്ന് 2009ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതിന് തെളിവായി ഹാജരാക്കിയിട്ടുണ്ട്.  ഹാജിമാര്‍ പഞ്ചനക്ഷത്ര സൗകര്യം ആവശ്യപ്പെടുന്നുണ്ടെന്ന വിദേശമന്ത്രാലയത്തിന്‍െറ  അവകാശവാദം ശരിയല്ളെന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ളെന്നും ഹരജിയിലുണ്ട്. ഇപ്പോഴുള്ള പട്ടിക അടിസ്ഥാനമാക്കി അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്വകാര്യ ഹജ്ജ് ക്വോട്ട അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ ഭവനങ്ങള്‍ കൈമാറി

 

 
 
 കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ 
ഭവനങ്ങള്‍ കൈമാറി
കണ്ണൂര്‍:  ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് സമ്പന്നന്‍െറ മൂലധനത്തില്‍ അവകാശം നിര്‍ണയിക്കുന്ന ഇസ്ലാമിലെ സകാത്ത് വ്യവസ്ഥയുടെ ഉദാത്തമായ മാതൃക കണ്ണൂരില്‍ സഫലീകൃതമായി.  കണ്ണൂര്‍ ബൈത്തുസകാത്ത് പണിതീര്‍ത്ത ഭവനങ്ങള്‍  നിര്‍ധനര്‍ക്ക് കൈമാറി.  ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ ഏറ്റവും ബൃഹത്തായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കാരുണ്യ ഹസ്തവുമാണെന്ന്  ചടങ്ങില്‍  സംസാരിച്ചവര്‍ പ്രകീര്‍ത്തിച്ചു. 
ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വരുമാനത്തിന്‍െറ ഒരുഭാഗം മാറ്റിവെക്കുന്നത് ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു. കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ വീടുകളുടെ താക്കോല്‍ദാനത്തോടുബന്ധിച്ച് സംഘടിപ്പിച്ച  സക്കാത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശുദ്ധ ഖുര്‍ആന്‍െറ കല്‍പന പ്രയോഗവത്കരിക്കുന്നത് ഏറെ ആഹ്ളാദകരമാണ്. മനുഷ്യസ്നേഹമുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാവുമെന്നാണ് അനുഭവം. നന്മ ചെയ്യുമ്പോള്‍ സ്വര്‍ഗത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. ഏതൊരു പദ്ധതിക്ക് രൂപം നല്‍കുമ്പോഴും ദരിദ്രരുടെ മുഖമാണ് നമ്മുടെ മനസ്സില്‍ വേണ്ടതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഇതിലൂടെ അല്ലാഹുവിന്‍െറ മാര്‍ഗം പിന്‍പറ്റുകയാണ് ഗാന്ധിജി ചെയ്തതെന്നും സരള പറഞ്ഞു.
ബൈത്തുസകാത്ത് രണ്ടാംഘട്ടമായി നിര്‍മിച്ച് നല്‍കുന്ന ആറ് വീടുകളുടെ താക്കോല്‍ ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.
 സമ്പത്തിന്‍െറ കേന്ദ്രീകരണം അത് നിര്‍വീര്യമാക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് പുനരുല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ അത് വികേന്ദ്രീകരിക്കപ്പെടണം. മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള കേരളത്തില്‍ സകാത്ത് വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം നടത്തിയാല്‍ ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അടിസ്ഥാന വിഭാഗത്തിന്‍െറ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ബൈത്തുസകാത്ത് പ്രസിഡന്‍റ് ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അല്‍താഫ് മാങ്ങാടന്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീറിന് നല്‍കി സപ്ളിമെന്‍റ് പ്രകാശനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.പി. ഹമീദ് ഹാജി, കെ.എസ്. മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി. മൂസ സ്വാഗതവും എം. അഹമ്മദ് പാഷ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സകാത്തും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമ്പത്ത് ധനികരില്‍ മാത്രമായി കുന്നുകൂടുന്നത് ഒഴിവാക്കാനാണ് സംഘടിത സകാത്ത് വിതരണം ചെയ്യാന്‍ പ്രവാചക കല്‍പനയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്‍െറ ആരംഭകാലം മുതല്‍ക്കുതന്നെ സമ്പത്തിന്‍െറ വിതരണവും ഉണ്ടായിരുന്നു. അതിന്‍െറ ശാസ്ത്രീയ രൂപമാണ് ഇപ്പോള്‍ നടക്കുന്ന സംഘടിത സകാത്ത്. അന്തിയുറങ്ങാന്‍ പോലും ഇടമില്ലാത്ത മനുഷ്യരുള്ള ഇക്കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെ സമൂഹം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി വിഷയാവതരണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.പി.ഷമീം, ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
കെ.പി. അബ്ദുല്‍ അസീസ് സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.